കൺവൻഷനുമുന്നേ അടി തുടങ്ങി ; ബിജെപിയിൽ അങ്കലാപ്പ്

തൃശൂർ : ‘ടീം വികസിത കേരളം’ എന്ന പേരിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ പങ്കെടുക്കുന്ന ആദ്യ ജില്ലാ കൺവൻഷൻ തൃശൂരിൽ തിങ്കളാഴ്‌ച നടക്കാനിരിക്കെ നടന്ന പരസ്യ ഗ്രൂപ്പ് പോരിൽ നേതൃത്വത്തിന് അങ്കലാപ്പ്. കൺവൻഷന് മുന്നോടിയായി നടന്ന ബിജെപി തൃശൂർ സിറ്റി ജില്ലാ കമ്മിറ്റിയുടെ ആദ്യയോഗം കെ സുരേന്ദ്രന്റെ വിശ്വസ്‌തനും മുൻ ജില്ലാ പ്രസിഡന്റുമായ കെ കെ അനീഷ്‌കുമാറിനെ അനുകൂലിക്കുന്ന വിഭാഗം ബഹിഷ്‌കരിച്ചു. ഇക്കാര്യം ജില്ലാ പ്രസിഡന്റ് സംസ്ഥാന നേതാക്കളെ അറിയിച്ചു. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെയുള്ള നേതാക്കൾ അമർഷം അറിയിച്ചതായാണ് സൂചന.
നിലവിലെ ജില്ലാ കമ്മിറ്റി മൂന്നാക്കിയുള്ള പുനഃസംഘടനയിലെ ചേരിപ്പോരാണ് സിറ്റി ജില്ലാ കമ്മിറ്റി യോഗത്തിൽ പ്രകടമായത്. സിറ്റി ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് അനീഷും എ നാഗേഷും രംഗത്തുണ്ടായിരുന്നു. തർക്കത്തിനൊടുവിൽ ന്യൂനപക്ഷ പരിഗണനയിൽ ജസ്റ്റിൻ ജേക്കബിനെ തെരഞ്ഞെടുത്തു. എന്നാൽ കൊടകര കുഴൽപ്പണക്കടത്തിലുൾപ്പെടെ പങ്കുള്ളതായി പൊലീസ് കണ്ടെത്തിയവരെ ജില്ലാ ഭാരവാഹികളാക്കുന്നതിനെ ജസ്‌റ്റിൻ എതിർത്തു. അനീഷ് സമ്മർദം ചെലുത്തി കെ ആർ ഹരിയെ ജനറൽ സെക്രട്ടറിയായും സുജയ് സേനനെ വൈസ് പ്രസിഡന്റായും ഉൾപ്പെടുത്തി. ഇതിൽ പ്രതിഷേധിച്ച് ജസ്‌റ്റിനും തന്റെ ഇഷ്ടക്കാരെ തിരുകിക്കയറ്റി.
ജില്ലാ ഭാരവാഹികളുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് പുതുക്കാട് മണ്ഡലം ഭാരവാഹികൾ രാജി ഭീഷണി മുഴക്കിയിട്ടുണ്ട്. അനീഷ്‌കുമാറിനെതിരെ രംഗത്തുള്ള ശോഭാ സുരേന്ദ്രനുമായി കൈകോർത്താണ് ജസ്‌റ്റിന്റെ പുതിയ നീക്കം. അനീഷ്‌കുമാർ പ്രസിഡന്റായിരിക്കെ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ ശോഭാ സുരേന്ദ്രനെ പത്രസമ്മേളനം നടത്താൻ അനുവദിക്കാറില്ല. ജസ്‌റ്റിൻ ജില്ലാ പ്രസിഡന്റായതോടെ ശോഭയെ ഓഫീസിൽ സ്വീകരിച്ചു. പത്രസമ്മേളനത്തിനും വേദിയൊരുക്കി. ബി ഗോപാലകൃഷ്ണനെയും എ നാഗേഷ് വിഭാഗത്തേയും ഒതുക്കിയാണ് പുനഃസംഘടന നടത്തിയത്. അനീഷിനെതിരായ നീക്കം മുതലെടുക്കാൻ ഈ വിഭാഗങ്ങൾ രംഗത്തെത്തി.
രാജീവ് ചന്ദ്രശേഖർ പങ്കെടുക്കുന്ന ജില്ലാ കൺവൻഷനുകൾ തിങ്കളാഴ്ച ആരംഭിക്കും. തൃശൂർ ലുലു കൺവൻഷൻ സെന്ററിലാണ് സംസ്ഥാനത്തെ ആദ്യ കൺവൻഷൻ.








0 comments