print edition തദ്ദേശ തെരഞ്ഞെടുപ്പിൽ കള്ളവോട്ട് ചേർത്ത് ബിജെപി

പ്രത്യേക ലേഖകൻ
Published on Nov 09, 2025, 01:34 AM | 1 min read
തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർപ്പട്ടികയിൽ പേര് ചേർക്കാനുള്ള അവസാന അവസരത്തിൽ തിരുവനന്തപുരം നഗരത്തിൽ 1500ലേറെ വോട്ട് ബിജെപി വ്യാജമായി ചേർത്തെന്ന് ആക്ഷേപം. ബിജെപിക്ക് സ്വാധീനമുള്ള ചില ഫ്ലാറ്റും പാർടി തന്നെ എടുത്ത വീടുകളും കേന്ദ്രീകരിച്ചാണ് തിരിമറി. വ്യാജ തിരിച്ചറിയൽ രേഖ ഉപയോഗിച്ചാണ് തട്ടിപ്പ്. വോട്ടർപ്പട്ടികയിൽ പേര് ചേർക്കാൻ നവംബർ നാലിനും അഞ്ചിനും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ അവസരം നൽകിയിരുന്നു. ഇതാണ് ബിജെപി ദുരുപയോഗിച്ചത്.
ബിജെപിയിലെ ആഭ്യന്തരക്കുഴപ്പം രൂക്ഷമാവുകയും കോർപറേഷനിൽ പ്രതിപക്ഷത്തിരിക്കുന്ന ബിജെപി കൗൺസിലർമാർ അഴിമതിക്കേസിൽ പെടുകയും ചെയ്‌തതോടെ നിലവിൽ വിജയിച്ച വാർഡുകളടക്കം നഷ്‌ടപ്പെടുമെന്ന ഭീതിയിലാണ്. കൗൺസിലർ തിരുമല അനിലിന്റെ ആത്മഹത്യയും ബിജെപി അണികളെ മാറിച്ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു. ഇൗ സാഹചര്യത്തിലാണ് കള്ളവോട്ടിലൂടെ ജയിക്കാനുള്ള കുതന്ത്രം.
വാർഡ് മാറ്റുന്നതിനും തിരുത്തൽ വരുത്തുന്നതിനുമടക്കം സംസ്ഥാനത്താകെ മൂന്ന് ലക്ഷം അപേക്ഷയാണ് ലഭിച്ചത്. ഈ അപേക്ഷകളുടെ പരിശോധന പുരോഗമിക്കുകയാണ്.
13ന് പൂർത്തിയാകും.14ന് വോട്ടർപ്പട്ടിക പ്രസിദ്ധീകരിക്കും. ഏതെങ്കിലും രാഷ്‌ട്രീയ കക്ഷികൾ കൂട്ടത്തോടെ വോട്ട് ചേർത്തതായി ആരോപണം ഉയരുകയോ പരാതി ലഭിക്കുകയോ ചെയ്‌താൽ പരിശോധിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. അന്തിമ പരിശോധനയിൽ ഇത്തരം വ്യാജ വോട്ടുകളെല്ലാം നീക്കി സുതാര്യമായ വോട്ടർപ്പട്ടികയേ പുറത്തിറക്കാവൂ എന്ന് സിപിഐ എം ഉൾപ്പെടെ പാർടികൾ ആവശ്യപ്പെട്ടിട്ടുണ്ട്.









0 comments