ad
Deshabhimani

print edition വഴിയരികിലെ കാർ ഉടമയറിയാതെ ആക്രിവിലയ്ക്ക് വിറ്റു; 2 പേർ പിടിയിൽ

Roadside Car robbery

വട്ടംകുളത്ത് റോഡരികിൽ വർഷങ്ങളായി നിർത്തിയിട്ട കാർ. ഈ കാറാണ് ഉടമ അറിയാതെ ആക്രി കടക്കാരന് വിൽക്കാൻ ശ്രമിച്ചത്

വെബ് ഡെസ്ക്

Published on Jun 03, 2026, 12:00 AM | 1 min read

എടപ്പാൾ: ​വഴിയരികില്‍ ഇട്ടിരുന്ന കാര്‍ ഉടമ അറിയാതെ ആക്രിവിലയ്ക്ക് വിറ്റ യുവാവും ആക്രിക്കടക്കാരനും പിടിയിൽ. വിൽപ്പന നടത്തിയ തൃത്താല പട്ടിത്തറ സ്വദേശി മുഹമ്മദ് റിസ്‌വാൻ (21), ആക്രിക്കടക്കാരൻ പട്ടാമ്പി മരുതൂർ സ്വദേശി അബൂബക്കർ സിദ്ദീഖ് (21) എന്നിവരെയാണ് ചങ്ങരംകുളം പൊലീസ്‌ അറസ്റ്റുചെയ്‌തത്‌. ഇവരെ പൊന്നാനി കോടതി റിമാൻഡ് ചെയ്തു.


ഞായർ വൈകിട്ട് 6.30ഓടെ വട്ടംകുളം സെന്ററിൽ നീലിയാട് റോഡിലാണ് സംഭവം. കാര്‍ തന്റേതാണെന്ന് റിസ്‌വാൻ തെറ്റിദ്ധരിപ്പിച്ചാണ്‌ ഉടമ അറിയാതെ വാഹനം ആക്രിക്കച്ചവടക്കാരനായ അബുബക്കർ സിദ്ദീഖിന് വിറ്റത്. വട്ടംകുളം സ്വദേശി വെളുത്തേടത്ത് പറമ്പിൽ സിദ്ദീഖ് പരീച്ചിയുടെ ഉടമസ്ഥതയിലുള്ള കാറാണിത്.


ലോറിയും മണ്ണുമാന്തി യന്ത്രവുമായി എത്തിയ സംഘം ജെസിബി ഉപയോഗിച്ച് കാര്‍ ലോറിയില്‍ കയറ്റാന്‍ ശ്രമിക്കുമ്പോഴാണ് വീട്ടുകാര്‍ കാണുന്നത്. ഉടമ തടഞ്ഞുനിർത്തി വിവരമറിയിച്ചതനുസരിച്ച് ചങ്ങരംകുളം പൊലീസെത്തി ഇവരെ പിടികൂടുകയായിരുന്നു.

കാറിന് കേടുപാട് വന്നതിനെ തുടർന്ന് 20 വർഷമായി കാർ ഷെഡ്ഡിലായിരുന്നു.


ആറുവർഷം മുമ്പാണ് വീടിന്‌ മുൻവശത്തുള്ള റോഡ് ഓരത്തേക്ക് മാറ്റിയിട്ടത്. ഇതാണ് കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ഫ്രഞ്ച് കമ്പനിയുടെ പഴയ മോഡലിലുള്ള പോഷോ കാറാണിത്. ഇത് നന്നാക്കിയെടുക്കാനായി പട്ടാമ്പിയിലെ വർക്ക്ഷോപ്പിൽ മുൻകൂറായി പണംകൊടുത്ത് അടുത്ത ആഴ്ച വർക്ക്ഷോപ്പിലേക്ക് കൊണ്ടുപോകാനിരിക്കുന്നതിനിടെയാണ് കാർ തട്ടിക്കൊണ്ടുപോകാൻ ശ്രമമുണ്ടായതെന്ന് ഉടമ സിദ്ദീഖ് പരീച്ചി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home