"മന്ത്രിയുടെ കള്ളംപൊളിച്ച് ‘ബിർണാണി' താരം ശങ്കു: "ഇത്രേയുള്ളൂ, ഞാൻ രാധാമണി ചേച്ചീടെ കൊച്ചുമോനല്ല''


സ്വന്തം ലേഖകൻ
Published on Jun 01, 2026, 05:23 AM | 1 min read
ആലപ്പുഴ
: ഏത് മന്ത്രിയായാലും കൊള്ളാം, അമ്മൂമ്മയെ മാറ്റിപ്പറഞ്ഞാൽ വിട്ടുകൊടുക്കില്ലെന്ന വാശിയിലാണ് അങ്കണവാടിയിൽ ‘ബിർണാണി വിപ്ലവ’ത്തിന് തുടക്കമിട്ട ശങ്കു എന്ന ത്രിജൽ എസ് സുന്ദർ. മന്ത്രി ബിന്ദു കൃഷ്‌ണ ആരും വിശ്വസിക്കുംവിധം അവതരിപ്പിച്ച പെരുംനുണ ഒറ്റ വീഡിയോയിൽ പൊളിച്ചടുക്കിയ അഞ്ചുവയസ്സുകാരൻ ഇപ്പോൾ താരമാണ്.
‘കൊല്ലം ചവറയിലെ മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി രാധാമണി ചേച്ചിയുടെ കൊച്ചുമോനാണ് ബിരിയാണി ചോദിച്ച കുട്ടി’ എന്നാണ് മന്ത്രി ബിന്ദു കൃഷ്‌ണ പറഞ്ഞത്. ഇതിന് പിന്നാലെ മന്ത്രിയെ തിരുത്തി ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ശങ്കുവിന്റെ വീഡിയോ.
‘ഗയ്‌സ്... പുതിയ മന്ത്രി ആന്റി പറഞ്ഞു ഞാൻ രാധാമണി ചേച്ചിയുടെ കൊച്ചുമോനാന്ന്. ഞാൻ രാധാമണി ചേച്ചിയുടെ ഒന്നും കൊച്ചുമോനല്ല. എന്റെ അപ്പാമ്മേടെ പേര് ഓമന. എന്റെ അമ്മാമ്മേടെ പേര് റീന തങ്കപ്പൻ. ഇത്രേ ഉള്ളൂ കാര്യം.’
രാധമണിച്ചേച്ചിയുടെ കൊച്ചുമകൻ എവിടെയെന്ന് ബന്ധുക്കളും അയൽവാസികളും ചോദിച്ചുതുടങ്ങിയതോടെയാണ് ശങ്കുവും അമ്മ അശ്വതിയുംചേർന്ന് വീഡിയോ ചിത്രീകരിച്ചത്. ശങ്കുവിന്റെ മറുപടി ഇതുവരെ 32 ലക്ഷത്തോളം പേരാണ് കണ്ടത്.
മുന്പ് അങ്കണവാടിയിൽ ഉപ്പുമാവിന് പകരം ‘ബിർണാണിം പൊരിച്ച കോഴിയും’ ചോദിച്ച ശങ്കുവിന്റെ വീഡിയോ കണ്ട് അന്നത്തെ മന്ത്രി വീണാ ജോർജ് ഇടപെട്ട് ഭക്ഷണമെനു പുതുക്കി. അങ്കണവാടികൾക്ക് അനുവദിച്ച പണവും പോഷകബാല്യം പദ്ധതിയിൽ ലഭിക്കുന്ന മുട്ടയും ഉപയോഗിച്ച് ഭക്ഷണം തയ്യാറാക്കാനാണ് നിർദേശിച്ചത്.
ജീവനക്കാർ അധികബാധ്യത ഏറ്റെടുക്കേണ്ടതില്ലെന്നും വ്യക്തമാക്കി.
മികച്ചരീതിയിൽ പദ്ധതി മുന്നോട്ടുപോകുമ്പോഴാണ് ജീവനക്കാരെ ബുദ്ധിമുട്ടിക്കുകയാണെന്ന വാദവുമായി മന്ത്രി ബിന്ദു കൃഷ്‌ണയെത്തിയത്. പൊരുതിനേടിയ ബിരിയാണി അടക്കമുള്ളവ പുതിയ അധ്യയനവർഷം മുടങ്ങുമോയെന്ന ആശങ്കയിലാണ് ശങ്കു.










0 comments