കിളിക്കുഞ്ഞുങ്ങൾ പറക്കമുറ്റട്ടെ ; വീടുപണി പിന്നെ

കാസർകോട് പാണത്തൂർ പള്ളിക്കാലിലെ ചാപ്പക്കാൽ കുഞ്ഞഹമ്മദിന്റെ വീട്ടിലെ സ്വിച്ച് ബോർഡിലുണ്ടാക്കിയ കൂട്ടിൽ കിളിക്കുഞ്ഞുങ്ങൾ
എ കെ രാജേന്ദ്രന്‍
Published on Feb 21, 2025, 03:23 AM | 1 min read
പാണത്തൂർ (കാസർകോട്) : നിർമാണത്തിലുള്ള പാണത്തൂർ പള്ളിക്കാലിലെ ചാപ്പക്കാൽ കുഞ്ഞഹമ്മദിന്റെ വീട്ടിൽ മൂന്ന് കുഞ്ഞതിഥികളുണ്ട്. വീടിന്റെ സ്വിച്ച് ബോർഡിൽ ഉണ്ടാക്കിയ കൂട്ടിനുള്ളിലെ കിളിക്കുഞ്ഞുങ്ങൾ. അവരുടെ അതിജീവനത്തിനായി വീടുപണി തൽക്കാലം നിർത്തിവച്ചിരിക്കുകയാണ് കുഞ്ഞഹമ്മദും കുടുംബവും. വീട്ടുകാരുടെ സ്‌നേഹച്ചൂടിലേക്ക് ചിറകൊതുക്കി കിളിക്കുഞ്ഞുങ്ങളും.
വ്യാഴം രാവിലെ വയറിങ്ങിനെത്തിയ തൊഴിലാളികളാണ് സ്വിച്ച് ബോർഡിൽ ഇരട്ടത്തലച്ചി ഇനത്തിലെ പക്ഷിയുടെ കൂട് കണ്ടത്. കൂട്ടിൽ പറക്കമുറ്റാത്ത കുഞ്ഞുങ്ങളെ കണ്ടതോടെ വീട്ടുടമ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. ഉദ്യോഗസ്ഥരായ റെജി, വിനീത്, പ്രവീൺ, പ്രകാശൻ എന്നിവർ പരിശോധനയ്‌ക്കെത്തി. കൂട് മാറ്റാൻ പറ്റില്ലെന്നായിരുന്നു അവരുടെ നിഗമനം. കുഞ്ഞുങ്ങൾ പറക്കുന്നതുവരെ കിളിക്കൂട് സംരക്ഷിക്കണം. ഇതോടെയാണ് കുഞ്ഞഹമ്മദ് വീടുപണി മാറ്റിവച്ചത്. കിളിക്കുഞ്ഞുങ്ങൾ പറക്കാറായശേഷമേ വയറിങ് ജോലി പുനരാരംഭിക്കൂ.










0 comments