Deshabhimani

പക്ഷിപ്പനി പരിശോധന ലാബ് സ്ഥാപിക്കാൻ കേന്ദ്രത്തിന് 26 കോടിയുടെ പദ്ധതി സമർപ്പിച്ചു: ജെ ചിഞ്ചുറാണി

chinju rani
വെബ് ഡെസ്ക്

Published on Feb 06, 2025, 07:19 PM | 1 min read

ആലപ്പുഴ: പാലോട് പക്ഷിപ്പനി പരിശോധന ലാബ് സ്ഥാപിക്കുന്നതിന് കേന്ദ്ര സർക്കാരിന് 26 കോടി രൂപയുടെ പദ്ധതി സമർപ്പിച്ചതായി മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി.


കോഴി, താറാവ്, കാട കർഷകർക്കുള്ള പക്ഷിപ്പനി നഷ്ടപരിഹാര വിതരണത്തിന്റെ ഉദ്ഘാടനം ചുങ്കം കയർ മെഷീനറി നിർമാണ കമ്പനി ഹാളിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പലവിധ പ്രതിസന്ധികൾ നേരിട്ട ക്ഷീരകർഷകർക്ക്‌ എല്ലാവിധ സഹായവും പിന്തുണയും നൽകാൻ മൃഗസംരക്ഷണ വകുപ്പിന് സാധിച്ചെന്നും മന്ത്രി പറഞ്ഞു.


2024 ഏപ്രിൽ മേയ്, ജൂൺ, ജൂലൈ മാസങ്ങളിൽ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ വിവിധ പഞ്ചായത്തുകളിൽ പക്ഷിപ്പനി സ്ഥിരീകരിക്കുകയും തുടർന്ന് ധാരാളം പക്ഷികൾ ചാവുകയും രോഗപ്രതിരോധ നടപടികളുടെ ഭാഗമായി പക്ഷികളെ ദയാവധം നടത്തുകയും ചെയ്തിരുന്നു. ഇതുമൂലം ജീവനോപാധികൾ നഷ്ടപ്പെട്ട കർഷകർക്കുള്ള ധനസഹായ വിതരണത്തിന്റെ ഉദ്ഘാടനമാണ് മന്ത്രി നിർവഹിച്ചത്. കോട്ടയം ജില്ലയിലെ ഔസേഫ് മാത്യു പുത്തൻപുരയ്ക്കൽ എന്ന കർഷകന് 27,38,200 രൂപ മന്ത്രി ചടങ്ങിൽ ആദ്യം വിതരണം ചെയ്തു.


2024 ഏപ്രിൽ മുതൽ 2024 ജൂലൈ വരെ പക്ഷിപ്പനിബാധ മൂലം കോഴി,കാട, താറാവ് എന്നിവ നഷ്ടമായ കർഷകർക്ക് നഷ്ടപരിഹാരമായി 3.06 കോടി രൂപയാണ് നൽകുന്നത്. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ഉൾപ്പെടെ 1123 കർഷകാരാണ് നഷ്ടപരിഹാരത്തിന് അർഹരായവർ. പരിപാടിയോടനുബന്ധിച്ച് നടന്ന ജന്തുക്ഷേമ വാരാചരണ സെമിനാറിൽ ഡോ. വൈശാഖ് മോഹൻ, ഡോ. എസ് സൂരജ് എന്നിവർ ക്ലാസ്സുകൾ നയിച്ചു. പി പി ചിത്തരഞ്ജൻ എംഎൽഎ അധ്യക്ഷനായി.



deshabhimani section

Related News

0 comments
Sort by

Home