ad
Deshabhimani

യുഡിഎഫ് ബജറ്റ് ‘എലിയെ പ്രസവിച്ച മല’: കോർപ്പറേറ്റുകൾക്ക് മുന്നിൽ സർക്കാർ മുട്ടുകുത്തിയെന്ന് ബിനോയ് വിശ്വം

binoy viswam
വെബ് ഡെസ്ക്

Published on Jun 19, 2026, 05:01 PM | 1 min read

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് എലിയെ പ്രസവിച്ച മലയായി മാറിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വിസ്മയഭരിതമായ ഒരു ബജറ്റ് വന്നിരിക്കുകയാണെന്ന് വരുത്തിത്തീർക്കാനും, വലിയ കാര്യങ്ങൾ ഇതിലുണ്ടെന്ന വ്യാജപ്രതീതി ജനങ്ങളിൽ ഉണ്ടാക്കാനുമാണ് യുഡിഎഫ് സർക്കാർ ശ്രമിച്ചതെന്നും അദ്ദേഹം വിമർശിച്ചു.


പാവപ്പെട്ട തൊഴിലാളികളെയും സാധാരണക്കാരെയും പൂർണ്ണമായി കബളിപ്പിക്കുന്ന ബജറ്റാണിത്. പൊതുമേഖലയെ തഴഞ്ഞ് സ്വകാര്യവത്ക്കരണത്തിന് വലിയ പ്രാധാന്യമാണ് ഈ ബജറ്റ് നൽകിയിരിക്കുന്നത്.


സ്വകാര്യ നിക്ഷേപങ്ങളെ പൂർണ്ണമായി തള്ളിക്കളയണമെന്നല്ല തങ്ങൾ പറയുന്നത്, പക്ഷേ മുൻഗണന ആർക്കായിരിക്കണം എന്നത് സർക്കാർ വ്യക്തമാക്കണമായിരുന്നു. ഈ ബജറ്റിലൂടെ കോർപ്പറേറ്റുകൾക്ക് മുന്നിൽ യുഡിഎഫ് സർക്കാർ പൂർണ്ണമായി മുട്ടുകുത്തിയിരിക്കുകയാണെന്ന് ബിനോയ് വിശ്വം പറഞ്ഞു.


ഭൂമിയുടെ കാര്യത്തിൽ ബജറ്റിൽ ഒളിഞ്ഞിരിക്കുന്നത് വലിയ ആപത്താണ്. പല ന്യായങ്ങൾ നിരത്തി ഭൂമിയിൽ അന്യായമായ ക്രയവിക്രയങ്ങൾക്ക് സർക്കാർ തന്നെ നേതൃത്വം നൽകുന്നത് സംസ്ഥാനത്തെ വലിയ പ്രതിസന്ധിയിലേക്ക് നയിക്കും.


ബജറ്റിലെ 'മിഷൻ സമുദ്ര' പദ്ധതി യഥാർത്ഥത്തിൽ കടൽക്കൊള്ളയ്ക്ക് വേണ്ടിയുള്ളതാണെന്നും അദ്ദേഹം പരിഹസിച്ചു. കേരളത്തിൽ അഞ്ചുകൊല്ലം കൂടുമ്പോൾ കൃത്യമായി സർക്കാർ ജീവനക്കാരുടെ ശമ്പളപരിഷ്കരണം നടപ്പാക്കുന്നത് ഒരു നയമാണ്.


മുൻപ് വന്ന എല്ലാ സർക്കാരുകളും അത് കൃത്യമായി പിന്തുടർന്നിട്ടുമുണ്ട്. എന്നാൽ ഈ പുതിയ ബജറ്റിൽ ശമ്പളപരിഷ്കരണത്തെക്കുറിച്ച് യാതൊരു മിണ്ടാട്ടവുമില്ല. പ്രകടനപത്രികയിലെ വലിയ വാഗ്ദാനങ്ങളെല്ലാം മറന്ന ഈ ബജറ്റ് ജനങ്ങൾക്ക് നൽകുന്നത് വെറും വഞ്ചനയാണെന്നും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home