യുഎഇയിൽ വൻ ലഹരിവിതരണശൃംഖല തകർത്തു; നിരവധി പേർ പിടിയിൽ

ദുബായ് : യുഎഇയിൽ ലഹരിമരുന്നുകൾ വിതരണം ചെയ്യാനുള്ള സംഘടിത നീക്കം ദേശീയ മയക്കുമരുന്ന് വിരുദ്ധ അതോറിറ്റി തടഞ്ഞതായി അധികൃതർ. ഓപ്പറേഷനിൽ നിരവധി പ്രതികളെ അറസ്റ്റ് ചെയ്യുകയും വൻതോതിൽ ലഹരിമരുന്ന് പിടിച്ചെടുക്കുകയും ചെയ്‌തു. റാസൽഖൈമ പൊലീസ് ഉൾപ്പെടെയുള്ള വിവിധ സുരക്ഷാ ഏജൻസികളുമായി ചേർന്നായിരുന്നു നടപടി.
എമിറേറ്റിലെ രഹസ്യകേന്ദ്രത്തിൽ ലഹരിമരുന്ന് ഒളിപ്പിച്ചിട്ടുണ്ടെന്ന വിവരത്തെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. പ്രത്യേക അന്വേഷകസംഘം നടത്തിയ പരിശോധനയിൽ ലഹരിമരുന്ന് കടത്താൻ ശ്രമിക്കുന്നതിനിടെ രണ്ടുപേരെ അറസ്റ്റു ചെയ്തു. തുടർന്നുള്ള അന്വേഷണത്തിൽ രാജ്യത്തിന് പുറത്തുള്ള പ്രധാന സൂത്രധാരന്റെ നിർദേശപ്രകാരമാണ് പ്രതികൾ പ്രവർത്തിച്ചതെന്ന് കണ്ടെത്തി. നിരീക്ഷണവും അന്വേഷണവും ശക്തമാക്കിയതോടെ യുഎഇയിൽ ലഹരിമരുന്ന് വിതരണവുമായി ബന്ധപ്പെട്ടിരുന്ന 11 പേരെകൂടി അറസ്റ്റുചെയ്തു.
ദുബായ്, അബുദാബി, അജ്‌മാൻ എന്നിവിടങ്ങളിൽ നടത്തിയ തുടർപരിശോധനകളിൽ 10 പേർകൂടി പിടിയിലായി. കൂടുതൽ ലഹരിമരുന്നും പിടിച്ചെടുത്തു. മറ്റൊരു രഹസ്യ സംഭരണകേന്ദ്രത്തിൽനിന്ന് വൻതോതിൽ കഞ്ചാവ്, ഹാഷിഷ് ഓയിൽ, കൃത്രിമ കാനബിനോയ്ഡ് വിഭാഗത്തിൽപ്പെടുന്ന ലഹരിവസ്തുക്കൾ എന്നിവയും സുരക്ഷാസേന കണ്ടെത്തി. അറസ്റ്റിലായ പ്രതികളെയും പിടിച്ചെടുത്ത ലഹരി വസ്‌തുക്കളും നിയമനടപടികൾക്കും ശാസ്‌ത്രീയ പരിശോധനകൾക്കുമായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറിയതായി സുരക്ഷാസേന അറിയിച്ചു.









0 comments