ad
Deshabhimani

നീറ്റ് പുനഃപരീക്ഷ: ഇൻഡോറിൽ യുവതി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു; മാനസിക സമ്മർദത്തിലായിരുന്നുവെന്ന് സഹോദരി

New born

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jun 19, 2026, 06:03 PM | 2 min read

ഇൻഡോർ: നീറ്റ് പുനഃപരീക്ഷ എഴുതാനിരുന്ന വിദ്യാർഥി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു. മധ്യപ്രദേശിലെ ഇൻഡോറിൽ വ്യാഴാഴ്ച രാത്രി 11.30-ഓടെയാണ് സംഭവം. കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ടെറസിൽ നിന്നാണ് പെൺകുട്ടി വീണത്. വെള്ളിയാഴ്ച ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് 20 വയസ്സുകാരി മരിച്ചത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.


മധ്യപ്രദേശിലെ ധാർ സ്വദേശിയായ മെഡിക്കൽ ഓഫീസറുടെ മകളായ പെൺകുട്ടി ഇൻഡോറിൽ സഹോദരിക്കൊപ്പമാണ് താമസിച്ച് പഠിച്ചിരുന്നത്. മുൻപ് മൂന്ന് തവണ പരീക്ഷ എഴുതിയിട്ടും യോഗ്യത നേടാനാകാത്തതിനാൽ പെൺകുട്ടി കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു. എന്നാൽ ഇത്തവണ പരീക്ഷ പാസ്സാകുമെന്ന് ഉറപ്പുണ്ടായിരുന്നു. അതിനിടെയാണ് രാജ്യത്തെ 22.7 ലക്ഷം വിദ്യാർഥികൾ എഴുതിയ പരീക്ഷ മെയ് 12-ന് കേന്ദ്ര ഏജൻസികൾ റദ്ദാക്കിയത്. പരീക്ഷയ്ക്ക് രണ്ട് ദിവസം മുൻപ് തന്നെ ചോദ്യപേപ്പറുകൾ പലരുടെയും ഫോണുകളിൽ ലഭ്യമായിരുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഇത്. പരീക്ഷ റദ്ദാക്കിയതോടെ പെൺകുട്ടി വലിയ നിരാശയിലായെന്ന് സഹോദരി പറഞ്ഞു.


ഡോക്ടറാകുക എന്ന ലക്ഷ്യം ഉപേക്ഷിക്കരുതെന്ന് കരുതി ഫാർമസി കോഴ്സിന് ചേർത്തുവെങ്കിലും കുട്ടി കടുത്ത വിഷാദത്തിലായിരുന്നു. കഴിഞ്ഞ ജനുവരിയിലും പെൺകുട്ടി ആത്മഹത്യാശ്രമം നടത്തിയിരുന്നതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. അപകടം നടക്കുന്ന സമയത്ത് പെൺകുട്ടി ഫോണിൽ സംസാരിക്കുകയായിരുന്നുവെന്നും ഫോൺ കസ്റ്റഡിയിലെടുത്ത് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും പൊലീസ് ഓഫീസർ സന്തോഷ് ദുധി വ്യക്തമാക്കി.


ചോദ്യപേപ്പർ ചോർച്ചയെ തുടർന്നുള്ള പരീക്ഷാ റദ്ദാക്കലിന് പിന്നാലെ രാജ്യത്ത് നീറ്റ് ഉദ്യോഗാർത്ഥികളുടെ മരണങ്ങൾ തുടരുകയാണ്. നീറ്റ് പരീക്ഷ റദ്ദാക്കിയതിനും വീണ്ടും പരീക്ഷ നടത്തുന്നതിനും ഇടയിലുള്ള ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ മാത്രം പത്തിലധികം വിദ്യാർത്ഥികളാണ് കടുത്ത മാനസിക സമ്മർദ്ദം മൂലം ജീവനൊടുക്കിയത്.


കഴിഞ്ഞ ദിവസങ്ങളിൽ തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ 19 കാരിയായ അനു കീർത്തന ഉൾപ്പെടെ രണ്ട് വിദ്യാർഥിനികളും, ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ 23 വയസ്സുകാരിയും, രാജസ്ഥാനിലെ സികാറിൽ 22 കാരനായ വിദ്യാർഥിയും മരിച്ചിരുന്നു. ഇതിന് പുറമെ അഹമ്മദാബാദിൽ 17 കാരനായ കഹാൻ പട്ടേലും ഡൽഹിയിലും ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിലും സമാനമായ രീതിയിൽ വിദ്യാർഥികൾ ജീവനൊടുക്കി. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഇൻഡോറിലും ദാരുണമായ മരണം ഉണ്ടായിരിക്കുന്നത്.


ചോദ്യപേപ്പര്‍ ചോര്‍ച്ചയെത്തുടര്‍ന്നുള്ള സംഭവവികാസങ്ങളില്‍ രാജ്യമൊട്ടാകെ പ്രതിഷേധം അലയടിക്കുകയാണ്. പരീക്ഷാ നടത്തിപ്പിലെ അനാസ്ഥയ്ക്കെതിരെയും കേന്ദ്ര സർക്കാരിന്റെ നിലപാടുകൾക്കെതിരെയും വിദ്യാർഥി സംഘടനകളും പ്രതിപക്ഷ പാർടികളും ശക്തമായ പ്രക്ഷോഭം തുടരുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home