വിശ്വാസത്തിൽ നിന്ന് ഭൗതികവാദത്തിലേക്ക്; തന്റെ വഴി വായനയുടേതെന്ന് ബിനോയ് വിശ്വം

തിരുവനന്തപുരം: കുട്ടിക്കാലത്തെ ഈശ്വരവിശ്വാസത്തിൽ നിന്ന് കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിലേക്കും ഭൗതികവാദത്തിലേക്കും തന്നെ നയിച്ചത് വായനയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ 'വായനയുടെ രാഷ്ട്രീയം, രാഷ്ട്രീയത്തിന്റെ വായന' എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമ്മൂമ്മയുടെ കൂടെ ഇരുന്ന് നാമം ജപിക്കുകയും ക്ഷേത്രദർശനം നടത്തുകയും ചെയ്തിരുന്ന താൻ ഏഴാം ക്ലാസ്സോടെയാണ് ചിന്തകളിൽ മാറ്റം വരുത്തിയതെന്ന് അദ്ദേഹം ഓർത്തെടുത്തു. വായനയാണ് പുതിയ ലോകത്തെക്കുറിച്ചും അറിവുകളെക്കുറിച്ചും ചിന്തിക്കാൻ സഹായിച്ചത്.
ഞാനൊരു ഭൗതികവാദിയാണെന്ന് പറയാൻ മടിയില്ല. വിശ്വാസിയല്ലെങ്കിലും വിശ്വാസികളെ ഒരിക്കലും ശത്രുക്കളായി കണ്ടിട്ടില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. തന്റെ രാഷ്ട്രീയ ബോധം രൂപപ്പെടുന്നതിൽ പിതാവ് സി.കെ. വിശ്വനാഥന്റെ ത്യാഗപൂർണ്ണമായ ജീവിതം വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
മർദ്ദനങ്ങളും ഒളിജീവിതവും സഹിച്ച് അദ്ദേഹം ഉയർത്തിപ്പിടിച്ച 'ശരി'കൾക്കൊപ്പം നിൽക്കണമെന്ന തോന്നലാണ് തന്നെ കമ്മ്യൂണിസ്റ്റാക്കിയത്. നിലപാടുകളിൽ ഉറച്ചുനിൽക്കാനുള്ള ധൈര്യം ധാർമ്മികമായ ബലമാണെന്നും അതിൽ വെള്ളം ചേർക്കാൻ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്നത്തെ രാഷ്ട്രീയത്തിലെ മൂല്യച്യുതിക്ക് കാരണം രാഷ്ട്രീയ പ്രവർത്തകരെ രാഷ്ട്രീയക്കാർ കീഴ്പ്പെടുത്തിയതാണെന്ന് അദ്ദേഹം വിമർശിച്ചു. താനൊരു രാഷ്ട്രീയക്കാരനല്ല, രാഷ്ട്രീയ പ്രവർത്തകനാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, കേന്ദ്ര അധികാരം ചരിത്രത്തെ വളച്ചൊടിക്കുകയാണെന്നും വായനയുടെ രാഷ്ട്രീയത്തെ ബോധപൂർവ്വം മാറ്റുകയാണെന്നും കൂട്ടിച്ചേർത്തു. മാധ്യമപ്രവർത്തക ആര്യ പി. നായർ ചർച്ച നിയന്ത്രിച്ചു.










0 comments