റഷ്യയിൽ തൃശൂർ സ്വദേശിയുടെ മരണം ; കുടുക്കിയത് റഷ്യയിലെ മലയാളി ഏജന്റ്

അജീഷ് കർക്കിടകത്ത്
Published on Jan 15, 2025, 12:56 AM | 2 min read
വടക്കാഞ്ചേരി
ബിനിലിനേയും ജയിനിനേയും റഷ്യൻ പട്ടാളത്തിൽ അകപ്പെടുത്തിയത് റഷ്യയിൽ റിക്രൂട്ട്‌മെന്റ് ഏജൻസി നടത്തുന്ന എറണാകുളം സ്വദേശി സന്ദീപ്.
ഇരുവർക്കും ജയിനിന്റെ ബന്ധുവായ തയ്യൂർ സ്വദേശി മുഖേന പോളണ്ടിൽ പ്ലംബർ ജോലി വാഗ്‌ദാനം ചെയ്‌തത് ഇയാളാണ്. ഇതുപ്രകാരം 2024 ജനുവരിയിലാണ് ഇരുവരും 1,40,000 രൂപ വീതം നൽകിയത്. എന്നാൽ ഏപ്രിലിൽ ഇവർക്ക് വിസ വന്നത് റഷ്യയിലേക്കാണ്. റഷ്യയിലേക്ക് പോകാൻ താൽപ്പര്യമില്ലെന്ന് ഇടനിലക്കാരനായ തയ്യിൽ സ്വദേശിയായ ബന്ധുവിനെ അറിയിച്ചു. തൊഴിൽ തട്ടിപ്പിൽ ഇരയായെന്ന് തിരിച്ചറിഞ്ഞെങ്കിലും കൊടുത്ത പണം നഷ്ടപ്പെടാതിരിക്കാൻ മറ്റു വഴികളില്ലാതെ അയാളുടെ നിർദേശപ്രകാരം റഷ്യയിലേക്ക് പോകുകയായിരുന്നു. ഇത്തരത്തിലാണ് ഇവർ മനുഷ്യക്കടത്തിന് ഇരയായത്.
റഷ്യയിൽ പട്ടാളത്തിൽ ഒരു വർഷത്തിലധികമായി ഓഫീസ് ജോലിക്കാരനാണ് ബന്ധുവെന്ന് റഷ്യയിലെത്തിയപ്പോൾ മാത്രമാണ് ഇവർ തിരിച്ചറിഞ്ഞത്. ഇയാൾ റഷ്യൻ പട്ടാളത്തിലേക്ക് ആളുകളെ എത്തിച്ചു കൊടുക്കുന്ന സന്ദീപിനായി പ്രവർത്തിക്കുകയാണ്. സന്ദീപാണ് ഇരുവരേയും മോസ്‌കോ വിമാനത്താവളത്തിൽനിന്ന് സ്വീകരിച്ചത്. ശേഷം ഇരുവരേയും റഷ്യൻ പട്ടാളത്തിന് കൈമാറി. പട്ടാളക്യാമ്പിൽ ടെക്നിക്കൽ ജോലികൾ ചെയ്താൽ മതിയെന്ന് പറഞ്ഞാണ് ഇരുവരേയും ഇയാൾ യാത്രയാക്കിയത്. എന്നാൽ ഇവർ എട്ട് മാസം പട്ടാളക്യാമ്പിൽ അകപ്പെട്ടു. പലപ്പോഴും റഷ്യ–- ഉക്രയ്‌ൻ യുദ്ധ ഭൂമിയിലേക്കും ഇവർക്ക് പോകേണ്ടി വന്നു. ഇവർക്ക് സമാനമായി നിരവധി പേരെയും ഏജന്റ് റഷ്യയിലേക്ക് വ്യാജ വാഗ്‌ദാനം നൽകി കടത്തിയിട്ടുണ്ട്.
ബിനിലിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി
റഷ്യൻ സൈന്യത്തിനൊപ്പം പ്രവർത്തിച്ച തൃശൂർ കുട്ടനെല്ലൂർ സ്വദേശി കരുണ ലെയ്‌നിൽ ബിനിൽ (32) മരിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചെന്ന് നോർക്ക അറിയിച്ചു. ബിനിലിന്റെ ബന്ധുവും തൃശൂർ സ്വദേശിയുമായ ജയിൻ കുര്യൻ (27) പരിക്കേറ്റ് മോസ്കോയിലെ ആശുപത്രിയിൽ ചികിത്സയിലാണെന്നും സ്ഥിരീകരിച്ചു.
ബിനിലിന്റെ മൃതദേഹം ഉടൻ നാട്ടിലെത്തിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശാനുസരണം വിദേശകാര്യമന്ത്രാലയവും ഇന്ത്യൻ എംബസിയും നടപടി സ്വീകരിച്ചതായും നോർക്ക സിഇഒ അജിത് കോളശേരി അറിയിച്ചു.
ഷെല്ലാക്രമത്തിൽ ബിനിൽ കൊല്ലപ്പെട്ടെന്നും ജയിൻ കുര്യന് പരിക്കേറ്റെന്നും ചൊവ്വാഴ്ച വാർത്തവന്നിരുന്നു. ഇവർക്കൊപ്പം യുദ്ധമുഖത്തുണ്ടായിരുന്ന തൃശൂർ സ്വദേശി സന്ദീപ് ചന്ദ്രൻ (36) കഴിഞ്ഞ സെപ്തംബറിൽ കൊല്ലപ്പെട്ടിരുന്നു. ബിനിലിനെയും ജയിനെയും നാട്ടിലെത്തിക്കാൻ കേന്ദ്ര വിദേശമന്ത്രാലയവുമായി ബന്ധപ്പെട്ട് ശ്രമം നടത്തുന്നതിനിടയിലാണ് ദാരുണസംഭവമെന്നും അജിത് കോളശേരി അറിയിച്ചു.










0 comments