മകനല്ല, വാഹനമോടിച്ചത് കെഎസ്‍യു- യൂത്ത് കോൺഗ്രസ് പ്രവർത്തകരെന്ന് ബിന്ദു കൃഷ്ണ

ബിന്ദു കൃഷ്ണ (ഇടത്), കായിക താരങ്ങളെ ഇടിച്ച കാർ പൊലീസ് പരിശോധിക്കുന്നു (വലത്)
കൊല്ലം: കൊല്ലത്ത് കായികതാരങ്ങൾക്ക് മേൽ പാഞ്ഞുകയറി അപകടമുണ്ടാക്കിയ കാറിൽ സഞ്ചരിച്ചത് കെഎസ്‍യു- യൂത്ത് കോൺഗ്രസ് പ്രവർത്തകർ തന്നെയെന്ന് യുഡിഎഫ് സ്ഥാനാർഥി ബിന്ദു കൃഷ്‌ണ. കൊട്ടിക്കലാശം കഴിഞ്ഞ് പോകുമ്പോഴായിരുന്നു അപകടം. തന്റെ മകൻ വാഹനത്തിലുണ്ടായിരുന്നില്ലെന്നും ബിന്ദു കൃഷ്ണ മാധ്യമങ്ങളോട് പറഞ്ഞു.
ബിന്ദു കൃഷ്ണയുടെ മകൻ കെ കെ ശ്രീകൃഷ്ണയുടെ പേരിലുള്ള കെഎൽ16ആർ2935 നമ്പർ ആൾട്ടോ കാറാണ് അപകടത്തിൽപ്പെട്ടത്. വള്ളിക്കീഴ് ഗവ. സ്കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ഥിനികളായ രാമൻകുളങ്ങര സ്വദേശി ധനലക്ഷ്മി (14), വള്ളിക്കീഴ് സ്വദേശി ചിഞ്ചുലക്ഷ്മി (14) എന്നിവർക്കാണ് പരിക്കേറ്റത്. ധനലക്ഷ്മിയുടെ കാലിനും കൈയ്ക്കും പൊട്ടലുണ്ട്. ആന്തരിക രക്തശ്രാവത്തെത്തുടർന്ന് ചിഞ്ചുലക്ഷ്മിയെ മേവറത്തെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു.
ചൊവ്വ വൈകിട്ട് 6.15ന് ആശ്രാമം ലിങ്ക് റോഡിൽ കെഎസ്ആർടിസി ഡിപ്പോയ്ക്ക് സമീപത്താണ് അപകടം. ആശ്രാമം ഹോക്കി സ്റ്റേഡിയത്തിലെ ഹോക്കി ക്യാമ്പിൽ പങ്കെടുത്തശേഷം രക്ഷിതാക്കൾക്കൊപ്പം നടപ്പാതയിലൂടെ നടന്നുപോകുകയായിരുന്നു വിദ്യാർഥിനികൾ. ഇൗ സമയം അമിതവേഗത്തിലെത്തിയ കാർ നിയന്ത്രണംവിട്ട് ഒരടിയിലധികം ഉയരമുള്ള നടപ്പാതയിലേക്കു കയറി വിദ്യാർഥികളെ ഇടിച്ചുതെറിപ്പിച്ചു. അപകടത്തിൽ ചിഞ്ചുലക്ഷ്മി കായലിലേക്ക് വീണു. ധനലക്ഷ്മി നടപ്പാതയിലെ കമ്പിയിൽ കുടുങ്ങി. നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് കുട്ടികളെ രക്ഷിച്ച് ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ഗുരുതരാവസ്ഥയിലായതിനാൽ ഇരുവരെയും മേവറത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
താലൂക്ക് കച്ചേരി ജങ്‌ഷൻ മുതൽ കാർ അമിത വേഗത്തിലായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. മുന്നിൽ ബൈക്കിൽ പോകുകയായിരുന്ന തങ്ങൾ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്ന് ആകാശ്, എൽസ എന്നിവർ പറഞ്ഞു. കാറിൽനിന്ന് കെഎസ്‌യുവിന്റെയും കോൺഗ്രസിന്റെയും കൊടികളും ബിന്ദു കൃഷ്ണയുടെ പോസ്റ്ററും കണ്ടെത്തി. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായി തകർന്നു.
അപകടത്തെ തുടർന്ന് കാറുമായി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ നാട്ടുകാർ തടഞ്ഞ് പൊലീസിൽ അറിയിക്കുകയുമായിരുന്നു. കാറിലുണ്ടായിരുന്ന കൊല്ലം ലോ കോളേജ് മൂന്നാംവർഷ വിദ്യാർഥി ദേവാനന്ദനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാറിലുണ്ടായിരുന്ന മറ്റു രണ്ടുപേർ ഓടിരക്ഷപ്പെട്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞു.










0 comments