print edition ഭൂട്ടാൻ കാർകടത്ത്: ഡൽഹി സ്വദേശിക്കായി അന്വേഷണം

കൊച്ചി
ഭൂട്ടാൻ കാർ കടത്ത് കേസിൽ ഡൽഹി സ്വദേശിയെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇടപ്പള്ളി സൗത്ത് വില്ലേജിലുള്ള മുഹമ്മദ് യഹിയയുടെ പരാതിയിൽ സെൻട്രൽ പൊലീസാണ് ഡൽഹി സ്വദേശി രോഹിത് ബേദിക്കെതിരെ കേസെടുത്തത്. ഇയാളെ വൈകാതെ ചോദ്യം ചെയ്യും.
കേസിന്റെ ഭാഗമായി കസ്‌റ്റംസിൽനിന്ന് വിവരങ്ങൾ ശേഖരിക്കും. കഴിഞ്ഞദിവസമാണ് ഭൂട്ടാനിൽനിന്നുള്ള കാർ കടത്തിൽ സംസ്ഥാനത്തെ ആദ്യ പൊലീസ് കേസ് രജിസ്‌റ്റർ ചെയ്‌തത്. രോഹിത് കൂടുതൽ വാഹനങ്ങൾ കേരളത്തിൽ വിറ്റിട്ടുണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് പൊലീസ്.
ഭൂട്ടാനിലെ ഇന്ത്യൻ എംബസിയിൽ ഉപയോഗിച്ചിരുന്ന ടൊയോട്ട ലാൻഡ് ക്രൂയീസറെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ മുഹമ്മദ് യഹിയക്ക് 14 ലക്ഷം രൂപക്ക് വിറ്റത്. ഭൂട്ടാനിൽനിന്ന് വാഹനം നിയമവിരുദ്ധമായി ഇറക്കുമതി ചെയ്യുകയായിരുന്നു. കഴിഞ്ഞ സെപ്‌തംബറിൽ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം രാജ്യവ്യാപകമായി ‘നുംഖോർ' എന്ന പേരിൽ ഇത്തരം കാറുകൾ കണ്ടെത്താൻ പരിശോധന നടത്തിയിരുന്നു. ഇൗ പരിശോധനയിലാണ് ഷിംലയിൽ എത്തിച്ച് വ്യാജ രജിസ്‌ട്രേഷൻ നടത്തിയ കാറാണിതെന്ന് മുഹമ്മദ് യഹിയക്ക് മനസ്സിലായത്.
സംസ്ഥാനത്ത് 200 വാഹനങ്ങൾ വിറ്റെന്നായിരുന്നു കസ്‌റ്റംസ് കണ്ടെത്തൽ. എന്നാൽ, 49 എണ്ണം മാത്രമെ കണ്ടെത്താനായുള്ളൂ. കേന്ദ്രസർക്കാർ സംവിധാനങ്ങൾ കണ്ണടച്ചതാണ് ഇത്തരം വാഹനങ്ങൾ നിർബാധം ഇന്ത്യയിലേക്ക് കടത്താൻ സഹായകമായത്.
ഭൂട്ടാനിൽനിന്ന് കൊണ്ടുവരുന്ന വാഹനം അതിർത്തിയിലെ റോഡ് സുരക്ഷ–സേനാ പരിശോധനകൾ വളരെവേഗം മറികടന്നാണ് ഇന്ത്യയിലേക്ക് എത്തിക്കുന്നത്. ഇവിടെ എത്തിച്ചശേഷം ഇന്ത്യൻ എംബസിയുടെ വ്യാജസീലും രേഖകളും ഉണ്ടാക്കിയാണ് വിവിധ സംസ്ഥാനങ്ങളിൽ രജിസ്‌റ്റർ ചെയ്യുന്നത്.











0 comments