ഭൂട്ടാൻ വാഹനക്കടത്ത്: സംസ്ഥാനത്ത് ആദ്യ കേസ് കൊച്ചിയിൽ

കൊച്ചി: ഭൂട്ടാനിൽനിന്നുള്ള വാഹനങ്ങളുടെ അനധികൃത കടത്തിൽ സംസ്ഥാനത്ത് ആദ്യ കേസ് കൊച്ചിയിൽ രജിസ്റ്റർ ചെയ്തു. കൊച്ചി സ്വദേശി മുഹമ്മദ് യഹ്യയുടെ പരാതിയിൽ കൊച്ചി സെൻട്രൽ പൊലീസാണ് കേസെടുത്തത്. ഇന്ത്യൻ എംബസിയുടെ വാഹനമെന്ന് വിശ്വസിപ്പിച്ച് ഭൂട്ടാനിൽ നിന്ന് കൊണ്ടുവന്ന ലാൻഡ് ക്രൂയിസർ നൽകി പണം തട്ടിയെന്നാണ് കേസ്. ഡൽഹി സ്വദേശി രോഹിത് ബേദിക്കെതിരേയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
14 ലക്ഷം രൂപയ്ക്കാണ് മുഹമ്മദ് യഹ്യ ലാൻഡ് ക്രൂയിസർ വാങ്ങിയത്. നേരത്തെ കസ്റ്റംസ് നടത്തിയ പരിശോധനയിൽ മുഹമ്മദ് യഹ്യയുടെ വാഹനം കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. തുടർന്നാണ് ഇയാൾ പരാതി നൽകിയത്. കസ്റ്റംസിന്റെ കൊച്ചി ഓഫിസ് ഭൂട്ടാൻ വാഹനക്കടത്തുമായി ബന്ധപ്പെട്ട് നടപടികൾ തുടങ്ങിയശേഷം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇ ഡി) അന്വേഷണം തുടങ്ങിയിരുന്നു. ഭൂട്ടാനിൽനിന്ന് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് വ്യാജരേഖ ചമച്ചും നികുതിവെട്ടിച്ചും ആയിരത്തോളം ആഡംബര വാഹനം കടത്തിയെന്ന നിഗമനത്തിൽ കസ്‌റ്റംസ്. വിദേശ ആഡംബര വാഹനങ്ങൾ ഭൂട്ടാനിൽ ഇറക്കുമതി ചെയ്യുമ്പോൾ ചില ഇളവുകളുണ്ട്. അതുകൊണ്ട് വാഹനങ്ങൾ ഭൂട്ടാനിൽ വ്യാജ മേൽവിലാസം ഉണ്ടാക്കി രജിസ്റ്റർ ചെയ്യും. തുടർന്നാണ് അതിർത്തി കടത്തുന്നത്. കരസേന, ഇന്ത്യൻ എംബസി എന്നിവയുടെ വ്യാജരേഖ ഉണ്ടാക്കി ഹിമാചൽ, അരുണാചൽ, യുപി സംസ്ഥാനങ്ങളിലാണ് രജിസ്റ്റർ ചെയ്യുന്നത്. അവിടെനിന്ന് ഇന്ത്യയിലെ പല ഭാഗങ്ങളിലേക്കെത്തിക്കുന്നതാണ് രീതി.
കേരളത്തിൽ നൂറ്റന്പതോളം വാഹനങ്ങൾ എത്തിയിട്ടുണ്ടെന്നാണ് കസ്‌റ്റംസ് പറയുന്നത്. ഇതുവരെ പിടിച്ചെടുത്തത് 38 എണ്ണമാണ്. കടത്തിക്കൊണ്ടുവരുന്ന വാഹനം ഇന്ത്യയിൽ 30 ശതമാനം വില കൂട്ടിയാണ് വിൽക്കുന്നത്. അപ്പോഴും, വാങ്ങുന്നവർക്ക് വാഹനവിലയിലും ഇറക്കുമതിത്തീരുവയിലും ലക്ഷങ്ങളുടെ ലാഭമുണ്ട്. ലാൻഡ് ക്രൂയിസർ, ലാൻഡ് റോവർ, നിസാൻ പട്രോൾ, ഡിഫൻഡർ, ടൊയോട്ട പ്രാഡോ തുടങ്ങി എട്ടുതരം എസ്‍യുവികളാണ് കേരളത്തിലെത്തിച്ചത്.











0 comments