ad
Deshabhimani

ബേപ്പൂർ ഇനി അന്താരാഷ്ട്ര മാതൃകാ ഉത്തരവാദിത്ത ടൂറിസം കേന്ദ്രം

beypore tourism
വെബ് ഡെസ്ക്

Published on Feb 08, 2026, 07:34 AM | 2 min read

കോഴിക്കോട് : ബേപ്പൂരിനെ അന്താരാഷ്ട്ര മാതൃകാ ഉത്തരവാദിത്ത ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. ടൂറിസം ജനങ്ങൾക്ക് വേണ്ടിയാണെന്ന നയമാണ് സർക്കാറിനുള്ളതെന്നും ടൂറിസത്തിലൂടെ അതത് പ്രദേശത്തെ ജനങ്ങളുടെ വരുമാനം വർധിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.


ആസൂത്രിത ജനകീയ ടൂറിസം സാധ്യമാക്കുന്നതിലൂടെ കരകൗശല ഉൽപന്നങ്ങൾ, ഭക്ഷണം, പരമ്പരാഗത വ്യവസായ മേഖല എന്നിവക്ക് പ്രാധാന്യം ലഭിക്കുന്നുണ്ട്. ഇതിലൂടെ ഏറ്റവും സാധാരണ ജനവിഭാഗങ്ങൾക്ക് ടൂറിസത്തിന്റെ ഗുണം ലഭിക്കുന്നു. ഉത്തരവാദിത്ത ടൂറിസത്തിന്റെ ഭാഗമായി 112 യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ടെന്നും ഇതിൽ പലർക്കും സർക്കാർ സാമ്പത്തിക സഹായം ലഭ്യമാക്കിയെന്നും മന്ത്രി അറിയിച്ചു. കടലുണ്ടിയിലെ കയർ നിർമാണശാലയും ഖാദി സെന്ററും ഉൾപ്പെടുത്തി 'ഇഴകൾ' എന്ന പദ്ധതിയിലൂടെ ഫണ്ട് ലഭ്യമാക്കി ഈ മേഖലകളിലെ തൊഴിലാളികളെ ചേർത്തുനിർത്താനായി. ബേപ്പൂർ സമഗ്ര ഉത്തരവാദിത്ത ടൂറിസം പദ്ധതിയിലൂടെ ബേപ്പൂരിന്റെ ചരിത്രവും സംസ്‌കാരവും ജനജീവിതവും ലോകത്തിനു മുന്നിൽ തുറന്നിടുകയാണെന്നും മന്ത്രി പറഞ്ഞു.

രണ്ട് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിന്റെ ആദ്യദിനത്തിൽ ഉത്തരവാദിത്ത ടൂറിസവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടന്നു. ഇന്ത്യയിലും വിദേശത്തുമുള്ള 20 പ്രഭാഷകർ ഉൾപ്പെടെ 150 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. കോൺഫറൻസിന്റെ ഭാഗമായി പദ്ധതി പ്രദേശത്തെ ആർ.ടി യൂണിറ്റ് സന്ദർശനങ്ങളും എക്സ്പീരിയൻസ് ടൂറിസം പാക്കേജുകളും ഒരുക്കിയിട്ടുണ്ട്. ബേപ്പൂരിനെ സ്ത്രീ സൗഹൃദ അന്താരാഷ്ട്ര ഉത്തരവാദിത്ത ടൂറിസം ഡെസ്റ്റിനേഷനാക്കി മാറ്റുക എന്ന ലക്ഷ്യവും സമ്മേളനത്തിലൂടെ പ്രാവർത്തികമാക്കും. ടൂറിസം ക്ലബ് അംഗങ്ങൾ, കേരള റെസ്പോൺസിബിൾ ടൂറിസം മിഷൻ സൊസൈറ്റിയുടെ വുമൺ ഫ്രണ്ട്‌ലി നെറ്റ്‌വർക്ക് അംഗങ്ങൾ, ആർ.ടി യൂണിറ്റുകൾ, സ്റ്റോറി ടെല്ലർമാർ, കമ്യൂണിറ്റി ടൂർ ഗൈഡുകൾ എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.


പുത്തൻ വികസന ആശയങ്ങൾ പങ്കുവെച്ച് ആഗോള ഉത്തരവാദിത്ത ടൂറിസം മീറ്റ്


പുത്തൻ വികസന ആശയങ്ങൾ പങ്കുവെച്ച് ബേപ്പൂർ ആഗോള ഉത്തരവാദിത്ത ടൂറിസം മീറ്റ്. ആദ്യ ദിനം വിവിധ വിഷയങ്ങളിൽ സെമിനാറുകളും സാംസ്‌കാരിക പരിപാടികളും നടന്നു. ഐസിആർടി ഗ്ലോബൽ ഡയറക്ടർ മനീഷ പാണ്ഡെയുടെ നേതൃത്വത്തിൽ 'ഉത്തരവാദിത്ത ടൂറിസം വഴിയുള്ള സുസ്ഥിര ടൂറിസം' വിഷയത്തിൽ തുറന്ന ചർച്ച നടന്നു. ചർച്ചയിൽ ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ, കേരള റെസ്‌പോൺസിബിൾ ടൂറിസം മിഷൻ സൊസൈറ്റി സിഇഒ കെ രൂപേഷ് കുമാർ, വെസ്‌റ്റേൺ സിഡ്‌നി യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസർ ജോസഫ് എം ചീർ, എഴുത്തുകാരൻ ഫിലിപ്പ ജെയ്ൻ കെയി തുടങ്ങിയവർ പങ്കെടുത്തു.


കാലാവസ്ഥ വ്യതിയാനം ടൂറിസത്തെ എങ്ങനെ പ്രതികൂലമായി ബാധിക്കുന്നു എന്ന വിഷയത്തിലും സമഗ്ര ചർച്ച നടന്നു. കെടിഐഎൽ എംഡി ഡോ. മനോജ് കുമാർ കിനി നയിച്ച ചർച്ചയിൽ കാലാവസ്ഥാ വ്യതിയാനം ടൂറിസം മേഖലകളിൽ സൃഷ്ടിക്കുന്ന ദുരിതങ്ങളും അവ മറികടക്കാൻ സാധ്യമാകുന്ന മാർഗങ്ങളും നിർദേശിച്ചു.


ബേപ്പൂരിന്റെ ടൂറിസം സാധ്യതകൾ ഉൾപ്പെടുത്തി ബേപ്പൂർ മാതൃക: ഇൻക്ലൂസീവ് ടൂറിസം നടപ്പാക്കാനുള്ള വഴികൾ എന്ന വിഷയത്തിൽ പ്രത്യേക അവതരണ സെഷൻ നടന്നു. ബേപ്പൂർ മേഖലയിൽ എല്ലാവർക്കും ഒരേ വിധത്തിൽ ആസ്വാദ്യമായ ടൂറിസം വികസിപ്പിക്കാൻ അനുയോജ്യമായ മാർഗങ്ങൾ, നയങ്ങൾ, പദ്ധതികൾ എന്നിവ വിശദീകരിച്ചു.


രണ്ടാം ദിനം മലബാർ മറീന കൺവെൻഷൻ സെന്ററിൽ വിവിധ രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുക്കുന്ന ഉത്തരവാദിത്ത ടൂറിസം പ്രസന്റേഷൻ, കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം വിജയ കഥകൾ പരിചയപ്പെടുത്തൽ, സ്ത്രീ സൗഹൃദ ടൂറിസം, ഇൻക്ലൂസീവ് ടൂറിസവും സുസ്ഥിര വികസനവും വിഷയങ്ങളിൽ സെമിനാറുകൾ എന്നിവ നടക്കും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home