print edition 'ഇതാണ് നേട്ടങ്ങളുടെ പടികയറിയ എന്റെ സ്‌കൂൾ'

ബെന്യാമിൻ മാതൃവിദ്യാലയമായ മാന്തുക ഗവ. യുപി സ്‌കൂളിൽ ഫോട്ടോ/ ജയകൃഷ്‌ണൻ ഓമല്ലൂർ
ആർ രാജേഷ്
Published on Apr 02, 2026, 12:01 AM | 1 min read
പത്തനംതിട്ട: ‘സംസ്ഥാന സർക്കാർ എങ്ങനെയാണ് സാധാരണക്കാർക്കായി നിലകൊള്ളുന്നത് എന്നതിന്റെ മികച്ച ഉദാഹരണമാണ് നൂറു വർഷങ്ങൾക്കിപ്പുറം മികവോടെ നിലനിൽകുന്ന എന്റെ സ്വന്തം മാന്തുക ഗവ. യുപി സ്‌കൂൾ. ഓടിട്ട കെട്ടിടം, കുമ്മായം ഇളകിയ അരഭിത്തി തിരിച്ച ക്ലാസ്‌മുറികൾ, സിമന്റ് പാകിയ പൊട്ടിപ്പൊളിഞ്ഞ തറകൾ, ഒടിഞ്ഞതും തല്ലിക്കൂട്ടിയതുമായ ബെഞ്ചുകൾ ഇതൊക്കെയായിരുന്നു ഒരുകാലത്ത് ഇൗ സ്‌കൂൾ. കഴിഞ്ഞ പത്തുവർഷം, സ്‌കൂൾ നേട്ടങ്ങളുടെ പടികയറുന്നതാണ് കണ്ടത്. ഗൃഹാതുര സ്‌മരണകളിലേക്കും കൊണ്ടുപോകുന്ന ആ കാഴ്‌ച അഭിമാനത്തിന്റെ മുഹൂർത്തങ്ങളാണ് സമ്മാനിക്കുന്നത്’– ബെന്യാമിന്റെ വാക്കുകൾക്ക് നന്ദിയുടെ ചേരുവ.
സ്‌കൂളിന്റെ ഇൗ മാറ്റത്തിന് കിഫ്‌ബിയിൽനിന്ന് ഒരുകോടി രൂപയാണ് ലഭിച്ചത്. എസ്‌എസ്‌കെയും നൽകി 10 ലക്ഷം. ടൈൽപാകിയ സ്‌മാർട്ട് ക്ലാസ്‌മുറികൾ, ടോയ്‌ലെറ്റ് ബ്ലോക്ക്, ക്രിയേറ്റീവ് കോർണർ ഉൾപ്പെടെ ആധുനിക സൗകര്യങ്ങളെല്ലാം ഇന്ന് ഞങ്ങളുടെ സ്‌കൂളിനും സ്വന്തമാണ്. മാന്തുക ഗവ. യുപി സ്‌കൂളിലായിരുന്നു ഏഴാം ക്ലാസുവരെ എന്റെ പഠനം. ഒരുഘട്ടത്തിൽ പൂട്ടിപ്പോകേണ്ടി വരുമായിരുന്ന അനേകം വിദ്യാലയങ്ങളിൽ ഒന്നായിരുന്നിത്. കെടുകാര്യസ്ഥതയും നിലവാരത്തകർച്ചയും മൂലം വിദ്യാർഥികൾ കൊഴിഞ്ഞുപോകുന്ന അവസ്ഥയുണ്ടായി. ഇവിടെയും സ്ഥിതി വ്യത്യസ്‌തമായിരുന്നില്ല. എന്നാൽ സംസ്ഥാന സർക്കാരിന്റെ ഉറച്ച നിലപാട് ഒന്നുകൊണ്ട് മാത്രമാണ് സ്‌കൂൾ പുനർജനിച്ചത്. ഇത് ഒരു സ്‌കൂളിന്റെ മാത്രം കഥയല്ല, പത്തനംതിട്ട ജില്ലയിലെ, അല്ല കേരളത്തിലെ അനേകം വിദ്യാലയങ്ങളുടെ അനുഭവമാണ്– ബെന്യാമിൻ പറഞ്ഞു.










0 comments