print edition ആദിത്യന് കണ്ണീരോടെ വിടയേകി നാട്

ആദിത്യന്റെ മൃതദേഹം നാട്ടിലെത്തിച്ചപ്പോൾ പൊട്ടിക്കരയുന്ന ബന്ധുക്കൾ

സ്വന്തം ലേഖകൻ
Published on May 03, 2026, 12:01 AM | 1 min read
തിരുവനന്തപുരം : ബംഗളൂരു ബിടിഎൽ നഴ്‌സിങ് കോളേജ് ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച രണ്ടാംവർഷ വിദ്യാർഥി അരുവിക്കര സ്വദേശി ആദിത്യന് (19) നാട് കണ്ണീരോടെ വിടയേകി. ആദിത്യന്റെ പാണ്ടിയോട് വീട്ടിലെ അസൗകര്യംകാരണം മാതൃഗൃഹമായ അരുവിക്കര കളത്തുകാൽ നന്ദനത്തിലാണ് പൊതുദർശനത്തിനുവച്ചത്.
ബംഗളൂരുവിൽനിന്ന് വെള്ളി രാവിലെ 9.30ഓടെ മൃതദേഹമെത്തിച്ചു. ആദിത്യന്റെ ചേതനയറ്റ ശരീരം കണ്ട് അമ്മ അശ്വതിക്കും അനുജത്തി കൃഷ്ണയ്‌ക്കും കരച്ചിലടക്കാനായില്ല. കുടുംബാംഗങ്ങളും അയൽവാസികളും കൂട്ടക്കരച്ചിലായി. പ്രിയപ്പെട്ടവന് അന്ത്യോപചാരമർപ്പിക്കാൻ സ്‌കൂൾകാലത്തെ സഹപാഠികളും നാട്ടുകാരുമുൾപ്പെടെ നൂറുകണക്കിന് ആളുകൾ ഒഴുകിയെത്തി. 12.30ഓടെ പാണ്ടിയോട് കുന്നിൽ വീട്ടിലായിരുന്നു സംസ്കാരം. സ്വകാര്യ ബാങ്ക് 10 വർഷം മുന്പ് ജപ്തി ചെയ്ത വീടാണിത്. പിന്നീട് പണമടച്ച് തിരിച്ചെടുക്കുകയായിരുന്നു.
അച്ഛൻ പ്രദീപും ഏതാനും ബന്ധുക്കളും ബംഗളൂരുവിലെത്തിയാണ് മൃതദേഹം ഏറ്റുവാങ്ങിയത്. ആശുപത്രിയിലോ പൊലീസ് സ്റ്റേഷനിലോ സഹായത്തിനുപോലും കോളേജ് അധികൃതർ എത്തിയിരുന്നില്ല. അപകടം സംഭവിച്ചതായി കോളേജിൽനിന്ന് അറിയിച്ചതിനെ തുടർന്ന് പ്രദീപും ബന്ധുക്കളും ബംഗളൂരുവിൽ എത്തിയപ്പോഴാണ് മകന്റെ മരണവാർത്ത കോളേജ് അധികൃതർ അറിയിച്ചത്. ജി സ്റ്റീഫൻ എംഎൽഎ ഉൾപ്പെടെ സാമൂഹിക–സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരടക്കം നൂറുകണക്കിനാളുകൾ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി.











0 comments