ബംഗളൂരുവിലെ അപകടം: കെഎസ്ആർടിസിക്ക് ഗുരുതര അനാസ്ഥ; ആശുപത്രിയിൽ കുടുങ്ങി പരിക്കേറ്റവർ

തിരുവനന്തപരം: ബംഗളൂരുവിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ട് പരിക്കേറ്റവർ ഡിസ്ചാർജ് കിട്ടാതെ ആശുപത്രിയിൽ കുടുങ്ങി കിടക്കുന്നതായി പരാതി. രാവിലെ ഉണ്ടായ അപകടത്തിൽ നിസാര പരിക്കേറ്റവർ മുതൽ ആശുപത്രിയിൽ ഇപ്പോഴും തുടരുകയാണ്. പരിക്കേറ്റവരുടെ ചികിത്സാ ചിലവ് കെഎസ്ആർടിസി വഹിക്കുമെന്ന് പറഞ്ഞെങ്കിലും അത് നടക്കാത്തതോടെ പതിനഞ്ചോളം പേരാണ് ഡിസ്ചാർജ് കിട്ടാതെ ആശുപത്രിയിൽ കഴിയുന്നത്. ഇവരെല്ലാം രാവിലെ മുതൽ നിരീക്ഷണ മുറിയിലാണ്.
എക്സറെ ഉൾപ്പെടെ വലിയ ബില്ലാണ് ഓരോരുത്തർക്കും ലഭിച്ചത്. എന്നാൽ ആശുപത്രി അധികൃതരോട് സംസാരിച്ചപ്പോൾ കെഎസ്ആർടിസിയുടെ ഭാഗത്തു നിന്നും ഔദ്യോഗികമായി ഒരു തരത്തിലുള്ള അറിയിപ്പും ലഭിച്ചില്ലെന്ന് പരിക്കേറ്റ വയനാട് സ്വദേശിയുടെ സഹോദരൻ ദേശാഭിമാനി ഓൺലൈനിനോട് പറഞ്ഞു. പരിക്കേറ്റവരെല്ലാം കേരളത്തിലെത്തി വിദഗ്ധ ചികിത്സ തേടാനാണ് ആഗ്രഹിക്കുന്നത്. ഗുരുതരമായ അപടത്തിൽ രണ്ട് പേരുടെ ജീവൻ നഷ്ടപ്പെട്ടിട്ടും സംസ്ഥാന സർക്കാർ ഇതുവരെ വിഷയത്തിൽ ഗൗരവമായി ഇടപ്പെട്ടിട്ടില്ല.
കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്ക് പോയ കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസാണ് അപകടത്തിൽപ്പെട്ടത്. കർണാടക ബിഡദിക്ക് സമീപമുണ്ടായ അപകടത്തിൽ ബസിലെ ഡ്രൈവർ കോഴിക്കോട് വെള്ളയിൽ സ്വദേശി മിഥിലേഷും കണ്ടക്ടർ ചേവായൂർ സ്വദേശി അരുണും മരിച്ചിരുന്നു. മൈസൂർ ബെംഗളൂരു എക്‌സ്പ്രസ് ഹൈവേയിൽ നിയന്ത്രണംവിട്ട് ബസ് മറിയുകയായിരുന്നു.










0 comments