ബെമലിന്റെ പുതിയ കോച്ച് ഫാക്ടറി മധ്യപ്രദേശിൽ ; സൗകര്യമുണ്ടായിട്ടും കേരളത്തിന് അവഗണന

വേണു കെ ആലത്തൂർ
Published on Aug 13, 2025, 12:59 AM | 1 min read
പാലക്കാട്
കഞ്ചിക്കോട് ബെമല്‍ യൂണിറ്റില്‍ സൗകര്യവും അനുകൂല സാഹചര്യങ്ങളും ഉണ്ടായിട്ടും പുതിയ നിർമാണ പ്ലാന്റ് തുടങ്ങുന്നതിൽ കേരളത്തെ അവഗണിച്ച് കേന്ദ്രസർക്കാർ. പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ ഭാരത് എർത്ത് മൂവേഴ്‌സ് ലിമിറ്റഡ് (ബിഇഎംഎൽ) അഞ്ചാമത്തെ നിർമാണ യൂണിറ്റിന് മധ്യപ്രദേശിലെ ഭോപാലിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് കല്ലിട്ടു. വന്ദേഭാരത്, അമിത് ഭാരത്, മെട്രോ, അതിവേഗ ട്രെയിൻ എന്നിവ നിർമിക്കുന്ന റെയിൽവേ ഹബ്ബായി ‘ബ്രഹ്മ ’യൂണിറ്റ് മാറും. മധ്യപ്രദേശ് സർക്കാർ നൽകിയ 60 ഹെക്ടർ ഭൂമിയിൽ 1880 കോടി ചെലവിലാണ് നിർമാണം. അതിവേഗം സഞ്ചരിക്കാവുന്ന എൽഎച്ച്‌ബി (ലിങ്കെ ഹോഫ്‌മാൻ ബുഷ്) കോച്ചുകളാണ് ഇവിടെ നിർമിക്കുക.
വർഷം 600 എൽഎച്ച്ബി കോച്ച് നിർമിക്കാൻ സൗകര്യമുള്ള കഞ്ചിക്കോട് യൂണിറ്റിനെ തഴഞ്ഞാണ് കേന്ദ്രസർക്കാർ ബിജെപി ഭരിക്കുന്ന മധ്യപ്രദേശിനെ പുതിയ യൂണിറ്റിനായി തെരഞ്ഞെടുത്തത്. രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത് ബെമലിന്റെ കഞ്ചിക്കോട് യൂണിറ്റ് സ്ഥാപിക്കാൻ വി എസ് അച്യുതാനന്ദൻ സർക്കാരാണ് 375 ഏക്കർ ഭൂമി ഏറ്റെടുത്ത് സൗജന്യമായി കൈമാറിയത്. ബിജെപി സർക്കാർ വന്നശേഷം 220 ഏക്കർ ഭൂമി ബെമൽ ലാൻഡ് അസറ്റ് ലിമിറ്റഡ് എന്ന കമ്പനിയുണ്ടാക്കി വിൽക്കാൻ നിശ്‌ചയിച്ചു. സർക്കാർ നൽകിയ ഭൂമിക്ക് വില വേണമെന്ന് കേരളം ആവശ്യപ്പെട്ടപ്പോൾ 220 ഏക്കർ കൈമാറി.
കേരളത്തിന് കോച്ച് ഫാക്ടറി നിഷേധിച്ചപ്പോൾ ബെമലുമായി ചേർന്ന് എൽഎച്ച്‌ബി കോച്ചുൾപ്പെടെ നിർമിക്കാന്‍ അനുവദിക്കണമെന്ന് എംപിയായിരുന്ന എം ബി രാജേഷ് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. റെയിൽവേക്ക് ആവശ്യത്തിന് കോച്ചുകളുണ്ടെന്നും പുതിയ കോച്ചോ ഫാക്ടറിയോ ആവശ്യമില്ലെന്നുമായിരുന്നു മറുപടി.
കഞ്ചിക്കോട് യൂണിറ്റിൽ പ്ലാന്റും എൽഎച്ച്ബി കോച്ച് നിർമാണ വൈദഗ്ധ്യവും സൗകര്യങ്ങളുമുണ്ട്. അടിസ്ഥാന സൗകര്യങ്ങളുള്ളതിനാൽ കുറഞ്ഞ ചെലവിൽ കോച്ചുകൾ നിർമിക്കാനുമാകും. ബെമലിന്റെ നിലവിലുള്ള സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തിയാൽ കൂടുതൽ മുതൽമുടക്കും വേണ്ട. ഇത്രയും സൗകര്യമുള്ള യൂണിറ്റിനെയാണ് ഭോപാലിനുവേണ്ടി പൂർണമായും അവഗണിച്ചത്. കോച്ച് ഫാക്ടറി പ്രഖ്യാപിച്ച് വഞ്ചിച്ച രണ്ടാം യുപിഎ സർക്കാർ മാതൃകയാണ് മോദി സർക്കാരിന്റേതും.










0 comments