വിദ്യാലയങ്ങൾ തൊഴുത്തിലും ഷെഡിലും: അമര്‍ഷം പടരുന്നു
കുംഭമേളയ്ക്ക് ചെലവഴിക്കുന്ന തുകയുടെ 0.1% നൽകിയിരുന്നെങ്കിൽ 150 സ്കൂളുകൾ പൂട്ടുന്നത് ഒഴിവാക്കാം- ജസ്റ്റീസ് വരാലെ

മുംബൈ: രാജ്യത്തെ വിദ്യാലയങ്ങളുടെ ശോച്യാവസ്ഥയും അധികാരികളുടെ നിസംഗതയും ചോദ്യം ചെയ്ത് യുവജന പ്രക്ഷോഭകര്‍ തുടങ്ങിവെച്ച സമരത്തിന് വ്യാപകമായ സ്വീകാര്യത. കേസും മര്‍ദ്ദനവുമായി യുവാക്കളെ നേരിടാൻ മുന്നിൽ നിൽക്കുന്നത് എൻ ഡി എ നേതൃത്വത്തിൽ ഭരണം കയ്യാളുന്ന സംസ്ഥാനങ്ങളാണ്. സി ജെ പി പ്രഖ്യാപിച്ച സ്കൂൾ ഠീക് കരോ കാമ്പയിൻ പല സംസ്ഥാനങ്ങളിലും അടിസ്ഥാന വിദ്യാഭ്യാസ രംഗത്ത് നിലനിൽക്കുന്ന സര്‍ക്കാര്‍ നിസംഗത പുറത്തെത്തിച്ചു.
രാജസ്ഥാനിലെ രാം പുര കാൻപുര ഗ്രാമത്തിലെ വിദ്യാലയം തകര്‍ന്നടഞ്ഞിതിനാൽ നാട്ടുകാര്‍ ടിൻ ഷെഡ് കെട്ടിയാണ് മക്കൾക്ക് പഠിക്കാൻ സൗകര്യം ഒരുക്കിയത്. ഇവിടം സന്ദര്‍ശിക്കാനെത്തിയ ഠീക് കരോ പ്രക്ഷോഭകരെ ബി ജെ പി എം എൽ എയുടെ നേതൃത്വത്തിൽ ഗുണ്ടകളെ ഉപയോഗിച്ച് ആക്രമിച്ചു. കാമ്പയിന് നേതൃത്വം നൽകുന്ന അശുതോഷ് റാങ്കയ്ക്കും സംഘത്തിനും പരിക്കേറ്റു. എന്നാൽ ഇതിന് പിന്നാലെ പ്രക്ഷോഭം ജനങ്ങൾ ഏറ്റെടുത്ത സാഹചര്യമായി.
സാധാരണക്കാരുടെയും ദരിദ്രരായ മനുഷ്യര്‍ ജീവിക്കുന്ന സ്ഥലങ്ങളിലെയും വിദ്യാലയങ്ങളെ അവഗണിക്കയും അനുവദിക്കുന്ന ഫണ്ടുകൾ വിഴുങ്ങുകയും ചെയ്യുന്ന കൂട്ടുകെട്ട് രാഷ്ട്രീയത്തിനെതിരെ അമര്‍ഷം കത്തിപടര്‍ന്നു. ഇതോടെ മുഖ്യമന്ത്രി ഭജൻലാൽ ശര്‍മ്മ 12,500 കോടി രൂപയുടെ വിദ്യാലയ വികസന ഫണ്ട് അനുവദിച്ചതായി പ്രഖ്യാപിച്ച് രംഗം തണുപ്പിക്കാൻ ശ്രമിച്ചു.
ഇതിനിടെ മഹാരാഷ്ട്രയിൽ താൻ പഠിച്ച സ്കൂളിലെ ഒരു ചടങ്ങിനെത്തിയെ സുപ്രീം കോടതി ജഡ്ജ് ജസ്റ്റീസ് പി ബി വരാലെ വിദ്യാലയങ്ങളുടെ ശോച്യാവസ്ഥയ്ക്ക് എതിരെ ആഞ്ഞടിച്ചു. സര്‍ക്കാര്‍ കുംഭമേളയ്ക്കായി ചെലവഴിക്കുന്ന തുകയുടെ 0.1 ശതമാനം വിനിയോഗിച്ചിരുന്നെങ്കിൽ 100 മുതൽ 150 വരെ മറാഠി മീഡിയം സ്കൂളുകൾ അടച്ചുപൂട്ടുന്നത് ഒഴിവാക്കാമായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലുള്ള ശിർപൂരിൽ താൻ പഠിച്ച സ്കൂളിലെ ചടങ്ങിൽ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് വരാലെ. കുംഭമേള നടത്തുന്നതിനുള്ള അടിസ്ഥാനസൗകര്യ വികസനത്തിന് 34,000 കോടി രൂപയും ഇടനാഴി വികസനത്തിന് 11,000 കോടി രൂപയും ചെലവഴിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തന്റെ ശ്രദ്ധയിൽപെട്ടതായി പറഞ്ഞായിരുന്നു അമര്‍ഷ പ്രകടനം.
പുതിയ വിദ്യാഭ്യാസ നയം പ്രഖ്യാപിച്ച കേന്ദ്ര സര്‍ക്കാര്‍ അതിൽ തങ്ങളുടെ രാഷ്ട്രീയം തിരുകി കയറ്റുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. മിക്ക സംസ്ഥാനങ്ങളിലും ദരിദ്രരായ മനുഷ്യര്‍ ജീവിക്കുന്ന പ്രദേശങ്ങളിൽ വിദ്യാലയങ്ങൾ തൊഴുത്തിലും ഷെഡുകളിലും ഒക്കെയായി പ്രവര്‍ത്തിക്കുന്നു. അടിസ്ഥാന കാര്യങ്ങൾ നിര്‍വ്വഹിക്കാൻ തുറസുകളെ ആശ്രയിക്കേണ്ട ഗതികേടാണ്. പലയിടത്തും ഈ സൗകര്യം പോലുമില്ല. ഈ സാഹചര്യത്തിലാണ് സ്കൂൾ ഠീക് കരോ പ്രക്ഷോഭം കത്തിപ്പിടിച്ചത്. എൻ ഡി എ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാരോട് തങ്ങളടെ കാലത്ത് മെച്ചപ്പെടുത്തിയ പത്ത് വിദ്യാലയങ്ങളുടെ എങ്കിലും പട്ടിക കൈമാറാമോ എന്നാണ് പ്രക്ഷോഭകര്‍ ചോദിച്ചത്. പക്ഷെ ഇതിനെതിരെ വിദ്യാലയ പരിസരത്ത് അന്യര്‍ പ്രവേശിക്കുന്നത് വിലക്കി ഉത്തരവ് പുറപ്പെടുവിക്കയാണ് രാജസ്ഥാൻ പോലുള്ള സംസ്ഥാനങ്ങൾ ചെയ്തത്.









0 comments