കേരളത്തിന് വേണ്ടിയാണീ സമരം; മുട്ടുമടക്കില്ല ,പ്രതിഷേധം കടുപ്പിച്ച് ഡിവെെഎഫ്ഐ

പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷണൽ ഓഫീസ് ഉപരോധിച്ച ഡിവെെഎഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കാൻ ശ്രമം. കൂടുതൽ പൊലീസിനെ ഇറക്കി പ്രവർത്തകരെ വലിച്ചിഴച്ച് വാഹനത്തിൽ കയറ്റാനായിരുന്നു ശ്രമം. എന്നാൽ ചെറുത്ത് നിന്ന പ്രവർത്തകർ, എത്ര തടഞ്ഞാലും സമരം മുന്നോട്ടു തന്നെയെന്നും മുട്ടുമടക്കില്ലെന്നും വ്യക്തമാക്കി. റെയിൽവേയുടെ വികസന സാധ്യതകളെ തകർക്കുകയും കേരളത്തിന്റെ റെയിൽവേ അവകാശങ്ങൾ കവർന്നെടുക്കുകയും ചെയ്യുന്ന കേന്ദ്ര നിലപാടിനെതിരെ പ്രതികരിക്കാത്ത കോൺഗ്രസ് എംപിമാരുടെ നിലപാടിലും പ്രതിഷേധിച്ച് സംഘടിപ്പിച്ച പരിപാടി സി.പി.ഐ.എം ജില്ലാ സെക്രട്ടറി ഇ. എൻ. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.
ഇന്ന് രാവിലെ എട്ട് മുതലാണ് പാലക്കാട് റെയിൽവേ ഡിവിഷണൽ ഓഫീസിന് മുന്നിൽ ഡിവെെഎഫ്ഐ മാർച്ച് സംഘടിപ്പിച്ചത്. കേന്ദ്രത്തിനും സംസ്ഥാന സർക്കാരിന്റെ നിരുത്തരവാദപരമായ നിലപാടിനുമെതിരെ മുദ്രാവാക്യവുമായെത്തിയ പ്രവർത്തകർ ഡിവിഷണൽ ഓഫീസ് കോമ്പൗണ്ടിലേക്കിരച്ചെത്തി ഉപരോധത്തിന് തുടക്കമിടുകയായിരുന്നു.
ഓഫീസിന് മുന്നിലെത്തിയ വനിതാ പ്രവർത്തകരെ പുരുഷ പൊലീസ് തടയാൻ ശ്രമിച്ചത് ചെറിയ വാക്കുതർക്കത്തിനിടയായി. സമാധാനമായി സമരം ചെയ്ത പ്രവർത്തകരെ ബലം പ്രയോഗിച്ച് വലിച്ചിഴച്ച് അറസ്റ്റ് ചെയ്യാനായിരുന്നു ശ്രമം. ഡിവെെഎഫ്ഐ സംസ്ഥാന നേതാവ് ടി പി ഷഫീഖ്, ഐശ്വര്യ തുടങ്ങിയവരെ അറസ്റ്റ് ചെയ്തു. ഐശ്വര്യയെ വലിച്ചിഴച്ച് കൊണ്ടുപോയത് പ്രവർത്തകർ തടഞ്ഞു. അതേസമയം, റെയില്‍വേ വിഭജന തീരുമാനം പിൻവലിക്കുന്നത് വരെ പോരാട്ടം തുടരുമെന്ന് ഡിവെെഎഫ്ഐ മാധ്യമങ്ങളോട് പ്രതികരിച്ചു.
തുടർന്ന് ഡിവെെഎഫ്ഐ ജില്ലാ പ്രസിഡന്‍റ് ഷിബിയുടെ നേതൃത്വത്തിൽ പ്രവർത്തകർ പുറത്തേക്ക് മാർച്ച് നടത്തി. ക്രൂരമായി മർദ്ദിച്ച് അറസ്റ്റ് ചെയ്ത പ്രവർത്തകരെ കൊണ്ടുപോകുന്ന പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തുമെന്ന് ഷിബി പറഞ്ഞു. വിജയിക്കുന്നത് വരെ സമരം അവസാനിക്കില്ലെന്നും കേരളത്തിനാകെ വേണ്ടിയുള്ള സമരമാണിതെന്നും സർവ്വ മനുഷ്യരുടേയും പിന്തുണ സമരത്തിനുണ്ടെന്നും ഷിബി പ്രതികരിച്ചു. മുഴുവൻ ജനങ്ങളേയും യുവാക്കളേയും അണിനിരത്തി സമരം ശക്തമാക്കാൻ തന്നെയാണ് തീരുമാനമെന്നും ഷിബി പറഞ്ഞു
പാലക്കാട് റെയിൽവേ ഡിവിഷൻ വെട്ടിമുറിക്കാനുള്ള തീരുമാനത്തിനെതിരെ ശക്തമായ സമരത്തിനാണ് ഡി വെെഎഫ്ഐ ഇതോടെ തുടക്കമിട്ടിരിക്കുന്നത്. കേരളത്തിലെ ട്രെയിൻ യാത്രക്കാരേയും പാലക്കാട് ഡിവിഷനിലെ ജീവനക്കാരേയും ഗുരുതരമായി ബാധിക്കുകയും കേരളത്തിലേക്കുള്ള സാമ്പത്തിക സ്ഥിതിയിൽ വലിയ തിരിച്ചടി സൃഷ്ടിക്കുന്നതുമായ ഡിവിഷൻ വിഭജനത്തിനെതിരെ വലിയ വിമർശനമാണുയർന്നിരുന്നത്.
കർണാടക സംസ്ഥാനത്തിന് വേണ്ടി കേരളത്തിലെ ജനങ്ങളെ യുഡിഎഫും- ബിജെപിയും ചേര്‍ന്ന് വഞ്ചിക്കുകായിരുന്നുവെന്ന റിപ്പോർട്ടുകളും തെളിവ് സഹിതം ലഭിക്കുകയുണ്ടായി. യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയതോടെ റെയിൽവേ ഡിവിഷൻ വെട്ടിമുറിച്ചാൽ സംസ്ഥാന സർക്കാരിൽനിന്ന് എതിർപ്പ് ഉണ്ടാകില്ലെന്ന് കേന്ദ്രത്തിന് ഉറപ്പ് ലഭിച്ചതോടെയാണ് അർധരാത്രിതന്നെ മംഗളൂരു ഭാഗത്തെ മൈസൂരുവിലേക്ക് ഉൾപ്പെടുത്തി ഉത്തരവിറക്കിയത്.
ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് ഷിബി കൃഷ്ണ അധ്യക്ഷയായി. സി.പി.ഐ.എം ഏരിയ സെക്രട്ടറിമാരായ കെ. കൃഷ്ണൻകുട്ടി, സി. ആർ. സജീവ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി. എ. ഗോകുൽദാസ്, ടി. കെ. അച്യുതൻ എന്നീവർ സംസാരിച്ചു. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി ആർ. ജയദേവൻ സ്വാഗതവും ജില്ലാ ട്രഷറർ എം. എ. ജിതിൻ രാജ് നന്ദിയും പറഞ്ഞു.









0 comments