തിരുവനന്തപുരം വെള്ളറടയിൽ വവ്വാൽ ശല്യം അതിരൂക്ഷം

തിരുവനന്തപുരം : വെള്ളറട സ്കൂൾനട ജങ്ഷനിലും സമീപത്തെ ജനവാസ മേഖലകളിലും വവ്വാൽ ശല്യം കടുത്ത ആരോഗ്യഭീഷണിയുയർത്തുന്നു. പകലെന്നോ രാത്രിയെന്നോ ഭേദമില്ലാതെ പ്രദേശത്താകെ ആശങ്ക പടർത്തിക്കൊണ്ടാണ് വവ്വാൽക്കൂട്ടം താവളമുറപ്പിച്ചിരിക്കുന്നത്. വെള്ളറട വിപിഎം എച്ച്എസ്എസ്, ഗവ. യു പിഎസ് എന്നീ വിദ്യാലയങ്ങൾക്ക് മധ്യേയുള്ള സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ അക്കേഷ്യാ മരങ്ങളിലാണ് ആയിരക്കണക്കിന് വവ്വാലുകൾ ചേക്കേറിയിട്ടുള്ളത്.
രാത്രികാലങ്ങളിൽ വീടുകളിൽ തങ്ങാൻ പോലും കഴിയാത്ത വിധത്തിലുള്ള അലോസരപ്പെടുത്തുന്ന ശബ്ദമാണ് ഇവ ഉണ്ടാക്കുന്നത്.
വീടുകളുടെ മേൽക്കൂരകളിലും മുറ്റത്തും കിണറുകളിലും വവ്വാലുകളുടെ വിസർജ്യം വീണ് കുടിവെള്ള സ്രോതസ്സുകൾ പൂർണമായി മലിനമായിരിക്കുകയാണ്. ഇതുമൂലം പ്രദേശത്തെ കിണറുകളിലെ വെള്ളം ഒന്നിനും ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലാണെന്ന് പരിസരവാസികൾ പറയുന്നു. കല്ലെറിഞ്ഞോ പടക്കം പൊട്ടിച്ചോ താൽക്കാലികമായി ഇവയെ ഓടിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും തൊട്ടടുത്ത നിമിഷം തന്നെ ഇവ വീണ്ടും മരങ്ങളിൽ തിരിച്ചെത്തുകയാണ്.
വിദ്യാർഥികളുടെ സുരക്ഷയും ആശങ്കയിൽ
സമീപത്തെ രണ്ട് സ്കൂളുകളിലുമായി പഠിക്കുന്ന ആയിരക്കണക്കിന് വിദ്യാർഥികളാണ് പ്രതിദിനം ഈ വഴി കടന്നുപോകുന്നത്. പലപ്പോഴും വവ്വാലുകളുടെ കാഷ്ഠത്തിൽ ചവിട്ടിയാണ് കുട്ടികൾക്ക് സ്കൂളുകളിലേക്ക് പോകേണ്ടി വരുന്നത്. നിപ ഉൾപ്പെടെയുള്ള മാരകമായ പകർച്ചവ്യാധികളുടെ പശ്ചാത്തലത്തിൽ, വവ്വാലുകളുടെ ഈ വൻതോതിലുള്ള സാന്നിധ്യം രക്ഷിതാക്കളിലും നാട്ടുകാരിലും കടുത്ത ആശങ്കയാണ് പരത്തുന്നത്. വവ്വാലുകൾ താവളമാക്കിയിരിക്കുന്ന മരങ്ങളുടെ ചില്ലകൾ വെട്ടിമാറ്റാൻ പുരയിട ഉടമയോട് നാട്ടുകാർ അഭ്യർത്ഥിച്ചെങ്കിലും അനുകൂല നടപടിയുണ്ടായിട്ടില്ല.











0 comments