കേരളാ ഹൗസ് പ്രോട്ടോക്കോൾ വിഭാഗത്തിന്റെ വീഴ്‌ച: പിണറായി വിജയന്റെ കേരളത്തിലേക്കുള്ള വിമാനയാത്ര തടസ്സപ്പെട്ടു


സ്വന്തം ലേഖകൻ
Published on Jun 27, 2026, 09:03 PM | 1 min read
ന്യൂഡൽഹി: കേരളാ ഹൗസ് പ്രോട്ടോക്കോൾ ഓഫീസിന്റെ വീഴ്‌ച കാരണം പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഡൽഹിയിൽ നിന്ന് കേരളത്തിലേക്കുള്ള വിമാനയാത്ര തടസ്സപ്പെട്ടു. പൊളിറ്റ്‌ബ്യൂറോ യോഗത്തിന് ശേഷം ഡൽഹിയിൽ നിന്ന് 2.50 നുള്ള കോഴിക്കോട് വിമാനത്തിൽ പോകുന്നതിനായി ഒന്നര മണിക്കൂർ മുമ്പുതന്നെ പിണറായി വിജയൻ വിമാനതാവളത്തിൽ എത്തിയിരുന്നു. 3.30 ന് തിരുവനന്തപുരത്തേക്കുള്ള വിമാനത്തിൽ പോകേണ്ട സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ഒപ്പമുണ്ടായിരുന്നു.
പ്രതിപക്ഷ നേതാവ് യാത്ര ചെയ്യുന്ന വിവരം കേരളാ ഹൗസ് പ്രോട്ടോക്കോൾ വിഭാഗം കൃത്യമായി വിമാനകമ്പനി ജീവനക്കാരെ അറിയിച്ചില്ല. ലൗഞ്ചിൽ വിശ്രമിക്കുകയായിരുന്ന പ്രതിപക്ഷ നേതാവിനെ പ്രോട്ടോക്കോൾ വിഭാഗം ഉദ്യോഗസ്ഥൻ കൃത്യമായി യാത്രാസമയത്തിന്റെ വിവരം അറിയിച്ചില്ല. യാത്രയ്‌ക്കായി ഗേറ്റിലേക്ക് എത്തിയപ്പോൾ സമയം കഴിഞ്ഞുവെന്ന അറിയിപ്പാണ് വിമാനകമ്പനി ജീവനക്കാരിൽ നിന്ന് ലഭിച്ചത്. യാത്ര തടസ്സപ്പെട്ടതിൽ പ്രതിപക്ഷ നേതാവിനോട് ക്ഷമാപണം നടത്തിയ വിമാനകമ്പനി ജീവനക്കാർ തങ്ങൾക്ക് കൃത്യമായ അറിയിപ്പ് ഉദ്യോഗസ്ഥരിൽ നിന്ന് ലഭിച്ചില്ലെന്ന വിശദീകരമാണ് നൽകിയത്. പിന്നീട് 7.15 ന്റെ കണ്ണൂർ വിമാനത്തിൽ പ്രതിപക്ഷ നേതാവ് കേരളത്തിലേക്ക് മടങ്ങി.










0 comments