print edition ബാർ ലെെസൻസ് പുതുക്കൽ; ചട്ടങ്ങളിൽ ഇളവ് നൽകിയിട്ടില്ലെന്ന് നികുതി വകുപ്പ്

കൊച്ചി : കേരളത്തിലെ ബാർ ലൈസൻസ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് ഫെബ്രുവരിയിൽ പുറപ്പെടുവിച്ച ഉത്തരവിൽ അഴിമതിയില്ലെന്ന് കാണിച്ച് നികുതി വകുപ്പ് ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ലൈസൻസ് ചട്ടങ്ങളിൽ ഇളവ് നൽകിയിട്ടില്ലെന്നും സ്റ്റാർ ക്ലാസിഫിക്കേഷൻ ഇല്ലാത്ത ഹോട്ടലുകൾക്ക് ലൈസൻസ് അനുവദിക്കാൻ ഉത്തരവിട്ടിട്ടില്ലെന്നും നികുതിവകുപ്പ് അഡീ. സെക്രട്ടറി എം വി പ്രമോദ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
ബാറുകളുടെ സ്റ്റാർ ക്ലാസിഫിക്കേഷൻ നടത്തുന്നതിൽ കേന്ദ്ര ടൂറിസം വകുപ്പ് വരുത്തിയ കാലതാമസമാണ് പ്രധാനകാരണമെന്നും ബോധിപ്പിച്ചു. സ്റ്റാർ ക്ലാസിഫിക്കേഷൻ എന്ന നിബന്ധന ഒഴിവാക്കിയിട്ടില്ലെന്നും വ്യക്തമാക്കി. ഉത്തരവ് ചോദ്യം ചെയ്ത് കേരള മദ്യനിരോധനസമിതിയടക്കം നൽകിയ പൊതുതാൽപര്യ ഹർജികളിലാണ് വിശദീകരണം. വിഷയം ചീഫ് ജസ്റ്റിസ് ഷൗമെൻ സെൻ അധ്യക്ഷനായ ബെഞ്ച് ബുധനാഴ്ച വീണ്ടും പരിഗണിക്കും.
വിദേശമദ്യ ചട്ടമനുസരിച്ച് ബാർ ഹോട്ടൽ ലൈസൻസ് പുതുക്കണമെങ്കിൽ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ സ്റ്റാർ ക്ലാസിഫിക്കേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. സംസ്ഥാനത്ത് നക്ഷത്രപദവിയുള്ള 905 ഹോട്ടലുകളുണ്ട്. ഇതിൽ 150–- 200 ഹോട്ടലുകൾ റീ ക്ലാസിഫിക്കേഷന് അപേക്ഷിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച പരിശോധനകൾക്കും നടപടികൾക്കും കേന്ദ്ര ടൂറിസം വകുപ്പിന്റെ ഭാഗത്തുനിന്ന് കാലതാമസമുണ്ടായി. ഇത് കണക്കിലെടുത്ത് നിലവിലുള്ള ലൈസൻസ് പുതുക്കി നൽകാൻ ഇടക്കാല ക്രമീകരണമായാണ് ഉത്തരവിറക്കിയത്. ഇത് സ്ഥിരമായ അംഗീകാരമോ പുതിയ ക്ലാസിഫിക്കേഷൻ അനുവദിക്കലോ അല്ല. റീ-ക്ലാസിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കുന്നതിലെ കാലതാമസത്തിന് തങ്ങൾ ഉത്തരവാദികളല്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.









0 comments