കാലടി സംസ്കൃത സർവകലാശാല; 'ലൈറ്റ് മരിച്ചു' നാടകം ഇന്ന് സെക്രട്ടറിയറ്റ് നടയിൽ

കാലടി : കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലറും കൂട്ടരും വിവാദമാക്കിയ "ലൈറ്റ് മരിച്ചു' എന്ന നാടകം ബുധൻ വൈകിട്ട് സെക്രട്ടറിയറ്റിനു മുന്നിൽ അവതരിപ്പിക്കാനൊരുങ്ങി കാലടിയിലെ വിദ്യാർഥികൾ. സർവകലാശാലയിലെ നാടക വിഭാഗം വിദ്യാർഥികൾ, പഠനസൗകര്യങ്ങളുടെ കുറവ് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താൻ സംഘടിപ്പിച്ച സർഗാത്മക പ്രതിഷേധമാണ് ഈ നാടകം. താൽക്കാലിക വിസി സിസ തോമസിന്റെ ശവദാഹമാണ് അവതരിപ്പിച്ചതെന്നാണ് സർവകലാശാലയും വിസിയും പിന്നീട് ഉന്നതവിദ്യാഭ്യാസമന്ത്രിയും പ്രചരിപ്പിച്ചത്. അതിന്റെ മറപിടിച്ചാണ് 16 വിദ്യാർഥികളെ അനിശ്ചിതകാലത്തേക്ക് സസ്‌പെൻഡ് ചെയ്‌തത്.
സെക്രട്ടറിയറ്റിന്റെ മുന്നിൽ പൊതു സമൂഹത്തിനായി നാടകം അവതരിപ്പിക്കുന്നതോടെ വിസിയും കൂട്ടരും പ്രചരിപ്പിക്കുന്ന തെറ്റിദ്ധാരണകൾ നീങ്ങുമെന്നാണ് പ്രതീക്ഷയെന്ന് സസ്പെൻഡ് ചെയ്യപ്പെട്ട വിദ്യാർഥികളായ പി എം അശ്വന്ത്, കെ വി അഭിജിത്ത്, പി എസ് അർച്ചന എന്നിവർ പറഞ്ഞു. വ്യാജപ്രചാരണങ്ങളുടെ പേരിലാണ് വിദ്യാർഥികളുടെ ഭാവി നശിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള തീരുമാനങ്ങൾ സർവകലാശാല കൈക്കൊണ്ടത്. മാപ്പെഴുതി കൊടുത്താൽ തിരിച്ചെടുക്കാമെന്ന തീരുമാനം സ്വീകാര്യമല്ല. അങ്ങനെ തിരിച്ചുകയറാൻ ആഗ്രഹിക്കുന്നില്ല. ജനാധിപത്യപരമായി സമരം ചെയ്തു എന്നല്ലാതെ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും സമരരംഗത്ത് തുടരുന്ന വിദ്യാർഥികൾ പറഞ്ഞു.









0 comments