Deshabhimani

പ്രതികാരനടപടി തുടർന്ന് സർക്കാർ; എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിനെതിരെ വീണ്ടും കേസ്

lpst psc protest
വെബ് ഡെസ്ക്

Published on Nov 03, 2026, 03:00 PM | 1 min read

തിരുവനന്തപുരം : സർക്കാരിന്റെ വഞ്ചനയ്ക്കെതിരെ സെക്രട്ടറിയറ്റിനുമുന്നിൽ സമരം നടത്തുന്ന പിഎസ്‍സി ഉദ്യോ​ഗാർഥികളോടുള്ള പൊലീസിന്റെ പ്രതികാരനടപടി തുടരുന്നു. എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിനെതിരെ വീണ്ടും കേസെടുത്തു. കാൽനടയാത്രക്കാർക്ക് തടസ്സമുണ്ടാക്കി പ്രതിഷേധം നടത്തിയെന്നു കാണിച്ചാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. യുവജന സംഘടനകളുമായി ചേർന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ ഇന്നലെ നടത്തിയ പ്രതിഷേധത്തിന്റെ പേരിലാണ് പുതിയ കേസ്. ഉദ്യോ​ഗാർഥികൾക്കെതിരെ എടുക്കുന്ന മൂന്നാമത്തെ കേസാണിത്.


സമരസമിതി കൺവീനർ വളർമതിയാണ് ഒന്നാം പ്രതി. മറ്റ് 29 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. സെക്രട്ടറിയറ്റിനുമുന്നിൽ ഉദ്യോ​ഗാർഥികൾ ആരംഭിച്ച സമരം 121 ദിവസം പിന്നിട്ടു. വിവിധ വിദ്യാർഥി - യുവജന സംഘടനകൾ സമരത്തിന് പിന്തുണയുമായെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഉദ്യോ​ഗാർഥികൾക്കെതിരെ വീണ്ടും കേസെടുത്തത്.


സർക്കാരിന്റെ വഞ്ചനയ്ക്കെതിരെ സമരം ശക്തമാക്കുന്നതിന്റെ ഭാ​ഗമായി സമരസമിതി കൺവീനർ വളർമതി തല മുണ്ഡനം ചെയ്ത് നിരാഹാരം ആരംഭിച്ചിരുന്നു. പിന്നാലെ പൊലീസ് വളർമതിയെ അറസ്റ്റ് ചെയ്ത് നീക്കി. യുവാക്കളുടെ പ്രശ്നങ്ങളിൽ ഇടപെടാൻ സർക്കാർ തയാറാകുന്നില്ലെന്നും ജനാധിപത്യപരമായ പ്രതിഷേധങ്ങളെ അടിച്ചമർത്താനാണ് ശ്രമിക്കുന്നതെന്നും ഉദ്യോഗാർഥികൾ പറയുന്നു. പ്രതിഷേധം കടുപ്പിക്കാനാണ് ഉദ്യോ​ഗാർഥികളുടെ തീരുമാനം. അവ​ഗണിക്കുന്നതിനുപിന്നാലെ കള്ളക്കേസുകളെടുത്ത് നിരന്തരം ആക്രമിച്ചുകൊണ്ടിരിക്കുകയാണ്. കേസുകളിൽ തളരില്ല. ന്യായമായ ആവശ്യങ്ങളുന്നയിച്ചാണ് സമരം ചെയ്യുന്നത്. അക്രമങ്ങളൊന്നും ഉണ്ടാക്കുന്നില്ല. കെ സി വേണു​ഗോപാലടക്കമുള്ള കോൺ​ഗ്രസ് നേതാക്കൾ ഭരണത്തിലെത്തുന്നതിനുമുമ്പ് ഉറപ്പുനൽകിയ ആവശ്യങ്ങൾ മാത്രമാണ് ഇപ്പോഴും ചോദിക്കുന്നത്. ആവശ്യങ്ങളിൽ പരിഹാരമുണ്ടാകുന്നതുവരെ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ഉ​ദ്യോ​ഗാർഥികൾ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home