Deshabhimani

മന്ത്രിമാർക്ക് 'ഒന്നുമറിയില്ല'; 'കൈകഴുകൽ' നാടകത്തിൽ ഭരണം നോക്കുകുത്തി, ജനങ്ങളെ വഞ്ചിച്ച് സർക്കാർ

vd satheesan.JPG
വെബ് ഡെസ്ക്

Published on Nov 03, 2026, 01:41 PM | 2 min read

തിരുവനന്തപുരം: സ്വന്തം വകുപ്പുകളിൽ എന്ത്‌ നടക്കുന്നുവെന്നോ ഏത്‌ ഉത്തരവുകൾ ഇറങ്ങുന്നുവെന്നോ അറിയാതെ അജ്ഞത നടിച്ച് മന്ത്രിമാർ. ഇതോടെ സംസ്ഥാനത്ത്‌ ഭരണസംവിധാനം താളംതെറ്റി. സർക്കാരിന്റെ പോരായ്മകളും സ്വജനപക്ഷപാതവും ഒന്നൊന്നായി പുറത്തുവരുമ്പോഴും യാതൊരു ഉത്തരവാദിത്തവുമില്ലാതെ കൈമലർത്തുകയാണ്‌ മുഖ്യമന്ത്രിയും സംഘവും. സ്വന്തം വകുപ്പുകളിൽ നടക്കുന്ന നീക്കങ്ങളും അഴിമതികളും ഒന്നൊന്നായി പുറത്തുവരുമ്പോൾ 'ഒന്നും അറിഞ്ഞില്ല' എന്ന് പറഞ്ഞ് ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടുകയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും.


മുഖ്യമന്ത്രിയുടെ മൂക്കിൻതുമ്പത്താണ് ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്ന് 1.24 കോടി രൂപ സ്വന്തം ഔദ്യോഗിക വസതി മോടിപിടിപ്പിക്കാൻ വകമാറ്റിയത്. എന്നാൽ ഇത്രയും വലിയ തുക അനുവദിച്ചത് താൻ അറിഞ്ഞില്ലെന്ന മുഖ്യമന്ത്രിയുടെ മറുപടി ജനങ്ങളോടുള്ള പരസ്യമായ പരിഹാസമാണ്. പൊതുജനങ്ങളുടെ നികുതിപ്പണം വൻതോതിൽ ചെലവഴിക്കുമ്പോഴാണ്‌ ഈ ഒന്നുമറിഞ്ഞില്ലെന്ന ഉത്തരവാദിത്തമില്ലായ്മ.


വിദ്യാഭ്യാസ മേഖലയിലും സ്ഥിതി വ്യത്യസ്തമല്ല. കെ- ടെറ്റ്‌ ഇല്ലാത്ത അധ്യാപകരെ ജോലിയിൽ നിന്ന് പുറത്താക്കാനുള്ള ഉത്തരവ് ഇറങ്ങിയത്‌ വിദ്യാഭ്യാസ മന്ത്രി ഷംസുദീൻ അറിഞ്ഞിട്ടില്ല. തങ്ങളുടെ ഭാവി എന്താകുമെന്നറിയാതെ അധ്യാപകർ ആശങ്കയിലാകുമ്പോഴാണ്‌ മന്ത്രിയുടെ ഈ നിലപാട്‌. പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കാനുള്ള ഗൂഢശ്രമമാണ് ഇതിന് പിന്നിൽ.


ലഹരിമുക്ത നയങ്ങൾ പ്രസംഗിക്കുമ്പോഴും ബാർ ലൈസൻസുകൾ കൂട്ടത്തോടെ അനുവദിച്ചത്‌ എക്‌സൈസ്‌ മന്ത്രി ലിജു അറിഞ്ഞിട്ടില്ലത്രേ. മന്ത്രി അറിയാതെ മിനിട്ടുകൾക്കുള്ളിൽ മൂന്നോളം ബാറുകൾക്കാണ് സംസ്ഥാനത്ത് അനുമതി ലഭിക്കുന്നത്. നയപരമായ തീരുമാനങ്ങൾ കാറ്റിൽപ്പറത്തി കൂട്ടത്തോടെ ബാർ ലൈസൻസുകൾ അനുവദിച്ച എക്സൈസ് മന്ത്രി ലിജുവിന്റെ നടപടി ഭരണം മദ്യമാഫിയക്ക് പണയം വെച്ചതിന്റെ തെളിവാണ്.


സർക്കാർ ആശുപത്രികളിൽ അത്യാവശ്യ മരുന്നുകൾ പോലും തീർന്ന്‌ രോഗികൾ വലയുമ്പോൾ ആരോഗ്യ മന്ത്രി മുരളീധരനും ഒന്നുമറിയുന്നില്ല. ആശുപത്രികളിൽ മരുന്നുകൾ ലഭിക്കാതെ പാവപ്പെട്ട രോഗികളെ ദുരിതത്തിലാക്കുമ്പോൾ ആരോഗ്യ മന്ത്രി മുരളീധരൻ ഉറക്കം നടിക്കുകയാണ്. സംസ്ഥാനത്തെ കായികമേള നടക്കുന്നത്‌ കായിക വകുപ്പ്‌ മന്ത്രി ജനീഷ്‌ അറിഞ്ഞിട്ടില്ല. കായികമേള സംഘടിപ്പിക്കുന്നതിൽപ്പോലും ഗുരുതരമായ വീഴ്ച വരുത്തിയ കായിക മന്ത്രി ജനീഷ് സ്വന്തം ഉത്തരവാദിത്തം മറന്ന് പ്രവർത്തിക്കുന്നുവെന്നതിന്റെ ഉദാഹരണമാണ്.


ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക്‌ സംഘപരിവാർ അനുകൂലികളെ നിയമിച്ചത്‌ മന്ത്രി റോജി അറിയാത്തത് ഭരണതലത്തിലെ ഏകോപനമില്ലായ്മ വ്യക്തമാക്കുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാൻ സംഘപരിവാർ അനുകൂലികളെ താക്കോൽ സ്ഥാനങ്ങളിൽ തിരുകിക്കയറ്റുകയാണ് മന്ത്രി റോജി. ആർഎസ്എസ് അജണ്ട നടപ്പാക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പിനെ വിട്ടുനൽകിയ ശേഷം മന്ത്രി അജ്ഞത നടിക്കുന്നത് രാഷ്ട്രീയ വഞ്ചനയാണ്.


ഓരോ വകുപ്പിലും എന്താണ്‌ സംഭവിക്കുന്നതെന്ന്‌ മന്ത്രിമാർക്കോ ഭരണനേതൃത്വത്തിനോ യാതൊരു ധാരണയുമില്ലാത്ത അവസ്ഥയാണ് കേരളത്തിൽ ഇപ്പോഴുള്ളത്. അലസതയും പോരായ്മകളും മറച്ചുവെക്കാൻ 'അറിഞ്ഞില്ല' എന്ന സ്ഥിരം മറുപടി നൽകി ജനങ്ങളെ കബളിപ്പിക്കുകയാണ് വാസ്തവത്തിൽ സർക്കാർ.


സ്വന്തം വകുപ്പുകളിൽ എന്ത് നടക്കുന്നുവെന്ന് അറിയാതെ മന്ത്രിമാർ അജ്ഞത നടിക്കുമ്പോൾ, സെക്രട്ടറിയേറ്റിൽ ഭരണാധികാരികളാകുന്നത് ഭരണപക്ഷ അനുകൂല സംഘടനകളാണ്. മന്ത്രിമാർ പോലും അറിയാതെ ഉദ്യോഗസ്ഥരുടെയും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരുടെയും നിരന്തരമായ സ്ഥലംമാറ്റങ്ങളും വകുപ്പുകളുടെ പ്രവർത്തനങ്ങളെ പൂർണമായും അവതാളത്തിലാക്കുന്നു. സംഘടനകളുടെ താല്പര്യങ്ങൾക്കനുസരിച്ച് ഫയലുകൾ നീങ്ങുന്നത് ഭരണസംവിധാനത്തെ നോക്കുകുത്തിയാക്കി മാറ്റിയിരിക്കുകയാണ്. സർക്കാരിന്റെ വീഴ്ചകളും അഴിമതികളും പുറത്തുവരുമ്പോൾ അത് മൂടിവെക്കാനും വകുപ്പുകളുടെ നിയന്ത്രണം നഷ്ടപ്പെടുന്നത് മറച്ചുവെക്കാനുമാണ് ഈ അനിയന്ത്രിതമായ സ്ഥലംമാറ്റ നാടകങ്ങൾ അരങ്ങേറുന്നത്. ഭരണത്തിന്റെ സമസ്തമേഖലകളിലും സംഘടനകളുടെ അവിഹിത ഇടപെടലുകൾ ശക്തമായതോടെ സംസ്ഥാനത്ത് ഭരണസംവിധാനം പൂർണമായും സ്തംഭിച്ചു.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home