രാജ്യാതിര്‍ത്തികളിലെ ആയുധ നിയന്ത്രണം:യുഎൻ പ്രമേയത്തിൽ നിന്ന് ഇസ്രയേലിനൊപ്പം വിട്ടുനിന്ന് ഇന്ത്യ

ഹേഗ്: രാജ്യങ്ങൾ തമ്മിൽ അതിര്‍ത്തികളിലെ ആയുധ ശേഖരം നിയന്ത്രിക്കാൻ പ്രാദേശിക തലങ്ങളിൽ പദ്ധതി നടപ്പാക്കണം എന്നാവശ്യപ്പെടുന്ന യു എൻ പ്രമേയത്തിൽ നിന്ന് ഇന്ത്യയും ഇസ്രയേലും വിട്ടുനിന്നു. 193 രാജ്യങ്ങളുള്ള യുഎൻ ജനറൽ അസംബ്ലിയിൽ സമ്മേളിച്ച 180 രാജ്യങ്ങൾ അനുകൂലിച്ച് വോട്ട് ചെയ്തു. ഇവയിൽ ഇന്ത്യയും ഇസ്രയേലും മാത്രമാണ് വിട്ടുനിന്നത്. പാകിസ്ഥാനും ബെലാറസും ചേര്‍ന്നാണ് പ്രമേയം അവതരിപ്പിച്ചത്.
"ഒരു രാജ്യത്തിന്റെ സുരക്ഷാ ഭീഷണികൾ അതിന്റെ അയൽരാജ്യങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ല. അതിർത്തികൾക്കപ്പുറത്തുനിന്നും സുരക്ഷാ ഭീഷണികൾ വരാം. അതിനാൽ പ്രാദേശികമായി മാത്രം സന്തുലിതാവസ്ഥ നിലനിർത്തുക എന്നത് പ്രായോഗികമല്ല" എന്ന നിലപാടാണ് ഇന്ത്യയും ഇസ്രയേലും മുന്നോട്ട് വെച്ചത്. യുഎൻ നിരായുധീകരണ കമ്മീഷൻ മൂന്ന് തവണ ഇക്കാര്യത്തിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട് എന്നും വാദിച്ചു.
‘സർവത്രികവും പൂർണ്ണവുമായ നിരായുധീകരണം: പ്രാദേശിക, ഉപമേഖലാ തലങ്ങളിലെ പരമ്പരാഗത ആയുധ നിയന്ത്രണം’ എന്ന തലക്കെട്ടിലായിരുന്നു പ്രമേയം. ശീതയുദ്ധത്തിനു ശേഷമുള്ള കാലഘട്ടത്തിലെ സമാധാനത്തിനും സുരക്ഷയ്ക്കുമുള്ള പ്രധാന ഭീഷണികൾ ഒരേ മേഖലയിലെ രാജ്യങ്ങൾ തമ്മിലാണ് ഉണ്ടാകുന്നത്. ഈ സാഹചര്യത്തിൽ ആയുധ നിയന്ത്രണം പ്രാദേശിക തലത്തിൽ നടപ്പാക്കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു. സൈനിക ശേഷി കൂടുതൽ ഉള്ള വൻശക്തി രാജ്യങ്ങൾക്ക് അതത് മേഖലകൾ സുരക്ഷ ഉറപ്പാക്കുന്നതിൽ പ്രത്യേക ഉത്തരവാദിത്തമുണ്ടെന്നും പ്രമേയം ചൂണ്ടികാട്ടി.








0 comments