Deshabhimani

തീരദേശം കോർപറേറ്റുകൾക്ക് തീറെഴുതാൻ സർക്കാർ ; നടപടി മത്സ്യത്തൊഴിലാളികളോടുള്ള ക്രൂരത: പിണറായി വിജയൻ

Pinarayi Vijayan
വെബ് ഡെസ്ക്

Published on Nov 03, 2026, 12:03 PM | 1 min read

തിരുവനന്തപുരം: തീരദേശം കോർപറേറ്റുകൾക്ക് തീറെഴുതാനാണ് സർക്കാരിന്റെ ശ്രമമെന്ന് പിണറായി വിജയൻ. അത് മത്സ്യത്തൊളിലാളികളോടുള്ള ക്രൂരതയാണെന്നും അദ്ദേഹം പറഞ്ഞു. മാരിടൈം ബോർഡ് ഭേദഗതി ബില്ലിനെതിരെ കേരള മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സിഐടിയു) സെക്രട്ടറിയറ്റിന് മുന്നിൽ സംഘടിപ്പിച്ച രാപകൽ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതുമുതൽ നവഉദാരവൽക്കരണ നപടികളും സ്വകാര്യവൽക്കരണവും അടിച്ചേൽപ്പിച്ച് നാടിന്റെ പ്രത്യേകതകൾ തകർക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. മത്സ്യത്തൊഴിലാളികളോട് യുഡിഎഫ് സർക്കാർ കാട്ടുന്ന ക്രൂരതകൾക്കെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.



റവന്യൂ, തദ്ദേശ, ഫിഷറീസ് വകുപ്പുകളുടെ കൈവശമുള്ള ഭൂമി യാതൊരു നടപടിക്രമങ്ങളും പാലിക്കാതെ പിടിച്ചെടുക്കാൻ മാരിടൈം ബോർഡിന് അധികാരം നൽകുന്നതാണ് പുതിയ ബിൽ. ടൗൺഷിപ്പുകളും ടൂറിസം പദ്ധതികളും നടപ്പിലാക്കി കടലും കടലോരവും കോർപ്പറേറ്റുകൾക്ക് കൈമാറാനാണ് ഈ നീക്കം.


മത്സ്യത്തൊഴിലാളികൾക്ക് അവകാശപ്പെടതാണ് കടലും കടലോരവും. തീരപ്രദേശം നഷ്ടപ്പെടുന്നതോടെ മത്സ്യത്തൊഴിലാളികളുടെ ജീവിതം കടുത്ത പ്രതിസന്ധിയിലാകും. കായലുകളിലും നദികളിലും മത്സ്യബന്ധനത്തിന് പോകുന്നതിന് പ്രത്യേക ഫീസ് ചുമത്തുന്നതും ക്രൂരമായ നടപടിയാണ്.


അധികാരവികേന്ദ്രീകരണത്തെ അട്ടിമറിക്കുന്നതാണ് സർക്കാരിന്റെ നയം. തുറമുഖ പ്രദേശങ്ങളുടെ പേരിൽ തദ്ദേശ സ്ഥാപനങ്ങളുടെ അവകാശങ്ങളും അധികാരങ്ങളും കവർന്നെടുത്ത് അതോറിറ്റികൾക്ക് നൽകുന്നു. ബോർഡിൽ തദ്ദേശ സ്ഥാപനങ്ങൾക്കോ മത്സ്യത്തൊഴിലാളി സംഘടനകൾക്കോ മതിയായ പ്രാതിനിധ്യമില്ല.


അധികാരത്തിൽ വന്നതുമുതൽ മത്സ്യത്തൊഴിലാളികൾക്ക് അർഹമായ ആശ്വാസം നൽകാൻ സർക്കാർ തയ്യാറായില്ല. തൊട്ടുമുൻപത്തെ എൽഡിഎഫ് ബജറ്റിൽ അനുവദിച്ച തുക പോലും വെട്ടിക്കുറയ്ക്കുന്ന സമീപനമാണ് യുഡിഎഫ് സ്വീകരിച്ചത്. തീരദേശവും ജനങ്ങളുടെ ജീവനോപാധികളും കോർപ്പറേറ്റുകൾക്ക് തീറെഴുതുന്ന ഈ ജനദ്രോഹ നയങ്ങൾക്കെതിരെ എല്ലാ വിഭാഗം ജനങ്ങളെയും ഏകോപിപ്പിച്ച് ശക്തമായ സമര മുന്നേറ്റം തീർക്കണമെന്ന് പിണറായി വിജയൻ അഭ്യർഥിച്ചു.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home