അനുഭവതീക്ഷ്‌ണതയിൽ തുടിച്ച കഥകൾ

വർഗീയതയ്ക്കെതിരെ 2003ൽ കർണാടകത്തിലെ പൗരസമിതി കോമു സൗഹൃദ വേദികെ സംഘടിപ്പിച്ച പരിപാടിയിൽ ഗിരീഷ് കർണാട്, ഗൗരി ലങ്കേഷ് തുടങ്ങിയവർക്കൊപ്പം ബാനു മുഷ്‌താഖ്

പയ്യന്നൂർ കുഞ്ഞിരാമൻ
Published on May 22, 2025, 02:26 AM | 2 min read
ബാനു മുഷ്താക്കിന് ബുക്കർ പ്രൈസ് പ്രഖ്യാപിച്ചപ്പോൾ അംഗീകരിക്കപ്പെട്ടത് ഇന്ത്യൻ സാഹിത്യവും പ്രത്യേകിച്ച് കന്നഡ സാഹിത്യവുമാണ്. ബാനു ലോകമറിയുന്ന എഴുത്തുകാരിയായി, ആ പേരും കൃതിയും ലോകഹൃദയത്തിലെ പ്രകാശ പ്രസരിപ്പായി.
ഒരു എഴുത്തുകാരിയെ സംബന്ധിച്ച് ഏറ്റവും മഹത്വപൂർണമായ കാര്യമാണിത്. ലോകത്ത് നൊബേൽ സമ്മാനം കഴിഞ്ഞാൽ സാഹിത്യത്തിന് ലഭിക്കുന്ന ഏറ്റവും പ്രധാന പുരസ്കാരമാണിത്. മറ്റൊരു സവിശേഷത ഒരു ചെറുകഥാ സമാഹാരത്തിന് ബുക്കർ പുരസ്കാരം ലഭിച്ചു എന്നതാണ്.
ബാനു മുഷ്താക്ക് കേരളത്തിന് പരിചിതയാണ്. അവരുടെ കഥകൾ ‘സ്ത്രീശബ്ദം’ മാസികയിലൂടെ മലയാളികൾ വായിച്ചനുഭവിച്ചിട്ടുണ്ട്. മുസ്ലീം സ്ത്രീകളുടെ പൊള്ളുന്ന ജീവിതമായിരുന്നു പ്രമേയം. വിവാഹം എന്ന കൗമാര പ്രതീക്ഷകൾക്ക് സംഭവിക്കുന്ന വീഴ്ചയും ദുരന്തവും ബാനു പ്രമേയമാക്കി. ‘പുരുഷാധിപത്യത്തിന്റെ ക്രൂരതകൾക്ക് വിധേയമാകേണ്ടിവരുന്ന പെൺജന്മത്തെ രക്ഷിക്കാൻ ദൈവംപോലും ഇല്ലാതാകുന്നു’ എന്ന് അവർ പറയുന്നു.
കഥ, നോവൽ, കവിത, ഉപന്യാസം എന്നീ മേഖലകളിൽ അവരുടെ സാഹിത്യസംഭാവനയുണ്ട്. 12 കഥകളുടെ സമാഹാരമായ ‘ഹാർട്ട് ലാംപ്’ എന്ന ചെറുകഥാ സമാഹാരത്തിനാണ് ബുക്കർ പ്രൈസ്. തീമഴ, കരിമൂർഖൻ, ചുവന്ന ലുങ്കി, ഹൈഹീൽഡ് ഷൂ, ഹേ പ്രഭു ഒന്ന് പെണ്ണാകുമോ തുടങ്ങി, 1990മുതൽ 2023 വരെ എഴുതിയ കഥകളിൽനിന്ന് തെരഞ്ഞെടുത്ത പന്ത്രണ്ടു കഥകളാണ് ചെറുകഥാ സമാഹാരത്തിൽ ഉള്ളത്. ദീപ ഭസ്തിയാണ് പരിഭാഷപ്പെടുത്തിയത്.'ദക്ഷിണേന്ത്യയിലെ മുസ്ലീം പെൺകുട്ടികളുടെയും അമ്മമാരുടെയും നിത്യജീവിതത്തിലെ അനുഭവങ്ങളാണ് കഥകളിലുള്ളത്. ബുക്കർ സമ്മാനത്തിന്റെ അന്തിമ പട്ടികയിൽ ആറ് കൃതികളുണ്ടായിരുന്നു. ബാനുവിന്റേതൊഴികെ മറ്റ് അഞ്ചെണ്ണവും നോവലാണ്.
‘‘കർണാടകത്തിലെ ഹാസനിലെ ഒരു ഗ്രാമത്തിൽ പിറന്ന കഥകൾക്ക് വിശ്വവ്യാപകത്വം ലഭിച്ചതിൽ സന്തോഷമുണ്ട്. ഒരു കഥയും പ്രാദേശികമായി ചുരുക്കി കാണേണ്ടതല്ല. കഥകളിലെ പ്രമേയങ്ങൾ ലോകമെങ്ങും സംഭവിക്കുന്നതാണ്. എനിക്ക് ലഭിച്ച പുരസ്കാരം വ്യക്തിക്കുള്ളതല്ല, ഈ സമൂഹത്തിനുള്ളതാണ്- ’’–- ബുക്കർ സമ്മാനം സ്വീകരിച്ച് ബാനു പറഞ്ഞു.
ലങ്കേഷ് പത്രികയുടെ ലേഖികയായിരുന്നു ബാനു. പി ലങ്കേഷുമായും ഗൗരി ലങ്കേഷുമായും ഉറ്റബന്ധം ഉണ്ടായിരുന്നു. ഒരു മുസ്ലിം സ്ത്രീയ്ക്ക് നേരിടേണ്ടിവന്ന ദുരനുഭവത്തെക്കുറിച്ച് ബാനു ലേഖനമെഴുതി. ഒരിക്കൽ ഒരു മുസ്ലിം സ്ത്രീ തിയറ്ററിൽ സിനിമ കാണാൻ പോയി. സമുദായത്തിൽ ഇത് കോലാഹലം സൃഷ്ടിച്ചു.അവളുടെ വീട്ടിലേക്കുള്ള കുടിവെള്ളവിതരണം വിഛേദിച്ചു. പലതരത്തിൽ ഉപദ്രവിച്ചു. രൂക്ഷഭാഷയിൽ അതിനെതിരെ പ്രതികരിച്ച ബാനുവിനുനേരെ ആക്രമണങ്ങളുണ്ടായി. നിങ്ങളുടെ പത്രപ്രവർത്തനത്തിൽ അഭിമാനം കൊള്ളുന്നുവെന്ന് ബാനുവിനെ ലങ്കേഷ് പ്രശംസിച്ചു.
ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ ബാനു രോഷം പ്രകടിപ്പിച്ചിരുന്നു. അഗ്നിയിൽ കടഞ്ഞെടുത്ത തൂലിക എന്നാണ് ഗൗരിയുടെ എഴുത്തിനെ അവർ വിശേഷിപ്പിച്ചത്. ദളിതരും നിരാലംബരുമായ ജനങ്ങളുടെ ശബ്ദമായിരുന്നു ഗൗരിയെന്നും താൻ കഥകളിലൂടെ ഗൗരിയുടെ ദൗത്യം ഏറ്റെടുക്കുന്നെന്നും ബാനു പറഞ്ഞു. അനുഭവങ്ങളുടെ തീക്ഷ്ണതയിൽ തുടിച്ചുയർന്നതാണ് ബാനു മുഷ്‌താക്കിന്റെ കഥകൾ.









0 comments