ad
Deshabhimani

ആത്മഹത്യയിലേയ്ക്ക് തള്ളിവിടുന്നു

അനധികൃത ലോൺ ആപ്പുകൾക്കെതിരെ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ

Loan App

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Apr 20, 2026, 10:08 PM | 2 min read

തിരുവനന്തപുരം: അന‌ധികൃത ലോൺ ആപ്പുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ. സാമ്പത്തിക മേഖലയിലെ അനാശാസ്യ പ്രവർത്തനങ്ങൾക്ക് വേദിയൊരുക്കുന്നതിനൊപ്പം ലോൺ ആപ്പുകൾ ജനങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. ഈടില്ലാതെ വായ്പ എന്ന ആകർഷക വാഗ്ദാനത്തിലൂടെയാണ് ഇത്തരം ആപ്പുകൾ ഇടപാടുകാരെ ആകർഷിക്കുന്നത്. ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്ന മുറയ്ക്ക് ഫോണിലെ കോൺടാക്ട് ലിസ്റ്റ്, ഫോട്ടോകൾ, വീഡിയോകൾ, ലൊക്കേഷൻ വിവരങ്ങൾ എന്നിവയിലേക്ക് ആപ്പിന് പൂർണ്ണമായ അനുമതി ലഭിക്കുന്നു.


വിദ്യാർഥികൾ, സാധാരണക്കാർ, വീട്ടമ്മമാർ എന്നിവരാണ് കൂടുതലായി ഇത്തരം ചതിയിൽപ്പെടുന്നത് എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കൊള്ളപ്പലിശ ഈടാക്കുന്നതിനൊപ്പം വായ്പ അനുവദിക്കുന്ന സമയത്തുതന്നെ വലിയ തുക സർവീസ് ചാർജായി ഈടാക്കുകയും ചെയ്യുന്നു. ഒന്ന് മുതൽ പന്ത്രണ്ട് തവണകളായി തിരിച്ചടയ്ക്കാവുന്ന ചെറുകിട ഹ്രസ്വകാല വായ്പകളാണ് അനുവദിക്കുന്നത്. ഈ വായ്പകൾക്ക് 100 ശതമാനത്തിലധികം വാർഷിക പലിശ ഈടാക്കുന്നതും പതിവാണ്. ആപ്പുകൾ ഏതൊക്കെ കമ്പനികളുടെയോ ബാങ്കുകളുടെയോ ആണെന്ന് വ്യക്തമായി തിരിച്ചറിയാനാകാത്ത സാഹചര്യമുണ്ട്. അധികൃതവും അനധികൃതവുമായ നിരവധി ലോൺ ആപ്പുകൾ നിലവിലുണ്ട്.


തിരിച്ചടവിനായി വിവിധ ഏജൻസികളെ ഉപയോഗിക്കുകയും പാകിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലെ ഫോൺ നമ്പറുകൾ ഉൾപ്പെടെ ഉപയോഗിക്കുകയും ചെയ്യുന്നത് പോലീസിൽ നിന്ന് രക്ഷപ്പെടാനുള്ള തന്ത്രമാണ്. വായ്പ തിരിച്ചടക്കുന്നതിൽ വീഴ്ച വരുമ്പോൾ ഫോണിലുള്ള ഫോട്ടോകൾ മോർഫ് ചെയ്ത് ബന്ധുക്കൾക്കും സുഹൃത്തുകൾക്കും അയക്കും എന്ന ഭീഷണിയിലൂടെ തിരിച്ചടവിന് പ്രേരിപ്പിക്കുകയാണ് ഇവരുടെ മറ്റൊരു രീതി. ആദ്യം മോർഫ് ചെയ്ത ചിത്രങ്ങൾ വായ്പ എടുത്ത വ്യക്തിക്ക് തന്നെ അയക്കുന്നു. ഇത്തരം ഭീഷണികൾ മാനസിക സംഘർഷത്തിനും പലപ്പോഴും ആത്മഹത്യയിലേക്കും ഇടയാക്കുന്നു.


അടുത്തിടെ കേരള പോലീസ് പിടികൂടിയ ലോൺ ആപ്പ് സംഘത്തിന്റെ ഓഫീസ്, സിംബോക്സ് അടക്കമുള്ള സൗകര്യങ്ങളോടെ 40-ൽ അധികം ജീവനക്കാരുമായി പ്രവർത്തിച്ചിരുന്നുവെന്നത് പുറത്തുവന്നിട്ടുണ്ട്. നിരവധി ഗുണ്ടാസംഘങ്ങളും ലോൺ ആപ്പുകൾക്കായി പ്രവർത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. റിസർവ് ബാങ്ക്, അവരുടെ നിയന്ത്രണത്തിലുള്ള കമ്പനികളുടെ ലോൺ ആപ്പുകളുടെ പട്ടിക ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. അനധികൃത ആപ്പുകളെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങളും ആർ ബി ഐ യുടെ സൈറ്റിൽ ലഭ്യമല്ല. ഒരേ ആപ്പ് പല കമ്പനികൾക്കും സേവനം നൽകുന്ന രീതിയും നിലവിലുണ്ട്. ലോൺ ലഭ്യമാണോ എന്ന് പരിശോധിച്ചാൽ പോലും അക്കൗണ്ടിൽ തുക ക്രെഡിറ്റ് ചെയ്യപ്പെടുന്ന സാഹചര്യം ഉണ്ടാകുന്നു. വായ്പയുടെ അംഗീകാരവും കരാറുകളും മുഴുവനായും ഡിജിറ്റൽ രീതിയിലാണ്.


വായ്പ എടുത്തതിന് ശേഷം നിശ്ചിത സമയത്തിനുള്ളിൽ, യാതൊരു ചാർജുകളും ഇല്ലാതെ അത് റദ്ദാക്കാനുള്ള സൗകര്യം നൽകണം എന്ന റിസർവ് ബാങ്ക് നിർദ്ദേശം പല സ്ഥാപനങ്ങളും പാലിക്കുന്നില്ല. ലോൺ ആപ്പുകൾക്കെതിരെ പരാതികൾ വ്യാപകമായിട്ടുണ്ടെങ്കിലും നടപടി വൈകുകയോ നാമമാത്രമാകുകയോ ചെയ്യുന്ന അവസ്ഥയാണ് നിലവിൽ. അധികൃതവും അനധികൃതവുമായ ലോൺ ആപ്പുകളുടെ വ്യക്തമായ വിവരങ്ങൾ പ്രസിദ്ധീകരിക്കുകയും നിയമവിരുദ്ധ മാർഗങ്ങളിലൂടെ ഭീഷണിപ്പെടുത്തുന്ന ആപ്പുകൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുകയും ചെയ്ത് ബാങ്കിംഗ് മേഖലയിലെ അനാശാസ്യ പ്രവർത്തനങ്ങൾക്ക് അറുതി വരുത്താൻ കേന്ദ്രസർക്കാരും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും പോലീസ് സംവിധാനവും മുന്നോട്ട് വരണം. ബാങ്കുകൾ, സഹകരണ ബാങ്കുകൾ, സംഘങ്ങൾ എന്നിവ ചെറുകിട ഹ്രസ്വകാല വായ്പകൾ കൂടുതൽ എളുപ്പത്തിൽ ജനങ്ങൾക്ക് ലഭ്യമാക്കുകയും വ്യവസ്ഥകൾ ലഘൂകരിക്കുകയും ചെയ്യണമെന്നും ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു. വായ്പ എടുക്കുന്നതിനായി അംഗീകൃത സ്ഥാപനങ്ങളെ മാത്രം സമീപിക്കണമെന്ന് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.







deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home