വാഴക്കുലകൾക്കുള്ളിൽ ഒളിപ്പിച്ച് വൻതോതിൽ എംഡിഎംഎ കടത്ത് ; 31 കാരൻ പിടിയിൽ

ധനേഷ് എസ് നായർ
ആലുവ: വാഴക്കുലകൾക്കുള്ളിൽ ഒളിപ്പിച്ച് കേരളത്തിലേക്ക് ലഹരിമരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി പിടിയിൽ. ഹരിപ്പാട് പായിപ്പാട് വീയപുരം വില്ലേജ് പറയ്യിൽ വീട്ടിൽ ധനേഷ് എസ് നായർ ആണ് ആലുവ പൊലീസിന്റെ പിടിയിലായത്. ഇയാളിൽനിന്ന് 803 ഗ്രാം ഹഷീഷ് ഓയിലും എട്ട് ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു.
ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് വൻതോതിൽ എംഡിഎംഎ എത്തിച്ച് വിതരണം ചെയ്യുന്ന സംഘത്തിലെ മുഖ്യപ്രതിയാണ് ധനേഷെന്ന് പൊലീസ് പറഞ്ഞു. നിലവിൽ മൈസൂരുവിനടുത്ത് നഞ്ചൻഗുഡുവിലാണ് ഇയാൾ താമസിക്കുന്നത്. ഇവിടെ സ്വന്തമായുള്ള വാഴത്തോട്ടങ്ങളും കൃഷിയിടങ്ങളും ലഹരിക്കടത്തിന് മറയാക്കിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
ആലുവയിലെ പ്രമുഖ ലോഡ്ജിൽ നടത്തിയ പരിശോധനയിൽ അറസ്റ്റിലായ പള്ളുരുത്തി തെരേഭാഗം കുട്ടത്തിപ്പറമ്പിൽ വീട്ടിൽ ഹരികൃഷ്ണന്റെ ഫോണിൽനിന്ന് ലഭിച്ച വിവരങ്ങളാണ് ധനേഷിലേക്ക് അന്വേഷണസംഘത്തെ എത്തിച്ചത്.
തുടർന്ന് പ്രത്യേക അന്വേഷണസംഘം തമിഴ്‌നാട്ടിലും കർണാടകയിലും അന്വേഷണം വ്യാപിപ്പിച്ചു. ഒടുവിൽ അങ്കമാലിയിൽവെച്ചാണ് ധനേഷിനെ പിടികൂടിയത്. ലഹരിക്കടത്ത് ശൃംഖലയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി അന്വേഷണം തുടരുകയാണ്.









0 comments