Deshabhimani

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന് ചുറ്റും ഡ്രോണുകൾ പറത്തുന്നതിന് നിരോധനം

nedumpasseri airport
വെബ് ഡെസ്ക്

Published on Jun 16, 2025, 06:23 PM | 1 min read

കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ (റെഡ് സോൺ) മൈക്രോലൈറ്റ് എയർക്രാഫ്റ്റ്, എയ്റോ മോഡലുകൾ, പാര ഗ്ലൈഡറുകൾ, ആളില്ലാ വ്യോമ സംവിധാനങ്ങൾ (UAS), ഡ്രോണുകൾ, പവർ ഹാൻഡ് ഗ്ലൈഡറുകൾ, ലേസർ രശ്മികൾ, ഹോട്ട് എയർ ബലൂണുകൾ എന്നിവയുടെ ഉപയോഗം നിരോധിച്ച് എറണാകുളം ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കലക്ടർ എൻ എസ് കെ ഉമേഷ് ഉത്തരവിട്ടു.


വിമാനത്താവള ഡയറക്ടർ, എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി, ആലുവ എന്നിവിടങ്ങളിൽ നിന്ന് ലഭിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി. ഈ ഉപകരണങ്ങളുടെ അനധികൃത ഉപയോഗം വിമാനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് റിപ്പോർട്ടുകളിൽ അറിയിച്ചിരുന്നു. റൺവേയുടെ സമീപത്തും ലാൻഡിംഗ് പാതയിലും ഇവ പറത്തുന്നത് വിമാനങ്ങളുടെ സുരക്ഷയ്ക്ക് ഗുരുതര ഭീഷണിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.


വിമാനങ്ങളുടെ സുരക്ഷിതമായ ലാൻഡിംഗ്, ടേക്ക് ഓഫ്, പറക്കൽ പ്രവർത്തനങ്ങൾ എന്നിവ ഉറപ്പാക്കുന്നതിന് ഭാരതീയ നാഗരിക് സുരക്ഷാ സംഹിത-2023 ലെ സെക്ഷൻ 163 പ്രകാരമാണ് ജില്ലാ കലക്ടർ ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. റെഡ് സോണിൽ ഈ ഉപകരണങ്ങൾ ഉപയോഗിക്കാൻ ആർക്കും അനുവാദമില്ല. ഇത്തരം പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കണമെന്നും കലക്ടർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home