print edition അഴീക്കോടൻദിനം ആചരിക്കുക

തിരുവനന്തപുരം: സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായിരിക്കെ കൊലചെയ്യപ്പെട്ട അഴീക്കോടൻ രാഘവന്റെ 54–ാം രക്തസാക്ഷിത്വവാർഷികം 23ന് ആചരിക്കും. പാർടി ഓഫീസുകള്‍ അലങ്കരിച്ചും പതാക ഉയര്‍ത്തിയും അനുസ്മരണ സമ്മേളനംചേര്‍ന്നും ദിനാചരണം സംഘടിപ്പിക്കാൻ സംസ്ഥാന സെക്രട്ടറിയറ്റ് അഭ്യർഥിച്ചു.
1972 സെപ്തംബര്‍ 23നാണ് കോണ്‍ഗ്രസിന്റെ പിന്തുണയോടെ തീവ്രവാദ പൊയ്‌മുഖമണിഞ്ഞ സംഘം തൃശൂർ ചെട്ടിയങ്ങാടിയിൽവച്ച് അഴീക്കോടനെ കൊല ചെയ്തത്. ഇടതുമുന്നണി കൺവീനറായിരുന്നു അദ്ദേഹം. ഇടത് തീവ്രവാദ നിലപാടുകൾക്കും വലതു പരിഷ്‌കരണവാദത്തിനും എതിരെ പൊരുതി.
രാജ്യത്തെ മതരാഷ്ട്രമാക്കി മാറ്റാന്‍ ലക്ഷ്യമിടുന്ന മോദി ഭരണമാണിപ്പോൾ കേന്ദ്രത്തിൽ. ബിജെപി, ആര്‍എസ്എസ് വാഴ്ച അവസാനിപ്പിക്കാൻ ജനകീയമുന്നേറ്റങ്ങള്‍ ഉയര്‍ന്നുവരേണ്ടതുണ്ട്. കേരളത്തിലെ യുഡിഎഫ് സർക്കാരാകട്ടെ മുൻ എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന, ക്ഷേമ പദ്ധതികള്‍ അട്ടിമറിച്ച് കോര്‍പറേറ്റ് പ്രീണന നയങ്ങൾ നടപ്പാക്കുന്നു. വിദ്യാഭ്യാസമേഖലയിലെ കാവിവൽക്കരണം തെരഞ്ഞെടുപ്പിലെ ബിജെപി സഹായത്തിന് പ്രത്യുപകാരമാണ്. ഇതിനെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ഥികളെ മര്‍ദിച്ചും കള്ളക്കേസില്‍ കുടുക്കിയും വേട്ടയാടുന്നു. സമൂഹമാധ്യമങ്ങളിലെ വിമർശങ്ങൾക്കുപോലും കേസെടുക്കുന്നു. ജനവിരുദ്ധ, വിദ്യാർഥി വിരുദ്ധ നിലപാടുകൾക്കെതിരായ പ്രതിരോധമാക്കി അഴീക്കോടന്റെ സ്‌മരണ മാറ്റണമെന്ന് സംസ്ഥാന സെക്രട്ടറിയറ്റ് അഭ്യർഥിച്ചു.










0 comments