ad
Deshabhimani

വ്യാജവാർത്തകൾക്ക് പിന്നിൽ ഓഡിറ്ററുടെ കള്ളക്കളിയെന്ന് സൂചന; ചില ഉദ്യോ​ഗസ്ഥരും കൂട്ടുനിന്നു

Global Ayyappa Sangamam
വെബ് ഡെസ്ക്

Published on Feb 14, 2026, 04:26 PM | 3 min read

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തെ വിവാദത്തിലാക്കാൻ വ്യാജവാർത്തകൾ പ്രചരിച്ചതിനു പിന്നിൽ ഓഡിറ്ററുടെ കള്ളക്കളിയെന്ന്‌ സംശയം. ദേവസ്വം ബോർഡിലെ ചില ഉദ്യോഗസ്ഥരും ഇതിനായി ഒത്താശചെയ്‌തു. വിജയൻ അസോസിയേറ്റ്‌സ് എന്ന സ്ഥാപനമാണ് ഓഡിറ്റ് ചെയ്‌തത്. ദേവസ്വം ബോർഡിനോട്‌ വിശദീകരണം തേടാതെ ഏകപക്ഷീയമായാണ് ഓഡിറ്റ് റിപ്പോർട്ട് പുറത്തുവിട്ടതെന്ന്‌ ആക്ഷേപം ഉയർന്നിട്ടുണ്ട്‌.


ഹൈക്കോടതിയിൽ സമർപ്പിച്ചതായി പറയുന്ന ഓഡിറ്റ് റിപ്പോർട്ട് ദേവസ്വം ബോർഡ് അംഗീകരിച്ചതല്ലെന്ന്‌ വ്യക്തമായിട്ടുണ്ട്‌. ദേവസ്വം ബോർഡ് യോഗം അംഗീകരിക്കാത്ത ഓഡിറ്റ് റിപ്പോർട്ട് ഉദ്യോഗസ്ഥനോ സ്പെഷ്യൽ കമീഷണറോ ഹൈക്കോടതിക്ക് സമർപ്പിച്ചുവെങ്കിൽ അതിന് നിയമപരമായ പിൻബലം ഉണ്ടാകില്ല. ഹൈക്കോടതി പരിശോധിക്കുന്നതിന് മുമ്പ്‌ ഇത്‌ മാധ്യമങ്ങൾക്ക്‌ കിട്ടിയത്‌ എങ്ങനെയെന്ന്‌ വിശദീകരിക്കാൻ വിജയൻ അസോസിയേറ്റ്‌സ്‌ ബാധ്യസ്ഥരാണ്‌. രാഷ്‌ട്രീയ ദുരുദ്ദേശ്യമുണ്ടെന്ന സംശയം ഉയരുന്നത്‌ അതുകൊണ്ടാണ്‌.


ആശയക്കുഴപ്പം ഉള്ള കാര്യങ്ങളിൽ വ്യക്തത വരുത്താതെ റിപ്പോർട്ട്‌ മാധ്യമങ്ങളുമായി ഓഡിറ്റ് റിപ്പോർട്ട് പങ്കുവെച്ചത്‌ എന്തിനാണെന്ന ചോദ്യത്തിന്‌ മറുപടി ലഭിക്കേണ്ടതുണ്ട്. ചില മാധ്യമങ്ങളെ തെരഞ്ഞെടുത്ത്‌ വിവരങ്ങൾ നൽകുകയായിരുന്നു. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരിലെ കോൺഗ്രസ്‌ സംഘടനയിൽപെട്ട ചിലരും ഇതിൽ കൂട്ടു ചേർന്നിട്ടുണ്ട്.


'നന്ദഗോവിന്ദം ഭജൻസ്' പാടാൻ എത്തിയിട്ടില്ലെന്ന്‌ ദേവസ്വം ബോർഡ്‌ ഉദ്യോഗസ്ഥർക്ക് അറിയാവുന്നതാണ്‌. വൗച്ചർ ഇല്ലാത്തതുകൊണ്ട്‌ നന്ദ ഗോവിന്ദം ഭജൻസിന് തുക നൽകിയിട്ടില്ലെന്നും മനസിലാക്കാം. ഇ‍ൗവന്റ് മാനേജ്‌മെന്റ്‌ സ്ഥാപനത്തിന്റെ അക്കൗണ്ടിൽ നിന്ന് നന്ദഗോവിന്ദം ഭജൻസിന്റെ അക്കൗണ്ടിലേക്ക് തുക പോകണം. ഇങ്ങനെ ഉണ്ടായിട്ടില്ല. പകരം പാടാൻ വന്ന ഇഷാൻ ദേവിന്റെ അക്കൗണ്ടിലേക്ക് തുക പോവുകയും ചെയ്തിട്ടുണ്ട്. ടിഡിഎസ് ഈടാക്കിയശേഷമാണ് പണംനല്‍കിയത്. എന്നിട്ടും ഓഡിറ്റര്‍ ദേവസ്വം ബോർഡിന്റെ വിശദീകരണം തേടിയില്ല. ഫിസിക്കൽ പരിശോധന നടത്താതെ പണം ദുർവ്യയം ചെയ്തു എന്ന് ഓഡിറ്റർ എഴുതിവെച്ചത് സംശയാസ്പദമാണ്. പണം ദുർവ്യയം ചെയ്‌തതായി സ്ഥാപിച്ചുവെങ്കിലും അവ പരിശോധിക്കാൻ ഓഡിറ്റർക്ക് തോന്നിയില്ല.


മുഖ്യമന്ത്രിക്കുള്ള കട്ടിൽ പച്ചക്കള്ളം


‘മുഖ്യമന്ത്രിക്ക് കിടക്കാനുള്ള കട്ടിൽ വാങ്ങാൻ ഒരു ലക്ഷം രൂപ' എന്ന ആരോപണവും പച്ചക്കള്ളമാണ്‌. ഗസ്റ്റ് ഹൗസ് നവീകരണത്തിന് ചെലവാക്കിയ പണമാണ് മുഖ്യമന്ത്രിക്കുള്ള കട്ടിൽ എന്നാക്കി മാറ്റിയത്. ഈ കട്ടിൽ ഇട്ടിട്ടുള്ളത് അന്നേ ദിവസം മുഖ്യമന്ത്രി കിടന്ന മുറിയിലും ആയിരുന്നില്ല. ഇത് മാതൃഭൂമി പത്രവും ചാനലും ബോധപൂർവം നടത്തിയ നുണപ്രചാരണം ആണ്.


ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ എന്ന സ്ഥാപനത്തിനാണ് അയ്യപ്പ സംഗമം കരാർ നൽകിയത്. ഇത് ഊരാളുങ്കലിന്റെ സഹോദര സ്ഥാപനം അല്ല. സംസ്ഥാന ലേബർ വകുപ്പിന് കീഴിലെ സ്ഥാപനം ആണ്. നിലവിൽ ഈ സ്ഥാപനത്തിന്റെ ഓപ്പറേഷൻ ഏറ്റെടുത്തിരിക്കുന്നത് ഊരാളുങ്കൽ ആണെന്ന് മാത്രം.


പണം കിട്ടിയെന്ന് ആദ്യം, പിന്നെ മാറ്റിപ്പറഞ്ഞു


പരിമിത സമയത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ലോകമെമ്പാടും നിന്നുള്ള അതിഥികൾ, കലാകാരന്മാർ, അവരുടെ താമസ സൗകര്യം അടക്കം ഏറ്റെടുക്കാൻ ദേവസ്വം ബോർഡിന് കഴിയില്ലായിരുന്നു. ജില്ലാ ജഡ്ജി ആയ ശബരിമല സ്പെഷ്യൽ കമീഷണർ ഹൈക്കോടതിയിൽ നൽകിയ നൽകിയ റിപ്പോർട്ടിൽ പറയുന്നത്‌ ദേവസ്വം ബോർഡ് മുൻകൂർ ആയി നൽകിയ മൂന്നു കോടി രൂപ തിരിച്ചു കിട്ടി എന്നാണ്. എന്നാൽ ഇക്കഴിഞ്ഞ ദിവസം ഇതേ സ്പെഷ്യൽ കമീഷണർ ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നത് ദേവസ്വം ബോർഡ് ജനറൽ ഫണ്ടിൽ നിന്ന് നൽകിയ രണ്ടു കോടി തിരികെകിട്ടിയില്ല എന്നും. പണം തിരികെ ലഭിച്ചു എന്ന് നവംബറിൽ പറഞ്ഞ അതേ വ്യക്തി ഫെബ്രുവരിയിൽ തിരികെ കിട്ടിയില്ല എന്ന് പറയുന്നത് ദുരുദ്ദേശപരമാണ്.


മൂന്ന് കോടി രൂപ മാത്രമാണ് ചെലവഴിച്ചതെന്ന്‌ ദേവസ്വംബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്ത് വ്യക്തമാക്കിയിട്ടുണ്ട്. ഈ തുക പൂർണമായും സ്പോൺസർഷിപ്പായി കിട്ടിയതാണ്. ഒരു കോടി രൂപ കൂടി സ്‌പോൺസർഷിപ് ആയി വന്നിട്ടുണ്ട്. ചെലവ് തുക സംബന്ധിച്ച് ദേവസ്വം കമീഷണർ കഴിഞ്ഞ നവംബർ നാലിന്‌ കോടതിയിൽ നൽകിയ ഇടക്കാല റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന തുക 4.5 കോടിയും ജിഎസ്‌ടിയും എന്നാണ്. മൊത്തം 10.99 കോടി രൂപ സംഗമത്തിന് ചെലവായി എന്നാണ് ‘മാതൃഭൂമി’ റിപ്പോർട്ട് ചെയ്യുന്ന കണക്കിൽ പറയുന്നത്.


അയ്യപ്പ സംഗമം അവസാനിച്ച ദിവസം കൂടുതൽ ആളുകൾക്ക് ഭക്ഷണം നൽകിയതായി കണക്കാക്കി അനധികൃതമായി തുക എഴുതി എടുത്തു എന്ന ആരോപണം 'മലയാള മനോരമ' ഉന്നയിക്കുന്നുണ്ട്. ഭക്ഷണത്തിൽ വിവേചനം ഉണ്ടാകാൻ പാടില്ല എന്ന നിലപാടാണ് ദേവസ്വം ബോർഡ് സ്വീകരിച്ചത്. ദർശനത്തിന് എത്തിയ അയ്യപ്പ ഭക്തർ, ദിവസ വേതന തൊഴിലാളികൾ, ഡോളി തൊഴിലാളികൾ തുടങ്ങി ഭക്ഷണ ശാലയിൽ എത്തിയ എല്ലാവർക്കും ഭക്ഷണം നൽകിയിരുന്നു. കണക്കാക്കിയ സംഖ്യയുടെ ഇരട്ടിയിൽ അധികം ആളുകൾക്ക് ഭക്ഷണം നൽകിയിട്ടുണ്ട്.


കൊടിമരം പുനഃസ്ഥാപിച്ചതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കൾ പ്രതികൾ ആകുന്ന സാഹചര്യത്തിൽ തെറ്റായ കണക്കുകൾ ഉദ്ധരിച്ച് ആശയക്കുഴപ്പം ഉണ്ടാക്കാനുള്ള ശ്രമം ആണ് വ്യാജവാർത്തകളിലുടെ നടത്തുന്നതെന്ന്‌ വ്യക്തം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home