അയ്യപ്പ സംഗമം: ശബരിമലയെ ആഗോള തീർഥാടന കേന്ദ്രമാക്കും; വിവാദങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യം- മന്ത്രി

ശബരിമല: ശബരിമലയെ ആഗോള തീർഥാടനകേന്ദ്രമാക്കുകയെന്ന ലക്ഷ്യത്തോടെ മാത്രമാണ് അയ്യപ്പ സംഗമം സംഘടിപ്പിച്ചതെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ. ശബരിമലയുടെ പശ്ചാത്തല വികസനത്തിനുള്ള ചർച്ചകളിലാണ് അയ്യപ്പ സംഗമത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. മറ്റ് വിവാദങ്ങളൊക്കെ അനാവശ്യമാണ്. അയ്യപ്പ സംഗമത്തിനെതിരെ പ്രചാരണം നടക്കുന്നവർക്ക് പല രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടാകാമെന്നും മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്റെ ഉദ്ഘാടന പ്രസംഗത്തിന് ശേഷം അയ്യപ്പ സംഗമത്തിന് എത്തിയ ആളുകൾ മടങ്ങിപോയി എന്ന് വ്യാജപ്രചാരണം നടന്നു. ഉദ്ഘാടന സെക്ഷൻ കഴിഞ്ഞ് മൂന്ന് ഹാളുകളിലായി നടക്കുന്ന സെക്ഷനുകളിൽ പങ്കെടുക്കാൻ ആളുകൾ പോയതാണ് തെറ്റായി പ്രചരിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു.
ആർക്കും പരാതികളോ പരിഭവങ്ങളോ ഇല്ലാതെയാണ് അയ്യപ്പ സംഗമം സമാപിച്ചത്. 4,126 പേരാണ് ആഗോള അയ്യപ്പസംഗമത്തിൽ പങ്കെടുത്തത്. മറ്റു സംസ്ഥാനങ്ങളിൽനിന്ന് 2125 പേരും, വിദേശരാജ്യങ്ങളിൽനിന്ന് 182 പേരും പങ്കെടുത്തു. ആകെ 15 രാജ്യങ്ങളിൽനിന്നും 14 സംസ്ഥാനങ്ങളിൽനിന്നും പങ്കാളിത്തമുണ്ടായി.
സംഘാടകർ പ്രതീക്ഷിച്ചതിനേക്കാൾ വലിയ വിജയമായി സംഗമം മാറി. വിവിധ വിഷയങ്ങളിലുള്ള ചർച്ചകൾ വിജയകരമായി അവസാനിച്ചു. 3000 പേരുടെ പങ്കാളിത്തമായിരുന്നു ആദ്യം തീരുമാനിച്ചത്. കൂടുതൽ അഭ്യർഥന വന്നപ്പോൾ 3,500 പേരാക്കി. എന്നാൽ അതിലും കവിഞ്ഞുള്ള പങ്കാളിത്തമാണ് ഉണ്ടായതെന്ന് മന്ത്രി പറഞ്ഞു.
കേരളത്തിൽനിന്ന് 1,819 പേർ പങ്കെടുത്തു. ശ്രീലങ്ക 39, മലേഷ്യ 13 , കാനഡ 12, യുഎസ്എ 5, അബുദബി 18, ദുബായ് 16, ഷാർജ 19, അജ്മാൻ 3, ബഹറിൻ 11, ഒമാൻ 13, ഖത്തർ 10, സിംഗപ്പൂർ 8, യുകെ 13, സൗദി 2 എന്നിങ്ങനെയാണ് വിദേശ പങ്കാളിത്തം. തമിഴ്നാട് 1545, ആന്ധ്രാപ്രദേശ് 90, തെലങ്കാന 182, കർണാടക 184, മഹാരാഷ്ട്ര 43, പോണ്ടിച്ചേരി 53, യുപി 4, ഗുജറാത്ത് 4, ഡൽഹി 2, ഹരിയാന 1, ഛത്തീസ്ഗഡ് 4, അസം 1, ഒഡീഷ 12 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിൽ നിന്നും പങ്കെടുത്തവരുടെ കണക്ക്.
ഉദ്ഘാടനസമ്മേളനത്തിനു ശേഷം ചർച്ചകളിലേക്ക് പോകേണ്ടവർ പേരുകൾ നൽകിയിരുന്നു. ഇതിൽ ഒരു കൗണ്ടറിൽ 640 എന്ന എണ്ണം കണ്ട് അയ്യപ്പസംഗമത്തിൽ 640 പേർ മാത്രം പങ്കെടുക്കുന്നു എന്ന രീതിയിൽ പ്രചാരണം നടന്നു. കണക്കുകൾ ആർക്കും പരിശോധിക്കാമെന്ന് മന്ത്രി പറഞ്ഞു. മികച്ച ഓഡിറ്റോറിയം സമ്മേളനത്തിന്റെ വിജയത്തിൽ പ്രധാന ഘടകങ്ങളിലൊന്നായി. തീർഥാടകർക്ക് തടസമുണ്ടാകാതെയും തികച്ചും ഹരിത ചട്ടം പാലിച്ചുമാണ് സംഗമം നടന്നതെന്നും മന്ത്രി പറഞ്ഞു.









0 comments