'പോറ്റിയെ കേറ്റിയെ' പാട്ടിനെതിരെ ഡിജിപിക്ക് പരാതി; നടപടി ആവശ്യപ്പെട്ട് തിരുവാഭരണ പാത സംരക്ഷണ സമിതി

റാന്നി: അയ്യപ്പ ഭക്തിഗാനത്തെ വികലമാക്കി രാഷ്ട്രീയ ലാഭത്തിനായി പാരഡി ഗാനം നിർമ്മിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. 'പോറ്റിയെ കേറ്റിയെ' എന്ന് തുടങ്ങുന്ന ഗാനത്തിനെതിരെ നടപടി ആവശ്യപ്പെട്ട് തിരുവാഭരണ പാത സംരക്ഷണ സമിതി ഡിജിപിക്ക് പരാതി നൽകി.
മനോഹരമായ ഭക്തിഗാനത്തെ രൂപമാറ്റം വരുത്തി ശരണം വിളികളെ പരിഹാസ്യമായി ഉപയോഗിച്ചത് ഭക്തരുടെ വികാരങ്ങളെ മുറിപ്പെടുത്തുന്നതാണെന്ന് സമിതി ആരോപിച്ചു.
അയ്യപ്പ സ്വാമിയെയും ശരണം വിളികളെയും രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി വലിച്ചിഴയ്ക്കുന്നത് ഭക്തർക്ക് അംഗീകരിക്കാനാവില്ലെന്ന് തിരുവാഭരണ പാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴികാല പറഞ്ഞു.
ഭക്തിഗാനത്തെ വികലമായി ചിത്രീകരിക്കുന്നത് വിശ്വാസികളെ അധിക്ഷേപിക്കുന്നതിന് തുല്യമാണ്. രാഷ്ട്രീയ ലാഭത്തിനായി അയ്യപ്പന്റെ നാമം ഉപയോഗിക്കുന്നത് പ്രതിഷേധാർഹമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അയ്യപ്പ വിശ്വാസികളെയും ഭക്തജനങ്ങളെയും വേദനിപ്പിക്കുന്ന ഇത്തരം പ്രവണതകൾ അനുവദിക്കാനാവില്ലെന്നും സമിതി അറിയിച്ചു. വിഷയത്തിൽ ഡിജിപിയുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടാണ് പരാതി സമർപ്പിച്ചിരിക്കുന്നത്.










0 comments