അയ്യമ്പുഴ ഗ്ലോബൽ സിറ്റി യാഥാർഥ്യമാക്കും: മന്ത്രി പി രാജീവ്

കൊച്ചി : ബംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായി വിഭാവനം ചെയ്ത അയ്യമ്പുഴ ഗ്ലോബൽ സിറ്റി പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ടുപോകുമെന്ന് വ്യവസായമന്ത്രി പി രാജീവ്. അയ്യമ്പുഴയിൽ സ്ഥലം ഉടമകളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയുടെ തുടർനടപടികൾ ഏകോപിപ്പിക്കാൻ കലക്ടർ, എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് എന്നിവരുൾപ്പെട്ട സമിതിക്ക് രൂപംനൽകുമെന്നും മന്ത്രി പറഞ്ഞു.
കൊച്ചി ഗിഫ്റ്റ്സിറ്റി വിഭാവനം ചെയ്തപ്പോൾ കേന്ദ്ര–സംസ്ഥാന സർക്കാരുകൾ പദ്ധതിയുടെ 50 ശതമാനംവീതം തുക പങ്കിടാനാണ് തീരുമാനിച്ചിരുന്നത്. ഗിഫ്റ്റ് സിറ്റി ഗുജറാത്തിനുമാത്രമായി നിശ്ചയിക്കപ്പെട്ടതാണെന്ന് അറിയിച്ചതിനെ തുടർന്ന് ഗ്ലോബൽ സിറ്റി എന്ന് പദ്ധതിയുടെ പേരുമാറ്റി. പദ്ധതിക്ക് അംഗീകാരം തേടി മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ടു. എന്നാൽ, ഈ പദ്ധതിയും വ്യവസായ ഇടനാഴിയുടെ ഭാഗമായി അനുവദിക്കാനാകില്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ഈ സാഹചര്യത്തിലാണ് കൊച്ചിയുടെ മുഖച്ഛായ മാറ്റുന്ന പദ്ധതിയുമായി സംസ്ഥാന സർക്കാർ സ്വന്തംനിലയിൽ മുന്നോട്ടുപോകാൻ തീരുമാനിച്ചത്. 500 ഏക്കർ ഭൂമി ഏറ്റെടുക്കാനും നടപടികൾ ആരംഭിച്ചു. കിഫ്ബിവഴിയായിരിക്കും പദ്ധതി നടപ്പാക്കുക. ഗ്ലോബൽ സിറ്റിയെ ലാഭകരമായി മാറ്റാൻ എങ്ങനെ സാധിക്കുമെന്ന് പരിശോധിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു. റോജി എം ജോൺ എംഎൽഎ അധ്യക്ഷനായി.
നിർദിഷ്ട പദ്ധതിപ്രദേശം മന്ത്രി സന്ദർശിച്ചു. കലക്ടർ എൻ എസ് കെ ഉമേഷ്, കിൻഫ്ര എംഡി സന്തോഷ് കോശി തോമസ്, സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ്, ഏരിയ സെക്രട്ടറി കെ പി റെജീഷ്, പഞ്ചായത്ത് പ്രസിഡന്റ് പി യു ജോമോൻ, ജോസ് തെറ്റയിൽ തുടങ്ങിയവർ പങ്കെടുത്തു.








0 comments