യോഗ ജനകീയമാക്കാൻ ആയുഷ് വകുപ്പ്; തദ്ദേശ സ്ഥാപനങ്ങളെ പ്രത്യേകമായി അംഗീകരിക്കും: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: മികച്ച പ്രവർത്തനങ്ങൾ നടത്തി സമ്പൂർണ യോഗ നേട്ടം കൈവരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളെ പ്രത്യേകമായി അംഗീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. മറ്റുള്ള തദ്ദേശ സ്ഥാപനങ്ങൾക്ക് പ്രചോദനമാകാൻ ഇതേറെ സഹായിക്കും. ഇത്തരം പ്രവർത്തനങ്ങളിലൂടെ സമ്പൂർണ യോഗ പഞ്ചായത്തുകളും മുൻസിപ്പിലിറ്റികളും കോർപറേഷനുകളുമാക്കാനാണ് പരിശ്രമിക്കുന്നത്. സമ്പൂർണ യോഗ സംസ്ഥാനമായി മാറുക എന്നുള്ളതാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി. തൃശൂരിൽ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി.
കേരളത്തെ സംബന്ധിച്ചിടത്തോളം യോഗയ്ക്ക് സവിശേഷമായ പ്രാധാന്യം നൽകിയാണ് ഈ കാലഘട്ടത്തിൽ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് മുന്നോട്ടു പോകുന്നത്. യോഗ ജനകീയമാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സംസ്ഥാനത്ത് 10,000ലധികം യോഗ ക്ലബ്ബുകൾ സ്ഥാപിച്ചത്. എല്ലാ പഞ്ചായത്തുകളിലും യോഗ ക്ലബ്ബുകൾ സ്ഥാപിക്കുന്നതിന് പ്രത്യേകമായ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. ആയുഷ് സ്ഥാപനങ്ങളിൽ യോഗ പരിശീലിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. അതോടൊപ്പം ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും ജനകീയ ആരോഗ്യ ക്ലബ്ബുകളുടെ നേതൃത്വത്തിൽ യോഗ ഉൾപ്പെടെയുള്ള വെൽനസ് പ്രവർത്തനങ്ങൾ ആരംഭിച്ചു.
കേരളം ആയുർദൈർഘ്യം ഏറ്റവും ഉയർന്ന നിലയിലുള്ള സംസ്ഥാനമാണ്. മാതൃമരണവും ശിശുമരണവും ഏറ്റവും കുറവാണ്. ഏറ്റവും നല്ല ആരോഗ്യ സൂചികകൾ ഉള്ള സംസ്ഥാനം കൂടിയാണ് കേരളം. എങ്കിലും ജീവിതശൈലീ രോഗങ്ങൾ ഒരു വെല്ലുവിളിയാണ്. ജീവിതശൈലി രോഗങ്ങൾ പ്രതിരോധിക്കുന്നതിനും രോഗാതുരത കുറയ്ക്കുന്നതിനും ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തിവരുന്നു.
സമൂഹത്തിൽ രോഗാതുരത കുറയ്ക്കുന്നതിനും ആരോഗ്യമുള്ള ശരീരത്തിനും മനസിനും യോഗ അനിവാര്യമാണ്. ലോകം യോഗയെ കുറിച്ച് സംസാരിക്കുമ്പോൾ കേരളം വലിയൊരു മാതൃക തീർക്കുകയാണ്. യോഗ ദിനത്തിൽ ആയുഷ് വകുപ്പിന്റെ നേതൃത്വത്തിൽ ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തിവരുന്നു. യോഗ ദിനത്തിൽ യോഗ അഭ്യസിക്കാനായി ആയുഷ് കേന്ദ്രങ്ങളിലും ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും ഉൾപ്പെടെ പ്രത്യേകം ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
തൃശൂർ ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ അധ്യക്ഷനായ ചടങ്ങിൽ ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ ഖോബ്രഗഡെ, നാഷണൽ ആയുഷ് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. ഡി സജിത് ബാബു, ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. ടി ഡി ശ്രീകുമാർ, ഹോമിയോപ്പതി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ലീനാ റാണി, ഐഎസ്എം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. അഗ്നീസ് ക്ലീറ്റസ്, ആരോഗ്യ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി പി ശ്രീദേവി, ആയുഷ് മിഷൻ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഡോ. ആർ ജയനാരായണൻ, ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. നിഖില നാരായണൻ, ഡോ. റെനി എന്നിവർ പങ്കെടുത്തു.









0 comments