എ വി റസൽ തൊഴിലാളികളുടെ സംഘാടകൻ

കോട്ടയം: നാലുപതിറ്റാണ്ടിലേറെ യുവജനങ്ങൾക്കും തൊഴിലാളികൾക്കുമൊപ്പമുള്ള സമര വീഥിയിലായിരുന്നു എ വി റസൽ. തൊഴിലാളികളുടെ അവകാശ സമര പോരാട്ടങ്ങൾ മുന്നിൽനിന്ന് നയിച്ചു. ഏത് പ്രതിസന്ധിയിലും അവർക്കൊപ്പം പ്രിയപ്പെട്ട സഖാവുണ്ടായിരുന്നു. ശാരീരിക അസ്വസ്ഥതകൾ ഉണ്ടായ സമയത്തും രാപകൽ തൊഴിലാളികൾക്കായി പ്രവർത്തിച്ചു. ചെറുപ്പത്തിൽ തന്നെ വിദ്യാർഥി - യുവജന പ്രസ്ഥാനങ്ങളിൽ സജീവമായ അദ്ദേഹം പിന്നീടാണ് ജില്ലയിലെ തൊഴിലാളികളുടെ ശബ്ദമായി മാറുന്നത്.
തൊഴിലാളികളുടെ അവകാശ സമരങ്ങൾ നയിച്ച റസൽ അസംഘടിതരായ ഓട്ടോറിക്ഷാ തൊഴിലാളികളെയും സംഘടിപ്പിച്ച് അവരുടെ വിഷയങ്ങൾ പൊതുസമൂഹത്തിന് മുന്നിലെത്തിച്ചു. മദ്യവ്യവസായ തൊഴിലാളികളുടെയും നേതാവായിരുന്നു. ചങ്ങനാശേരി റേഞ്ച് മദ്യ വ്യവസായ തൊഴിലാളി യൂണിയൻ സെക്രട്ടറിയായിരുന്നു. പ്രശ്‌നങ്ങളെ വ്യത്യസ്തമായി സമീപിക്കുകയും എളുപ്പത്തിൽ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനുമുള്ള അദ്ദേഹത്തിന്റെ മികവ് തൊഴിലാളികൾക്കിടയിൽ പ്രിയങ്കരനാക്കി. സിഐടിയു ജില്ലാ സെക്രട്ടറി, ട്രഷറർ ചുമതല വഹിച്ചപ്പോഴും എല്ലാരെയും ഒന്നിച്ച് ചേർത്ത് മുന്നോട്ട് പോകാൻ അദ്ദേഹത്തിനായി. അഖിലേന്ത്യാ വർക്കിങ് കമ്മിറ്റി അംഗവും സംസ്ഥാന കമ്മിറ്റി അംഗവുമാണ്.









0 comments