കണ്ണീർ പ്രണാമം; പ്രിയനേതാവ് എ വി റസലിന്‌ വിടനൽകി നാട്

av russel
വെബ് ഡെസ്ക്

Published on Feb 23, 2025, 12:34 PM | 1 min read

കോട്ടയം: അപ്രതീക്ഷിതമായി പൊലിഞ്ഞ വിപ്ലവനക്ഷത്രം എ വി റസലിന്‌ നിറകണ്ണുകളോട് നാട് വിടനൽകി. ഞായർ പകൽ 12ന്‌ ആയിരങ്ങൾ സാക്ഷിയായി വീട്ടുവളപ്പിലായിരുന്നു സംസ്കാരം. മകൾ ചാരുലതയാണ് ചിതയ്ക്ക് തീക്കൊളുത്തിയത്. പ്രിയനേതാവിനെ അവസാനമായി ഒരുനോക്കുകാണാൻ ആഞ്ഞിലിമൂട്ടിൽ വീട്ടുമുറ്റത്തെക്ക് ഞായറാഴ്ചയും ജനങ്ങൾ ഒഴുകിയെത്തി.


ചെന്നൈയിൽ നിന്ന്‌ ശനിയാഴ്ച രാവിലെ ഒമ്പതോടെയാണ്‌ റസലിന്റെ മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ചത്‌. വെള്ളിയാഴ്‌ച അവിടേയ്‌ക്ക്‌ പോയ മന്ത്രി വി എൻ വാസവനും സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. കെ അനിൽകുമാറും ഓഫീസ്‌ ചുമതലയിലുള്ള ജില്ലാ കമ്മിറ്റി അംഗം കെ പി പ്രശാന്തും ഒപ്പമുണ്ടായിരുന്നു. ഇവരുടെ കരങ്ങളിലൂടെ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എ വിജയരാഘവൻ, സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരിം, എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ, ജോബ്‌ മൈക്കിൾ എംഎൽഎ, കോട്ടയത്തെ ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങൾ എന്നിവർ ചേർന്ന്‌ ഏറ്റുവാങ്ങി. പിന്നീട്‌ കർമ കേന്ദ്രമായ കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക്‌.


റസലിനെ ഇടതുപക്ഷ രാഷ്ട്രീയ മണ്ഡലത്തിലേക്ക്‌ കൈപിടിച്ചെത്തിച്ച മുതിർന്ന നേതാവ്‌ വൈക്കം വിശ്വനും മറ്റ്‌ നേതാക്കളും ഏറെ മുമ്പെ അവിടെ കാത്തിരിക്കുന്നുണ്ടായിരുന്നു. പൊട്ടിക്കരഞ്ഞുകൊണ്ട്‌ വൈക്കം വിശ്വൻ റസിലിന്‌ അന്ത്യാഭിവാദ്യമേകിയപ്പോൾ ഹാളും പരിസരവും കൂടെക്കരഞ്ഞു. സെക്രട്ടറിയറ്റ്‌ അംഗം അഡ്വ. റജി സഖറിയ ‘റസലിന്‌ മരണമി’ല്ലെന്ന്‌ മുദ്രാവാക്യം മുഴക്കിയപ്പോൾ ആയിരങ്ങൾ കടലിരമ്പം പോലെ ഏറ്റുചൊല്ലി.


മുഖ്യമന്ത്രി പിണറായി വിജയൻ അന്ത്യാഭിവാദ്യമർപ്പിക്കാൻ എത്തി. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, മന്ത്രി വി എൻ വാസവൻ, ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ്‌, സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ ഡോ. പി കെ ബിജു, കെ കെ ജയചന്ദ്രൻ, ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ പാർടി പതാക പുതപ്പിച്ചു. തുടർന്ന്‌ ചങ്ങനാശേരി എസി ഓഫീസിൽ പൊതുദർശനം. പിന്നീട്‌ തെങ്ങണയിലെ ആഞ്ഞിലിമൂട്ടിൽ വീട്ടിലേത്തിക്കുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home