ad
Deshabhimani

print edition വിദ്യാർഥി ആവശ്യങ്ങൾ അംഗീകരിച്ച്‌ അധികൃതർ; കെടിയു, കേരള സർവകലാശാല എസ്‌എഫ്‌ഐ മാർച്ച്‌ വിജയം

SFI KTU STRIKE

കേരള സർവകലാശാലയിലേക്ക്‌ എസ്എഫ്ഐ നടത്തിയ മാർച്ചിന്റെ വിജയത്തെതുടർന്ന്‌ സർവകലാശാലാ ആസ്ഥാനത്ത്‌ ആഹ്‌ളാദം പ്രകടിപ്പിക്കുന്ന പ്രവർത്തകർ

avatar
സ്വന്തം ലേഖകൻ

Published on Aug 12, 2026, 01:00 AM | 1 min read

തിരുവനന്തപുരം : അധികൃതരുമായുള്ള ചർച്ചയിൽ വിദ്യാർഥി ആവശ്യങ്ങളിൽ ഭൂരിഭാഗത്തിലും അനുകൂല തീരുമാനമുണ്ടാകുമെന്ന്‌ ഉറപ്പ്‌ ലഭിച്ചതോടെ കേരള സാങ്കേതിക, കേരള സർവകലാശാലകളിലേക്ക്‌ എസ്‌എഫ്‌ഐ നടത്തിയ മാർച്ച്‌ വിജയം. സർവകലാശാലയിലേക്ക്‌ നടത്തിയ മാർച്ച്‌ ആസ്ഥാന മന്ദിരത്തിനുമുന്നിലെ ഗേറ്റിൽവച്ച്‌ പൊലീസ്‌ തടഞ്ഞു. പ്രകോപനമില്ലാതെ പെൺകുട്ടികളെയടക്കം ഉപദ്രവിച്ച പൊലീസ്‌ ജലപീരങ്കി പ്രയോഗിച്ചു. പൊലീസ്‌ പ്രതിരോധം മറികടന്ന്‌ സർവകലാശാലാ വളപ്പിൽ പ്രവേശിച്ച വിദ്യാർഥികൾ ആസ്ഥാന മന്ദിരത്തിനുമുന്നിൽ കുത്തിയിരുന്ന്‌ ഉപരോധിച്ചു. തുടർന്ന്‌ സർവകലാശാലാ രജിസ്‌ട്രാർ ആർ രശ്‌മിയുമായി എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ്‌ എം ശിവപ്രസാദിന്റെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ ഉന്നയിച്ച വിഷയങ്ങൾ പരിഗണിക്കാമെന്ന്‌ ഉറപ്പ്‌ ലഭിച്ചു.


വനിതാ ഹോസ്റ്റലിലെ താമസസൗകര്യങ്ങളുടെ അപര്യാപ്‌തതയും അടിസ്ഥാന സൗകര്യങ്ങളുടെ കുറവും പരിഹരിക്കണം, എൽഎൽബി പരീക്ഷാ മൂല്യനിർണയത്തിൽ സുതാര്യത ഉറപ്പാക്കുക, എഫ്‌വൈയുജിപി വെബ്സൈറ്റ് തകരാർ പരിഹരിക്കുക, സർട്ടിഫിക്കറ്റുകൾ ഓൺലൈനായി ലഭ്യമാകുന്നതിലെ കാലതാമസം പരിഹരിക്കുക, റീവാല്യുവേഷൻ ഫീസ് കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. യൂണിയൻ ഫണ്ട് നൽകാത്തതിനാൽ സർവകലാശാലാ യൂണിയന് പ്രവർത്തിക്കാൻ സാധിക്കുന്നില്ലെന്നും രാഷ്ട്രീയ വൈരാഗ്യംകൊണ്ട് വിദ്യാർഥികൾക്ക് കലോത്സവംപോലും നഷ്ടമായെന്നും എം ശിവപ്രസാദ്‌ പറഞ്ഞു.


ഇയർ ഒ‍ൗട്ട്‌ സിസ്റ്റം പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ടായിരുന്നു സാങ്കേതിക സർവകലാശാലയിലേക്ക്‌ മാർച്ച്‌. വൈസ്‌ ചാൻസലർ സിസ തോമസുമായി നടത്തിയ ചർച്ചയിൽ ആവശ്യം പരിഗണിക്കാമെന്ന്‌ ഉറപ്പ്‌ ലഭിച്ചു. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആർ ഗോപികൃഷ്ണൻ, സംസ്ഥാന കമ്മിറ്റിഅംഗങ്ങളായ ആനന്ദ്‌ എസ്‌ ഉഴമലയ്‌ക്കൽ, അവ്യ കൃഷ്ണ, ആർ ജി ആശിഷ്, ജില്ലാ പ്രസിഡന്റ്‌ വിജയ് വിമൽ, സെക്രട്ടറി എം എ നന്ദൻ തുടങ്ങിയവർ മാർച്ചുകൾക്ക്‌ നേതൃത്വം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home