print edition ആ ഇഷ്ടികകൾ എന്തുചെയ്തു


സ്വന്തം ലേഖകൻ
Published on Mar 24, 2026, 12:00 AM | 1 min read
തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാലയ്ക്കുശേഷം ലഭിക്കുന്ന ഇഷ്ടികകൾ പാവങ്ങൾക്ക് നൽകുന്ന എൽഡിഎഫ് പദ്ധതിയെ സുതാര്യമല്ലാതാക്കിയത് ബിജെപി ഭരണസമിതി. ഇഷ്‌ടികകൾ കോർപറേഷൻ ശേഖരിച്ച് ലൈഫ്, പിഎംഎവൈ ഭവനപദ്ധതി ഗുണഭോക്താക്കൾക്കുൾപ്പെടെ നൽകുന്ന ജനോപകാരമായ പദ്ധതിയാണ് ഏകോപനമില്ലാതെ നടപ്പാക്കാൻ ശ്രമിക്കുന്നത്.
‘കോർപറേഷനിൽ ബിജെപി അധികാരത്തിൽവന്നശേഷം നടക്കുന്ന ആദ്യ പൊങ്കാലയാണെന്നും ഇഷ്‌ടികകൾ എന്തുചെയ്യുമെന്ന് തീരുമാനിച്ചിട്ടില്ല’ എന്നുമായിരുന്നു മേയർ വി വി രാജേഷിന്റെ തുടക്കത്തിലെ പ്രതികരണം. എന്നാൽ, പദ്ധതി തകർത്താൽ ജനവികാരം ഉണ്ടാകുമെന്ന് ഭയന്ന് ഇഷ്‌ടിക ശേഖരിച്ച് സൂക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇത്തവണത്തെ പൊങ്കാലയ്ക്കുശേഷം ഓവർബ്രിഡ്ജ് എസ്‌എംവി എച്ച്‌എസ്‌എസിലും വുറകുപുരക്കോട്ട എയുപിജിഎസ് സ്കൂളിലുമായിരുന്നു അശാസ്ത്രീയമായി ഇഷ്ടിക കൂട്ടിയിട്ടത്.
പരീക്ഷാകാലത്ത് വിദ്യാർഥികൾക്ക് ഇത് വലിയ പ്രതിസന്ധിയുണ്ടാക്കി. പൊടിയടിച്ച് അസ്വസ്ഥതയുണ്ടായി. ഇതോടെ മാധ്യമങ്ങളെ വിളിച്ചുകൂട്ടി ഗുണഭോക്താക്കളെന്ന പേരിൽ കുറച്ചുപേർക്ക് ഇഷ്ടിക നൽകി. തെരഞ്ഞെടുപ്പ് കാലത്ത് വാർത്തയിൽ ഇടംപിടിക്കാൻ ബിജെപി നേതൃത്വം നടത്തിയ ഇടപെടലാണ് ഇതെന്ന് ആക്ഷേപമുയർന്നു. ഗുണഭോക്താക്കളെന്ന പേരിൽ എത്തിച്ചവർക്ക് എത്ര ഇഷ്ടിക നൽകി എന്ന കണക്കുമില്ല. എൽഡിഎഫ് ഭരിക്കുന്ന കാലത്ത് വളരെ സുതാര്യമായാണ് വിതരണം ചെയ്തത്.
2018ൽ വി കെ പ്രശാന്ത് മേയറായിരുന്നപ്പോഴാണ് ലൈഫ്, പിഎംഎവൈ പദ്ധതികളിലുൾപ്പെട്ടവർക്ക് ഇത്തരത്തിൽ ഇഷ്ടിക നൽകാൻ തീരുമാനിച്ചത്. ആര്യ രാജേന്ദ്രനും ഇത് തുടർന്നു. ഇക്കാലയളവിൽ 52 വീടുകൾ നിർമിക്കുന്നതിന് ഇഷ്‌ടിക നൽകി. 2019ൽ–6, 2023ൽ–17, 2025–ൽ അതിദരിദ്ര പട്ടികയിലുള്ള 24 പേർക്കും ഇഷ്ടിക വിതരണം ചെയ്തു.










0 comments