print edition അട്ടപ്പള്ളം ആർഎസ്എസ് ആൾക്കൂട്ടക്കൊല: 8 പ്രതികളുടെ ജാമ്യം റദ്ദാക്കി

സ്വന്തം ലേഖിക
Published on Mar 20, 2026, 12:01 AM | 1 min read
കൊച്ചി: പാലക്കാട് അട്ടപ്പള്ളത്ത് അതിഥിതൊഴിലാളിയെ ആൾക്കൂട്ടക്കൊലചെയ്‌ത കേസിൽ അഞ്ച് ആർഎസ്‌എസുകാരുൾപ്പെടെ എട്ട് പ്രതികളുടെ ജാമ്യം ഹെെക്കോടതി റദ്ദാക്കി. പ്രതികൾ മൂന്നുദിവസത്തിനകം കീഴടങ്ങിയില്ലെങ്കിൽ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ ജസ്റ്റിസ് എ ബദറുദ്ദീൻ ഉത്തരവിട്ടു. ബംഗ്ലാദേശിയെന്ന് ആരോപിച്ചാണ് ജാർഖണ്ഡ് സ്വദേശിയായ അതിഥിത്തൊഴിലാളി രാം നാരായൺ ഭാഗേലിനെ ആർഎസ്‌എസുകാരടങ്ങിയ സംഘം മർദിച്ചുകൊന്നത്. അട്ടപ്പള്ളം സ്വദേശികളായ അനു, ആനന്ദൻ, രാജേഷ്, ഷാജി, ജഗദീഷ്‌കുമാർ, പ്രസാദ്, മുരളി, വിപിൻ എന്നിവരാണ് പ്രതികൾ. ഇതിൽ അനു, പ്രസാദ്, മുരളി, വിപിൻ, ഷാജി എന്നിവർ സജീവ ആർഎസ്‌എസ് പ്രവർത്തകരാണ്. പട്ടികവിഭാഗക്കാർക്കെതിരായ അതിക്രമക്കേസ് പരിഗണിക്കുന്ന പാലക്കാട് പ്രത്യേക കോടതിയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. ഇത് ചോദ്യംചെയത് സർക്കാർ നൽകിയ അപ്പീലിലാണ് നടപടി.
ജാമ്യം അനുവദിച്ചതിൽ വിചാരണക്കോടതിക്ക് ഗുരുതര പിഴവുണ്ടായെന്ന് ഹൈക്കോടതി വിലയിരുത്തി. ആൾക്കൂട്ടക്കൊല വധശിക്ഷവരെ കിട്ടാവുന്ന കുറ്റമാണ്. ജോലിതേടി വന്നയാളെ ജന്മസ്ഥലത്തിന്റെ പേരിൽ വിവേചനമുയർത്തിയാണ് കൊലപ്പെടുത്തിയത്. കേസിൽ അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും പ്രതികളിൽ അഞ്ചുപേർക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും കോടതി പരാമർശിച്ചു. കൊല്ലപ്പെട്ടയാളുടെ ആശ്രിതരെ നിർബന്ധമായും കേൾക്കണമെന്ന വ്യവസ്ഥയും പ്രത്യേക കോടതി പാലിച്ചില്ല. യാന്ത്രികവും മനസ്സിരുത്താതെയുമാണ് ഈ നടപടിയെന്ന് വിമർശിച്ച കോടതി, അന്വേഷണഘട്ടത്തിൽ 60 ദിവസംവരെ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വയ്ക്കാമെന്നും ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഡിസംബർ 17നാണ് ഭാഗേൽ കൊല്ലപ്പെട്ടത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വിപിൻ നാരായണൻ ഹാജരായി.











0 comments