print edition അട്ടപ്പള്ളം ആൾക്കൂട്ട കൊലപാതകം: ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു

സ്വന്തം ലേഖകർ
Published on Jun 03, 2026, 12:00 AM | 1 min read
മണ്ണാർക്കാട്/പാലക്കാട്: അട്ടപ്പള്ളത്തെ ആൾക്കൂട്ട കൊലപാതകത്തിൽ ചൊവ്വാഴ്ച മണ്ണാർക്കാട് എസ്-സി/എസ്ടി കോടതിയിൽ ക്രൈംബ്രാഞ്ച് അന്വേഷകസംഘം കുറ്റപത്രം സമർപ്പിച്ചു. തെളിവെടുപ്പ് പൂർത്തിയാക്കിയശേഷമാണ് കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് ഡിവൈഎസ്-പി പി എം ഗോപകുമാറിന്റെ നേതൃത്വത്തിൽ 2,074 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. ആൾക്കൂട്ട ആക്രമണത്തിലാണ് അതിഥിത്തൊഴിലാളി കൊല്ലപ്പെട്ടതെന്നും പ്രതികളായ ഒമ്പതുപേരും കുറ്റക്കാരാണെന്നും ഇതിലുണ്ട്. അട്ടപ്പള്ളം സ്വദേശികളായ എ അനു, എം ആനന്ദൻ, പി രാജേഷ്, ഷാജി, പി ജഗദീഷ്‌കുമാർ, കെ വിനോദ്, കെ പ്രസാദ്, മുരളി, വിപിൻ എന്നിവരാണ് പ്രതികൾ. ആറാംപ്രതി കെ വിനോദ് ആത്മഹത്യ ചെയ്തിരുന്നു.
2025 ഡിസംബർ 17നാണ് ഛത്തീസ്‌ഗഢ് സ്വദേശി രാം നാരായൺ ഭാഗേൽ ആൾക്കൂട്ട ആക്രമണത്തിനിരയായത്. മോഷ്ടാവാണെന്ന് ആരോപിച്ച് നാട്ടുകാർ തടഞ്ഞുവച്ച് മർദിക്കുകയായിരുന്നു. ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ അന്ന് രാത്രി മരിച്ചു.
കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ കുറ്റപത്രം, കേസ് ഡയറി, മറ്റ് അനുബന്ധ രേഖകൾ എന്നിവയുടെ പരിശോധന കോടതിയുടെ മേൽനോട്ടത്തിൽ ആരംഭിച്ചു. പരിശോധനയിൽ പിഴവ് കണ്ടെത്തിയാൽ അവ പരിഹരിക്കാൻ കുറ്റപത്രം തിരികെ നൽകും. രേഖകൾ കൃത്യമായാൽ ഫയലിൽ സ്വീകരിക്കും. തുടർന്ന് കോടതിയിൽ ഹാജരാകാനുള്ള സമൻസ് പ്രതികൾക്ക് അയക്കും.
കേസിൽ പിടിച്ചെടുത്ത പ്രതികളുടെ മൊബൈൽ ഫോണുകളടക്കമുള്ള ശാസ്ത്രീയ തെളിവുകൾ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ഫലം ലഭ്യമാകാൻ സമയമെടുക്കും. ഇവ വിചാരണ ആരംഭിക്കുംമുമ്പ് കോടതിയിലെത്തിക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചിട്ടുണ്ട്. മറ്റ് പ്രധാന തെളിവുകളും രേഖകളും അന്വേഷകസംഘം ഹാജരാക്കിയിട്ടുണ്ട്. കുറ്റപത്രം സമർപ്പിച്ചതോടെ കേസിന്റെ വിചാരണയും ഉടൻ ആരംഭിക്കും.










0 comments