Deshabhimani

print edition ‘മണ്ണ്‌ തന്തവര്‌’

KAALI.
വെബ് ഡെസ്ക്

Published on Mar 22, 2026, 03:26 AM | 1 min read

അട്ടപ്പാടി : ‘അറുപത്‌ വർസ മുന്ന്ക് ഇറുന്ത് എമ്ക്ക്‌ ഭൂമി കിടാക്കിത്. അന്ത്റുന്ത് കൈവസ സർട്ടിഫിക്കറ്റ്ക്ക് വേണ്ടി എലൈന്ത് നടന്തേമ്. ഈ സർക്കാറ്തെ വേണ്ടി വന്ത്‌ എമ്ക്ക് പട്ടയം കിടക്കത്‌ക്ക്‌’– തലമുറകൾ താണ്ടിയ കാത്തിരിപ്പിനൊടുവിൽ കിട്ടിയ അവകാശത്തിന്റെ കടലാസ്‌ മുറുകെപ്പിടിച്ച്‌ കാളി പറഞ്ഞു. 60 വർഷം മുമ്പുതന്നെ ഭൂമിയുണ്ടായിട്ടും കൈവശ രേഖകൾക്കായി അലഞ്ഞുനടക്കേണ്ടിവന്ന കാലമാണ്‌ അവരുടെ വാക്കുകളിൽ. ഈ സർക്കാർ വേണ്ടിവന്നു ഞങ്ങൾക്ക് പട്ടയം കിട്ടാൻ എന്നു പറഞ്ഞു നിർത്തുമ്പോൾ ആ കണ്ണുകളിൽ സന്തോഷം നിറഞ്ഞു.

അട്ടപ്പാടി അഗളി നരസിമുക്കിൽ കിലോമീറ്ററുകൾ കുന്നിറങ്ങിയും കയറിയും പട്ടയത്തിനുവേണ്ടി മൂന്ന്‌ തലമുറ തുടർന്ന അലച്ചിലിനാണ്‌ എൽഡിഎഫ്‌ സർക്കാരിന്റെ കരുതലിൽ അറുതിയായത്‌. 1960കളിൽ കാളിയുടെ ഭർത്താവിന്റെ മുത്തച്ഛൻ വട്ടിമൂപ്പൻ മുതൽ കൈവശമുള്ളതാണ്‌ ഭൂമി. അക്കാലം മുതൽ, നടന്ന്‌ മണ്ണാർക്കാട്ടെത്തി കയറിയിറങ്ങാത്ത ഓഫീസുകളില്ല. പതിറ്റാണ്ടുകൾക്കുശേഷം ഇ‍ൗ മാർച്ചിൽ വനാവകാശ നിയമ പ്രകാരം രണ്ടേക്കർ ഭൂമിയുടെ അവകാശികളായി കാളിയെയും മകൻ ശെൽവനെയും സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു.

‘വട്ടിമൂപ്പന്റെ മകന്റെ മകനാണ്‌ എന്റെ ഭർത്താവ്‌ മുരുകൻ. അവർ മൂന്നുപേരും ഭൂമിക്ക്‌ അവകാശമെന്ന സ്വപ്‌നം പൂർത്തിയാക്കുംമുമ്പ്‌ മരിച്ചു. ഞങ്ങളുടെ കണ്ണീരുകണ്ടത്‌ ഇ‍ൗ സർക്കാരാണ്‌. ഇനി എനിക്കും മകനും ഇവിടെ ഒരു വീട്‌ വേണം. ഞങ്ങടെ ഭൂമിയിൽ വീട്‌’– പട്ടയം കിട്ടിയ ഭൂമിയിലേക്ക്‌ ചൂണ്ടി കാളി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home