Deshabhimani

അട്ടപ്പാടിയിലേത് ശിശുമരണമല്ല, ശിശുഹത്യ: എം ബി രാജേഷ്

MB Rajesh.jpg

എം ബി രാജേഷ്‌

വെബ് ഡെസ്ക്

Published on Oct 23, 2026, 04:11 PM | 3 min read

തിരുവനന്തപുരം: കഴിഞ്ഞ 10 വർഷം കേൾക്കാതിരുന്ന വാർത്തകളാണ് ഇപ്പോൾ അട്ടപ്പാടിയിൽ നിന്നും കേൾക്കുന്നതെന്നും അവിടെ നടക്കുന്നത് ശിശുമരണമല്ല ശിശുഹത്യയാണെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം എം ബി രാജേഷ്‌ പറഞ്ഞു. യുഡിഎഫ് ഭരണമാണ് ഈ ഇതിനുത്തരവാദി.


ഇടതു ഭരണം ആയിരുന്നെങ്കിൽ ഈ മരണങ്ങൾ വലിയ വിവാദമാകുമായിരുന്നു. മാധ്യമങ്ങൾ എന്തുകൊണ്ട് ഇതൊരു ചർച്ചാവിഷയമാക്കുന്നില്ലെന്ന് എം ബി രാജേഷ് ചോദിച്ചു. കഴിഞ്ഞ 10 വർഷത്തിനിടെ അട്ടപ്പാടിയിലെ ശിശുമരണങ്ങൾ ഇല്ലാതാക്കുവാൻ ഇടതുപക്ഷം സ്വീകരിച്ച മുൻകരുതലുകളും അന്ന് പാർടി സെക്രട്ടറിയായിരുന്ന പിണറായി വിജയൻ ഉൾപ്പടെയുള്ളവർ അട്ടപ്പാടി സന്ദർശിക്കുന്നതിന്റെ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചു.


ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം;


മരണം മടങ്ങി വന്ന മലമടക്കുകൾ


13 വർഷം മുമ്പ് ഒരു വിഷുത്തലേന്നാണ് അട്ടപ്പാടിയിൽ നിന്ന് ഒരു ഫോൺ കോൾ എനിക്ക് വരുന്നത്. ഞാനന്ന് എംപിയാണ്. വിളിച്ചത് ആദിവാസികൾക്കിടയിൽ പ്രവർത്തിക്കുന്ന തമ്പ് എന്ന സന്നദ്ധ സംഘടനയുടെ പ്രവർത്തകനായ രാമു ആയിരുന്നു. അട്ടപ്പാടിയിൽ നിരവധി നവജാത ശിശുക്കൾ പോഷകാഹാര കുറവ് മൂലം മരിച്ചിട്ടുണ്ട് എന്ന സ്തോഭജനകമായ വിവരമാണ് രാമു അറിയിച്ചത്. പിറ്റേന്ന് വിഷുദിനത്തിൽ തന്നെ ഞാനവിടെ എത്തി. പാർട്ടി പ്രവർത്തകരെയും രാമുവിനെ പോലുള്ള സന്നദ്ധ പ്രവർത്തകരെയും കൂട്ടി ഊരുകൾ കയറിയിറങ്ങി. കണ്ടെത്തൽ ഞെട്ടിക്കുന്നതായിരുന്നു. പോഷകാഹാരമില്ലാതെ മരിച്ച 64 നവജാത ശിശുക്കളുടെ വിവരം ശേഖരിച്ചു. അവരുടെ അച്ഛനമ്മമാരേയും കണ്ടു. പിറ്റേന്ന് പാലക്കാട് പത്രസമ്മേളനത്തിൽ ഈ വിവരങ്ങൾ പുറത്തുവിട്ടു.


തുടക്കത്തിൽ ജില്ലാ പേജിലെ വാർത്ത മാത്രമായിരുന്നു ദി ഹിന്ദുവും ദേശാഭിമാനിയും ഒഴികെയുള്ള മാധ്യമങ്ങൾക്ക് ഈ കൂട്ടമരണങ്ങൾ. ആരും അട്ടപ്പാടിയിലെ ആദിവാസി കുഞ്ഞുങ്ങളുടെ മരണം അന്വേഷിച്ചു പോയില്ല. അതിനിടയിലാണ് അന്ന് ഇന്ത്യ വിഷനിലെ അവതാരകയായിരുന്ന വീണാ ജോർജ് മറ്റൊരു വിഷയത്തിൽ ചർച്ചയ്ക്ക് എന്നെ വിളിക്കുന്നത്. അട്ടപ്പാടിയിലെ നവജാത ശിശുക്കളുടെ മരണം ചർച്ച ചെയ്യാത്തതിലുള്ള പ്രതിഷേധം അറിയിച്ച ഞാൻ മറ്റൊരു ചർച്ചക്കും തൽക്കാലം വരുന്നില്ലെന്നും പറഞ്ഞു.അടുത്ത ദിവസം ഇന്ത്യ വിഷനിൽ വീണാ ജോർജ് ഈ വിഷയത്തെ മുൻനിർത്തി പ്രൈം ടൈം ചർച്ച നടത്തി. ആദ്യമായി ഒരു മുഖ്യധാര മാധ്യമം ഈ പ്രശ്നം ഏറ്റെടുത്തു. തുടർന്ന് മറ്റു മാധ്യമങ്ങൾക്കും അത് ഏറ്റെടുക്കാതെ വഴിയില്ലെന്നായി.


അന്ന് പാർട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന സഖാവ് പിണറായി അട്ടപ്പാടി സന്ദർശിച്ചു. പ്രശ്നം സംസ്ഥാന അടിസ്ഥാനത്തിൽ ഉയർന്നു വന്നു. അന്നത്തെ യുഡിഎഫ് സർക്കാർ ആദ്യം അവഗണിക്കാൻ ശ്രമിച്ചു. ഒരു ദിവസം എനിക്ക് സഖാവ് പിണറായിയുടെ ഒരു കോൾ വന്നു.” ആരോഗ്യം എങ്ങനെ” എന്ന അന്വേഷണം കേട്ടപ്പോൾ ഞാൻ ഒന്ന് അമ്പരന്നു. അട്ടപ്പാടി ശിശു മരണ വിഷയത്തിൽ ഒരു അനിശ്ചിതകാല നിരാഹാരത്തിന് തയ്യാറാണോ എന്ന് അന്വേഷിക്കുകയായിരുന്നു അദ്ദേഹം. ഞാൻ സന്നദ്ധത അറിയിച്ചു. പാർട്ടിക്കുവേണ്ടി എംപിയായ ഞാൻ നിരാഹാരമാരംഭിച്ചു.


നാലു ദിവസം പിന്നിട്ടപ്പോൾ ആദ്യം അവഗണിച്ച ഉമ്മൻചാണ്ടി സർക്കാർ ചർച്ചയ്ക്ക് തയ്യാറായി. സമരത്തിൽ ഉന്നയിച്ച മിക്കവാറും എല്ലാ ആവശ്യങ്ങളും അംഗീകരിച്ചു. അങ്ങനെയാണ് അട്ടപ്പാടിയിൽ 100 തൊഴിൽദിനം അധികമായി ഉണ്ടായതും കമ്മ്യൂണിറ്റി കിച്ചണുകൾ ആരംഭിച്ചതും.മേൽനോട്ടത്തിനായി ഞാൻ ചെയർമാനും സബ് കളക്ടറായ ഐഎഎസ് ഓഫീസർ പി.ബി.നൂഹ് കൺവീനറുമായ മോണിറ്ററിംഗ് കമ്മറ്റിയും സർക്കാർ സമ്മതിച്ചു. മോണിറ്ററിങ്ങ് കമ്മിറ്റി കൃത്യമായി ചേർന്ന് കാര്യങ്ങൾ വിലയിരുത്തി.സ്ഥിതിഗതികൾ മെച്ചപ്പെട്ടു തുടങ്ങി. 2016 ൽ മുഖ്യമന്ത്രിയായ ഉടൻ പിണറായി അട്ടപ്പാടി സന്ദർശിച്ചു. എൽഡിഎഫ് സർക്കാരിന്റെ 10 വർഷവും അട്ടപ്പാടി മുൻഗണനാ വിഷയമായിരുന്നു. വകുപ്പുകളുടെ ഏകോപനം, സമഗ്രമായ പദ്ധതികൾ, സൂക്ഷ്മമായ നിർവഹണം എന്നിവ ഉറപ്പാക്കി. മില്ലറ്റ് വില്ലേജ് പോലുള്ള പദ്ധതികൾ സർക്കാർ നടപ്പാക്കി.പ്രതിപക്ഷത്തിനോ, തെറ്റ് മാത്രം കണ്ടുപിടിക്കാൻ നടക്കുന്ന മാധ്യമങ്ങൾക്കോ ശിശു മരണം എന്നൊരു വാക്ക് പോലും ഈ 10 വർഷം ഉച്ചരിക്കാൻ കഴിഞ്ഞിട്ടില്ല.


കേരളത്തിൽ ഭരണം മാറി. യുഡിഎഫ് സർക്കാർ വന്നു ആറുമാസം തികഞ്ഞില്ല. അട്ടപ്പാടിയും മാറ്റം അനുഭവിച്ചു തുടങ്ങി. 10 വർഷം ഇല്ലാതിരുന്ന ശിശു മരണങ്ങൾ എത്ര പെട്ടെന്നാണ് അട്ടപ്പാടിയിലെ ആദിവാസി ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. യുഡിഎഫ് ഭരണത്തിനൊപ്പം അവർ അട്ടപ്പാടിയിലേക്ക് കുഞ്ഞുങ്ങളുടെ കാലനെയും തിരിച്ചെത്തിച്ചിരിക്കുന്നു. ഇടത് ഭരണം ആയിരുന്നെങ്കിൽ ഈ മരണങ്ങൾ ആഘോഷിക്കപ്പെടുമായിരുന്നു. എന്നാൽ യുഡിഎഫ് ഭരണമായതിനാൽ അന്നത്തെ പോലെ ഇപ്പോഴും മാധ്യമങ്ങൾ അറിഞ്ഞ മട്ടില്ലാതെ ഉറക്കം നടിക്കുകയാണ്. മാധ്യമങ്ങൾ എന്തുകൊണ്ട് ഇതൊരു ചർച്ചാവിഷയമാക്കുന്നില്ല? കാരണം വ്യക്തമാണ്. അട്ടപ്പാടിയിലേത് വെറും ശിശു മരണമല്ല, ശിശുഹത്യയാണ്. യുഡിഎഫ് ഭരണമാണ് ഈ ശിശുഹത്യയുടെ ഉത്തരവാദികൾ. യുദ്ധഭൂമിയായ പാലസ്തീനിലല്ല, ഇവിടെ ഈ കേരളത്തിലെ അട്ടപ്പാടിയിലാണ് ഈ ശിശുഹത്യ. കേരളത്തിന്റെ മനസ്സാക്ഷി ഉണരട്ടെ







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home