print edition ആനക്കട്ടി ആശുപത്രിയിൽ ഒപി തടസ്സപ്പെട്ടു; അട്ടപ്പാടിയിൽ ഡോക്‌ടറെ പിരിച്ചുവിട്ടു

വേണു കെ ആലത്തൂർ
Published on Nov 05, 2026, 01:30 AM | 1 min read
പാലക്കാട് : അട്ടപ്പാടിയിൽ ശിശുമരണം തുടരുമ്പോൾ, ഡോക്‌ടർമാരെ നിയമിക്കുന്നതിന് പകരം നിലവിലുള്ളയാളെ പിരിച്ചുവിട്ട് ആരോഗ്യവകുപ്പ്. എൻഎച്ച്‌എമ്മിന് കീഴിലുള്ള താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടുന്ന കൂട്ടത്തിൽ ആനക്കട്ടി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്‌ടറെയും ഒഴിവാക്കി. ഇതോടെ ആശുപത്രിയുടെ പ്രവർത്തനം പകൽ രണ്ടുവരെയാക്കി കുറച്ചു.
മുൻപ് വൈകിട്ട് ആറുവരെയായിരുന്നു ഒപി പ്രവർത്തനം. എൽഡിഎഫ് സർക്കാരാണ് എല്ലാ ആശുപത്രികളിലും ഒപി സമയം വൈകിട്ട് ആറുവരെയാക്കിയത്. ഇതിനായി താൽക്കാലിക ഡോക്‌ടർമാർ ഉൾപ്പെടെയുള്ളവരുടെ സേവനം ഉപയോഗിച്ചു. മുൻ സർക്കാർ നിയമിച്ചവരാണ് എന്ന ഒറ്റ കാരണത്താലാണ് ആനക്കട്ടി ആശുപത്രിയിലെ ഡോക്‌ടറെയും ഒഴിവാക്കിയത്. മൂന്ന് ദിവസമായി ഇവിടെ പകൽ ഒന്നുവരെമാത്രമേ ഒപി പ്രവർത്തിക്കുന്നുള്ളൂ.
അഗളി കമ്യൂണിറ്റി ഹെൽത്ത് സെന്ററിന് കീഴിലാണ് ആനക്കട്ടി കുടുംബാരോഗ്യ കേന്ദ്രം. കഴിഞ്ഞ നാലുമാസത്തിനിടയിൽ നവജാത ശിശുക്കൾ ഉൾപ്പെടെ 10 കുട്ടികൾ അട്ടപ്പാടിയിൽ മരിച്ചിട്ടും യുഡിഎഫ് സർക്കാർ തിരിഞ്ഞുനോക്കിയില്ല. അതിനിടയിലാണ് ഏക ആശ്രയമായ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനംകൂടി തടസ്സപ്പെടുത്തുന്നത്. പുതിയ ഡോക്‌ടർ ചുമതലയെടുത്താലെ ഇനി ഒപി സമയം ദീർഘിപ്പിക്കുകയുള്ളൂ.
ആഴ്‌ചയിൽ രണ്ട് തവണ ഉൗരുകളിൽ മെഡിക്കൽ ക്യാമ്പ് നടത്തിയിരുന്ന മൊബൈൽ ക്ലിനിക്കുകൾ സർക്കാർ നിർത്തുകയും ചെയ്തു. കോട്ടത്തറ ട്രൈബൽ സ്‌പെഷാലിറ്റി ആശുപത്രിയിൽ ആദിവാസികൾക്ക് മതിയായ പരിചരണം ലഭിക്കുന്നില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്.









0 comments