കൊന്നുകുഴിച്ചിട്ടത് തന്നെ; വള്ളിയമ്മയുടെ മരണത്തിൽ കുറ്റംസമ്മതിച്ച് ഭർത്താവ്

വള്ളിയമ്മ. പഴനിയപ്പൻ
അട്ടപ്പാടി: അട്ടപ്പാടി പുതൂർ ഉൾമേഖലയിലെ ഉന്നതി ആഞ്ചക്കക്കൊമ്പിൽ മരിച്ച ആദിവാസി സ്ത്രീ ഇലച്ചിവഴി സ്വദേശിനി വള്ളിയമ്മയെ (49) കൊലപ്പെടുത്തിയതാണെന്ന് പിടിയിലായ ഭർത്താവ് പഴനിയപ്പൻ (43) കുറ്റം സമ്മതിച്ചു. പൊലീസിന്റെ ചോദ്യംചെയ്യലിലാണ് ഇരുവരും തമ്മിലുള്ള തർക്കത്തിനിടെ വള്ളിയമ്മയെ കൊലപ്പെടുത്തിയെന്നും മൃതദേഹം വനത്തിൽ കുഴിച്ചിടുകയായിരുന്നുവെന്നും പഴനിയപ്പൻ മൊഴിനൽകിയത്. രണ്ട് മാസം മുൻപാണ് വള്ളിയമ്മയെ കാണാതായത്. തുടർന്ന് മക്കൾ പരാതിപ്പെട്ടിരുന്നു. പഴനിയപ്പനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.
ഭർത്താവ് മരിച്ചശേഷം വള്ളിയമ്മ പഴനിയപ്പനൊപ്പമാണ് ജീവിച്ചത്. ഇയാൾക്ക് ഭാര്യയും രണ്ട് മക്കളുമുണ്ട്. രണ്ടാളും പുതൂർ ഇലച്ചിവഴി ഉന്നതി സ്വദേശികളാണെങ്കിലും ഉൾപ്രദേശമായ ആഞ്ചക്കക്കൊമ്പ് ഉന്നതിയിലായിരുന്നു താമസം.
ജൂണിൽ ഒരു സ്ത്രീ നൽകിയ പീഡന പരാതിയിൽ പഴനിയപ്പൻ റിമാൻഡിലായിരുന്നു. ആഗസ്ത് എട്ടിന് വള്ളിയമ്മയും പഴനിയപ്പന്റെ സുഹൃത്തും ചേർന്ന് ജാമ്യത്തിലിറക്കി. ജാമ്യത്തിലിറക്കാൻ സഹായിച്ച സുഹൃത്തുമായി വള്ളിയമ്മയ്‌ക്ക് സൗഹൃദമെന്ന സംശയത്തിൽ വൈകാതെ മർദനം തുടങ്ങി. കുമ്പളങ്ങത്തോട്ടത്തിൽ വെള്ളം എത്തിക്കാൻ ഉൾവനത്തിൽ സ്ഥാപിച്ച കുഴലിലെ കേടുപാടുകൾ തീർക്കാൻ ആഗസ്ത് 17ന് ഇവർ പോയി. യാത്രയ്‌ക്കിടയിൽ സുഹൃത്തുമായുള്ള ബന്ധത്തെ ചൊല്ലി വീണ്ടും ഇയാൾ വള്ളിയമ്മയെ ക്രൂരമായി മർദിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു.
രണ്ടുമാസമായി അമ്മയെ കാണാനില്ലെന്ന് കാണിച്ച് വള്ളിയുടെ മകൻ ഈശ്വരൻ (32) ഈ മാസം 13ന് നൽകിയ പരാതിയിൽ അന്വേഷണം നടത്തിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. കൊക്കയിൽവീണ് മരിച്ചെന്നാണ് ആദ്യം പഴനിയപ്പൻ പറഞ്ഞത്.
ശനിയാഴ്ച പൊലീസ് സർജന്റെ സാന്നിധ്യത്തിൽ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തിയശേഷമേ അറസ്റ്റ് ഉൾപ്പടെയുള്ള നടപടികൾ സ്വീകരിക്കുവെന്ന് പൊലീസ് പറഞ്ഞു. അഗളി ഡിവൈഎസ്‌പി ആർ അശോക്, പുതൂർ എസ്ഐ വി അബ്ദുൾ സലാം, ഷോളയൂർ സിഐ സനൽരാജ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അന്വേഷണം.










0 comments