Deshabhimani

print edition അട്ടപ്പാടി ശിശു മരണം; തിരിഞ്ഞുനോക്കാതെ 
മന്ത്രിമാരും എംപിയും

Attappadi Infant Death
avatar
വേണു കെ ആലത്തൂർ

Published on Oct 29, 2026, 01:30 AM | 1 min read

പാലക്കാട്‌ : ഒരാഴ്‌ചയ്‌ക്കിടെ നാല് നവജാത ശിശുക്കൾ ഉൾപ്പെടെ നാലുമാസത്തിനിടെ 10 ശിശുക്കൾ മരിച്ച അട്ടപ്പാടിയിലേക്ക്‌ തിരിഞ്ഞുനോക്കാതെ ഉത്തരവാദപ്പെട്ട മന്ത്രിമാരും എംപിയും. അട്ടപ്പാടി ഉൾപ്പെടുന്ന മണ്ണാർക്കാട്‌ മണ്ഡലത്തിലെ എംഎൽഎയാണ്‌ മന്ത്രി എൻ ഷംസുദ്ദീൻ. ഇത്രയും കുട്ടികൾ മരിച്ചിട്ടും കാര്യമെന്താണെന്ന്‌ അന്വേഷിക്കാൻ അദ്ദേഹം തയ്യാറായിട്ടില്ല.


സ്‌കൂളുകളിൽ ആദിവാസി വിദ്യാർഥികൾക്ക്‌ പ്രഭാതഭക്ഷണം നൽകാൻ ജില്ലാ പഞ്ചായത്ത്‌ അനുവദിച്ച ഫണ്ട്‌ ചെലവഴിക്കാതെ വിദ്യാഭ്യാസ വകുപ്പ്‌ പിടിച്ചുവച്ചതുപോലും ആ വകുപ്പ്‌ കൈാര്യം ചെയ്യുന്ന മന്ത്രിക്കറിയില്ല. പട്ടികവർഗക്കാരുടെ ക്ഷേമം കൈകാര്യം ചെയ്യുന്ന മന്ത്രിയാണ്‌ പാലക്കാട്‌ ജില്ലയിൽനിന്നുള്ള കെ എ തുളസി. അട്ടപ്പാടിയിലെ നിലവിലെ ഗുരുതരാവസ്ഥയെക്കുറിച്ച്‌ ഒരു വാർത്താക്കുറിപ്പുപോലും ഇതുവരെ അവർ പുറത്തിറക്കിയിട്ടില്ല.


പാലക്കാട്‌ ലോക്‌സഭാ മണ്ഡലം എംപിയും മന്ത്രി തുളസിയുടെ ഭർത്താവുമായ വി കെ ശ്രീകണ്‌ഠൻ ശിശുമരണത്തെക്കുറിച്ച്‌ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട്‌ പരിഹാസരൂപത്തിലാണ്‌ പ്രതികരിച്ചത്‌. പോഷകാഹാരത്തോട്‌ ആദിവാസികൾക്കുള്ള വിരക്തിയാണ്‌ ശിശുമരണം വർധിക്കാൻ ഇടയാക്കുന്നതെന്നാണ്‌ അദ്ദേഹത്തിന്റെ കണ്ടെത്തൽ.


വിവാദമാകുമെന്ന്‌ കണ്ടതോടെ അവിടെ നാല്‌ മൊബൈൽ ക്ലിനിക്ക്‌ യൂണിറ്റുകളിൽ മൂന്നെണ്ണം പ്രവർത്തിക്കുന്നുണ്ടെന്ന്‌ തിരുത്തി മാധ്യമപ്രവർത്തകരുടെ ഗ്രൂപ്പിൽ ശബ്‌ദസന്ദേശമിട്ടു. അട്ടപ്പാടി വിഷയം മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്താൻ ഉത്തരവാദപ്പെട്ടവർ തയ്യാറാകുന്നില്ല. ശിശുമരണം റിപ്പോർട്ട്‌ ചെയ്‌ത ദിവസങ്ങളിൽ ജില്ലയിൽ മന്ത്രിമാരുണ്ടായിട്ടും അട്ടപ്പാടി സന്ദർശിക്കാൻ സമയം കണ്ടെത്താത്തതും വിമർശനത്തിനിടയാക്കി.


പ്രതിഷേധം കനത്തതോടെ 31ന്‌ ആരോഗ്യമന്ത്രി സ്ഥലം സന്ദർശിക്കുമെന്ന്‌ അറിയിച്ചു. ആരോഗ്യവകുപ്പിലെ കൂട്ട സ്ഥലംമാറ്റം പ്രതിസന്ധി ഗുരുതരമാക്കിയിട്ടും പകരം നിയമനം നടത്താൻ ആരോഗ്യവകുപ്പ്‌ മടി കാണിക്കുകയാണ്‌. സർക്കാർ സ്‌പോർൺസർ ചെയ്യുന്ന കൂട്ടമരണമാണ്‌ അട്ടപ്പാടിയിൽ നടക്കുന്നതെന്ന ആരോപണവും ഉയർന്നു.


2021 നവംബറിൽ അട്ടപ്പാടിയിൽ നാല്‌ കുട്ടികൾ മരിച്ചപ്പോൾ അന്നത്തെ എൽഡിഎഫ്‌ സർക്കാർ യുദ്ധകാലാടിസ്ഥാനത്തിലാണ്‌ നടപടികളെടുത്തത്‌. ഉടൻ മന്ത്രി കെ രാധാകൃഷ്‌ണൻ അട്ടപ്പാടിയിൽ അവലോകന യോഗം വിളിക്കുകയും നിയമസഭാ സമിതി സ്ഥലം സന്ദർശിക്കുകയും ചെയ്‌തു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home